ജീവിതത്തിൽ ഒരുപാട് അനുഭൂതി തരുന്ന, വെളിച്ചം തരുന്ന ഒരു യാത്ര നടത്തി തിരിച്ചുവന്നതിനു ശേഷം ദൈനംദിന ജീവിതത്തിലെ ജീവിക്കുന്ന നിമിഷങ്ങളെ കഴിയുന്നത്ര മൂല്യവത്തായി ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അവരാണ് യാത്ര ചെയ്തവര്‍. യഥാര്‍ത്ഥ യാത്രികര്‍.
ദീര്‍ഘമായ ഒരു യാത്ര കഴിഞ്ഞ് തിരിച്ചുവന്ന് വിശ്രമിക്കുമ്പോള്‍ നമ്മുടെ മുന്നിൽ ഒരു മനുഷ്യന് അവശനായി വന്നുനിന്നെന്ന് കരുതുക. ആ മനുഷ്യന്റെ കണ്ണിലേക്ക് നാം നോക്കുമ്പോൾ അയാളുടെ ആവശ്യങ്ങൾ തിരിച്ചറിയാനുള്ള ഒരു മനസ്സ് ആ യാത്ര നമുക്ക് നൽകിയിട്ടില്ലെങ്കില് നമ്മുടെ യാത്ര പരാജയമായിരുന്നെന്ന് പറയേണ്ടി വരും.
സങ്കുചിതമായ ജീവിതസങ്കല്പങ്ങളില് നിന്ന് കുറച്ചുകൂടി വിശാലമായിട്ടുള്ള അവബോധത്തിലേക്ക് നാം സ്വയം വികസിച്ചിട്ടുണ്ടെങ്കിൽ, കുറച്ചുകൂടി കരുതലുള്ളവരായി, കരുണയുള്ളവരായി, ഉണർവുള്ളവരായി നമ്മോടുചേർന്ന് ജീവിക്കുന്ന മനുഷ്യരെ കുറച്ചുകൂടി തുറന്നറിയാനുള്ള ഒരു മനസ്സുള്ളവരായി നാം മാറിയിട്ടുണ്ടെങ്കിൽ പറയാം, നമ്മൾ നന്നായി യാത്ര ചെയ്തിരുന്നു എന്ന്.
യാത്രക്ക് ശേഷം ജീവിതത്തിലുള്ള ആർത്തി കുറഞ്ഞിട്ടുണ്ടെങ്കിൽ, ധൃതികളൊക്കെ കുറഞ്ഞിട്ടുണ്ടെങ്കിൽ നാം നല്ല യാത്രികരാണ്. തന്റെ ഉത്തരവാദിത്തങ്ങളെ അല്ലെങ്കില്‍ താൻ ചെയ്യേണ്ടതായ കാര്യങ്ങളെ ക്ഷമയോടെയും സാവകാശത്തോടെയും ആസ്വാദ്യതയോടെയും ആത്മാർഥതയോടെയും സൗമ്യഹൃദയത്തോടെയും ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ നാം യാത്ര ചെയ്തിരുന്നെന്ന് പറയാം.