കുട്ടികള്‍ മൊബൈലിന് അഡിക്റ്റ് ആണോ..? എങ്കില്‍ സൂക്ഷിക്കുക
നിങ്ങളുടെ മക്കള്‍ മണിക്കൂറുകളോളം മൊബൈല്‍ ഫോണിന് മുന്നില്‍ കുത്തിയിരുന്ന് ഗെയിമുകള്‍ കളിക്കുന്നവരാണോ... എങ്കില്‍ സൂക്ഷിക്കുക, ഇത്തരത്തിലുള്ള ശീലങ്ങള്‍ നിങ്ങളുടെ വേണ്ടപ്പെട്ടവരെ വളരെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. സമയ നഷ്ടത്തിന് പുറമെ നമ്മുടെ ശാരീരിക, മാനസീക ആരോഗ്യത്തെയും ഇത്തരം ഗെയിമുകള്‍ നശിപ്പിക്കാൻ സാധ്യതയുണ്ട്.
ഇന്നത്തെക്കാലത്ത് വിവിധ ആവശ്യങ്ങള്‍ക്കായി ആളുകള്‍ ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഗെയിമുകളോടുള്ള പ്രത്യേക ആസക്തി നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം...
നിങ്ങളുടെ ഉല്പാദനക്ഷമത കുറയാൻ ഗെയിം അഡിക്ഷൻ കാരണമായേക്കാം. മാത്രമല്ല നിങ്ങളുടെ സമയവും പാഴായിക്കൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ടവരുമായി സംവദിക്കാൻ കഴിയാതെ വരുന്നതോടെ അവരുമായുള്ള ബന്ധവും അകന്നുപോയേക്കാം. ഇത് നിങ്ങളെ പിന്നീട് മാനസികമായി തളര്‍ത്തിയേക്കാം. ഒരാള്‍ ഒരു ഗെയിമിന് അടിമപ്പെട്ടാല്‍ ഒഴിവ് സമയം കിട്ടുമ്പോഴെല്ലാം ആ ഗെയിം കളിക്കാൻ ശ്രമിക്കും. ചില സമയങ്ങളില്‍ മറ്റുള്ള ആവശ്യങ്ങള്‍ തള്ളിവെച്ച് ഗെയിമിനായി സമയം കണ്ടെത്തുകയും ചെയ്യും. ഉറക്കം പോലും ഒഴിവാക്കി ഗെയിം കളിക്കുന്നവരും ഇന്നത്തെക്കാലത്ത് ധാരാളമാണ്. ഇത് നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും.
അസ്തീനോപ്പിയ എന്നാണ് ഈ അവസ്ഥയുടെ പേര്. അസ്തീനോപ്പിയ മൂലം കണ്ണുകളില്‍ അസ്വസ്ഥതയും തുടര്‍ച്ചയായി തലവേദന അനുഭവപ്പെടുകയും ചെയ്യും. പിന്നാലെ ക്രമേണ കാഴ്ച ശക്തി കുറയുകയും ചെയ്യുന്നു. ആയതിനാല്‍ ആന്റി-ഗ്ലെയര്‍ സ്പെക്സുകള്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. മാത്രമല്ല പ്ലേ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ചില ഗെയിമുകളില്‍ മാല്‍വെയറുകളും വൈറസും ഉള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്ലേ സ്റ്റോറിനെ മാത്രം വിശ്വസിച്ച് ഒരു ഗെയിമും ഇൻസ്റ്റാള്‍ ചെയ്യാതിരിക്കുക. ഫോണുകളുടെ തുടര്‍ച്ചയായ ഉപയോഗം നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു.
ആയതിനാല്‍ തന്നെ ഗെയിമുകളില്‍ അഡിക്‌ട് ആയവരില്‍ ഉൽകണ്ഠ, അമിതവണ്ണം, ഉറക്ക കുറവ്, മാനസിക സമ്മര്‍ദ്ദം എന്നിവ പൊതുവെ കണ്ടുവരുന്നുണ്ട്. ഒരു ഗെയിം കളിക്കാൻ നിങ്ങള്‍ ഇഷ്ടപ്പെടുന്നു എങ്കില്‍ കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കുകയും വ്യായാമത്തിനായി സമയം കണ്ടെത്തനും ശ്രമിക്കേണ്ടതാണ്.
കുട്ടികള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നത് അവരുടെ ശ്രദ്ധയെ ബാധിക്കാൻ കാരണമാകും. ആയതിനാല്‍ തന്നെ ഇത് വിദ്യാഭ്യാസത്തേയും തുടര്‍ന്നുള്ള അവരുടെ ഭാവിയേയും ദോഷകരമായി ബാധിക്കും. മൊബൈല്‍ഫോണുകളിലെ ഇലക്‌ട്രോമാഗ്നെറ്റിക് റേഡിയേഷനും കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചേക്കാം എന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
കുട്ടികള്‍ കാണുന്ന വീഡിയോകളും കളിക്കുന്ന ഗെയിമുകളും അവരുടെ സ്വഭാവ രൂപികരണത്തെയും ബാധിക്കുന്നുണ്ട്. കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ നല്ല കാര്‍ട്ടൂണുകളോ നല്ല സന്ദേശങ്ങളുള്ള വീഡിയോകളോ വച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. നിശ്ചിത സമയത്തേക്ക് മാത്രം മൊബൈല്‍ ഫോണുകള്‍ നല്‍കുക. കഴിയുന്നതും ഔട്ട് ഡോര്‍ കളികളിലും വിനോദങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുക.
കുട്ടികളില്‍ മോശമായ ചിന്തകള്‍ കുത്തിനിറയ്ക്കാൻ സാധിക്കുന്ന പലതും ഫോണുകളില്‍ ഉണ്ട്. അതിനാല്‍ മാതാപിതാക്കള്‍ ഫോണുകള്‍ ഇടയ്ക്കിടെ പരിശോധിക്കുക.
ഫോണ്‍ അഡിക്ഷൻ ഒഴിവാക്കാനുള്ള ചില വഴികളും നമ്മുക്ക് പരിശോധിക്കാം.
ഫോണ്‍ ഉപയോഗം കൂടുന്നുവെന്ന് മനസിലാക്കിയാല്‍ സ്വയം മാറാൻ ശ്രമിക്കുക. ഒഴിവ് സമയങ്ങള്‍ മറ്റെന്തെങ്കിലും വിനോദത്തിനായി മാറ്റിവെക്കുക. എപ്പോഴും സ്വയം തിരക്കിലാകാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുക. ഫോണുകളിലെ നോട്ടിഫിക്കേഷൻ സൗണ്ട് ഓഫ് ചെയ്ത് വെക്കുന്നതും ഫോണ്‍ അഡിക്ഷൻ കുറക്കാൻ സഹായിക്കും. കുട്ടികളുമായി സമയം ചിലവഴിക്കാൻ മാതാപിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്. കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്ന സമയം മാതാപിതാക്കളും അവര്‍ക്കൊപ്പം കൂടെ ഇരിക്കാനും ശ്രമിക്കുന്നത് നന്നായിരിക്കും.