മെത്തകൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
എല്ലാ ദിവസവും ഏറ്റവും കുറഞ്ഞത് 7- 8 മണിക്കൂർ സമയം ഓരോരുത്തർക്കും സ്വന്തം മെത്തയിൽ ചിലവഴിക്കാറുണ്ട്. സുഖകരമായ ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനവുമാണ്. ചിലപ്പോഴെങ്കിലും ശരിയായ ഉറക്കം കിട്ടുന്നില്ല എന്ന് പരാതിപ്പെടാത്തവർ ഉണ്ടാവില്ല. ഇത് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടുതന്നെ ആവണമെന്നില്ല. കിടക്കുന്ന മെത്ത ശരിയായ വിധത്തിലല്ല ഉപയോഗിക്കുന്നത് എങ്കിൽ അത് ഉറക്കത്തിന് തടസ്സം സൃഷ്ടിക്കാൻ കഴിയും.
സുഖകരമായ ഉറക്കം ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ്. ശാരീരിക അവസ്ഥകൾക്ക് പുറമേ കിടക്കുന്ന മെത്തയ്ക്കും ഉറക്കം സുഖകരമാക്കുന്നതിൽ വലിയ പങ്കുണ്ട്. കാഴ്ചയ്ക്ക് കുഴപ്പമൊന്നുമില്ല എന്ന് തോന്നുമെങ്കിലും ചില മെത്തകൾ അതിന്റെ ഉപയോഗകാലാവധി കഴിഞ്ഞവയാവാം. അതിനാൽ യഥാസമയത്ത് പഴയത് മാറ്റി പുതിയ മെത്തകൾ വാങ്ങാൻ ശ്രദ്ധിക്കുക. എന്നാൽ പുതിയതായി മെത്തകൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
മെത്ത ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.
എല്ലാ മുറികളിലേക്കും ഒരേതരം കിടക്കകളാണ് പൊതുവേ എല്ലാവരും തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഉപയോഗിക്കുന്ന വ്യക്തികളുടെ പ്രായം, ഭാരം, ഉയരം എന്നിവയെല്ലാം മെത്ത വാങ്ങുമ്പോൾ കണക്കാക്കേണ്ടതുണ്ട്. ഉദാഹരണത്തിന് അൽപം പ്രായമായവർക്ക് കൂടുതൽ സോഫ്റ്റായ മെത്തൾക്ക് പകരം അൽപം ദൃഢമായതാവും യോജിച്ചത്. ശരീരഭാരം അധികമുള്ളവർക്കും തീരെ മൃദുവായ മെത്തകൾ യോജിച്ചെന്നു വരില്ല. ഉപയോഗിക്കുന്ന ആളുടെ അവസ്ഥ അനുസരിച്ച് വളരെ ശ്രദ്ധയോടെ വേണം മെത്തകൾ തിരഞ്ഞെടുക്കാൻ.
മെത്ത തിരഞ്ഞെടുക്കുമ്പോൾ വില മാത്രം കണക്കാക്കരുത്.മെത്ത വാങ്ങാൻ തീരുമാനിച്ചാൽ വിലയാവും ഏവരും ആദ്യം പരിഗണിക്കുക. ഏറ്റവും കുറഞ്ഞ വിലയിൽ കാണാൻ ഭംഗിയുള്ള മെത്തകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതായിരിക്കില്ല. കിടക്കുമ്പോൾ മൃദുലത അനുഭവപ്പെടുന്നതും അതേസമയം ശരീരത്തിന് മികച്ച രീതിയിൽ താങ്ങുനൽകുന്നതുമായ മെത്തകൾ മാത്രമേ തിരഞ്ഞെടുക്കാവൂ.
അതുപോലെ തന്നെ മെത്തകൾ വാങ്ങുമ്പോൾ കട്ടിലിന്റെ അളവിന് പാകമാണന്ന് ഉറപ്പുവരുത്തുക.
മെത്ത കണ്ടിഷ്ടപ്പെട്ടതുകൊണ്ട് മാത്രം അവ വാങ്ങാതെ അൽപസമയം അതിൽ കിടന്നു പരീക്ഷിക്കാം. ഉദ്ദേശിക്കുന്ന ഗുണനിലവാരം ഉണ്ടോ എന്നും കിടക്കുമ്പോൾ സുഖം പ്രദാനം ചെയ്യുന്നതാണോ എന്നും തിരിച്ചറിയാൻ ഇത് സഹായിക്കും. ദൃഢത അധികമുള്ള മെത്തകളും ഏറെ മൃദുവായ മെത്തകളും തിരഞ്ഞെടുക്കാതിരിക്കുകയാണ് നല്ലത്. ശരീരത്തിന്റെ പുറംഭാഗത്തെ സ്വാഭാവിക വളവിന് സപ്പോർട്ട് ചെയ്യുന്ന തരത്തിലുള്ളവ വാങ്ങാൻ ശ്രദ്ധിക്കുക.
മെത്തക്കടകളിൽ നിന്ന് തന്നെ വാങ്ങാൻ ശ്രമിക്കുക മെത്തകൾ മാത്രമായി വില്പനയ്ക്ക് വച്ചിരിക്കുന്ന കടകൾ ധാരാളമുണ്ട്. ഇത്തരം കടകളിൽ നിന്നും മെത്തകൾ വാങ്ങിയാൽ പലതരം മെത്തകൾ താരതമ്യം ചെയ്ത് ആവശ്യമുള്ളവ തിരഞ്ഞെടുക്കാൻ സാധിക്കും. ഇത്തരം കടകളിലെ വിൽപനക്കാർക്കും മെത്തകളെക്കുറിച്ച് കൃത്യമായ ധാരണയുള്ളതിനാൽ മികച്ചവ തിരഞ്ഞെടുക്കാൻ അവർ സഹായിക്കും.
പുറംവേദന പോലെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഇക്കാര്യം മുൻകൂട്ടി പറഞ്ഞാൽ അത് അനുസരിച്ചുള്ള മെത്തകൾ തിരഞ്ഞെടുക്കാനും സാധിക്കും.
സുഖമായി കിടക്കാൻ സാധിക്കുന്ന മെത്തയാണെങ്കിലും പലപ്പോഴും തലയിണകൾ അവയ്ക്ക് യോജിച്ചതല്ലെങ്കിൽ കഴുത്ത് വേദനയടക്കമുള്ള പ്രശ്നങ്ങൾ നിത്യസന്ദർശകരായിരിക്കും. അതിനാൽ മെത്തയ്ക്കൊപ്പം തലയിണകളും കൂടി നൽകുന്ന കമ്പനികൾ തന്നെ തിരഞ്ഞെടുക്കുക. നല്ല ഇനം മെത്തകൾക്ക് കുറഞ്ഞത് പത്ത് വർഷംവരെ വാറണ്ടി പല കമ്പനികളും നൽകാറുണ്ട്. ഈ കാലയളവിനുള്ളിൽ മെത്തയ്ക്കുവരുന്ന കേടുപാടുകൾ പരിഹരിക്കാൻ കമ്പനിയെ തന്നെ സമീപിക്കാവുന്നതാണ്. അതിനാൽ മെത്ത വാങ്ങുംമുമ്പ് വാറന്റി നോക്കാൻ മറക്കരുത്.
മെത്തകൾ വാങ്ങി ഉപയോഗിച്ചതിനുശേഷം നമ്മൾ നല്ലതുപോലെ ശ്രദ്ധിചാൽ മാത്രമേ അത് ദീർഘകാലം ഈടുനിൽക്കുകയുള്ളൂ.
മെത്ത വാങ്ങി കട്ടിലിൽ ഇട്ടുകഴിഞ്ഞാൽ കാലങ്ങളോളം മാറ്റമില്ലാതെ മെത്ത അതേ നിലയിൽ തുടരുകയാണ് പല വീടുകളിലെയും പതിവ്. മെത്ത ഉപയോഗത്തിൽ പലരും വരുത്തുന്ന ഒരു വീഴ്ചയാണിത്. ചുരുങ്ങിയത് മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും മെത്ത മറിച്ചിട്ട് മറുപുറം ഉപയോഗിക്കേണ്ടതാണ്. അത്തരത്തിലുള്ള മെത്തകൾ തന്നെ തിരഞ്ഞെടുക്കുകയും വേണം. പതിവായി കിടക്കുന്ന ഭാഗത്ത് കുഴിവുകൾ ഉണ്ടായി സുഖകരമായ ഉറക്കം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
മെത്തകൾ കണ്ടാൽ കുട്ടികൾ അതിൽ കയറി ചാടുന്നത് പതിവ് കാഴ്ചയാണ്. കുട്ടികളുടെ കുസൃതി എന്ന് കരുതി അത് ആസ്വദിക്കുന്നവരാവും അധികവും. എന്നാൽ ഇത് മെത്തകൾക്ക് വേഗത്തിൽ കേടുപാടുകൾ ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ. കുട്ടികൾ ചാടുമ്പോൾ പുറത്തെ തുണിയിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായതായി തോന്നില്ലെങ്കിലും മെത്തയ്ക്കുള്ളിലെ സ്പ്രിംഗുകൾക്കും ഫ്രെയിമിനുമെല്ലാം കാലപ്പഴക്കം ഇല്ലാതെ തന്നെ സാരമായ കേടുപാടുകൾ ഉണ്ടാകും.