നമ്മൾ എന്ത് ചെയ്താലും മറ്റുള്ളവർക്ക് എപ്പോഴും നമ്മളെപ്പറ്റി പറയാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാവും. അത് വ്യക്തിപരമായി എടുക്കാതിരിക്കാൻ ശ്രമിക്കുക . മറ്റുള്ളവരുടെ ജീവിതത്തിൽ സന്തുഷ്ടരല്ലാത്ത ആളുകൾ അവരെ വിലയിരുത്തുകയും വിമർശിക്കുകയും ചെയ്യും . നമുക്ക് ചെയ്യാനുള്ളത് നമ്മൾ ചെയ്യുക .അതിന് മറ്റുള്ളവരുടെ അംഗീകാര മോ സമ്മതപത്രമോ ആവശ്യമില്ല.
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ആവശ്യത്തിലധികം കടന്നുചെന്ന് അധികാരമോ അവകാശമോ കാണിക്കാതിരിക്കുക. നമ്മൾ സ്വയം വേദനിക്കാതിരിക്കാനും , ചിലഘട്ടങ്ങളിൽ അപമാനിതനാവാതിരിക്കാനും അത് തന്നെയാണ് നല്ലത് .
ചെയ്തു കഴിഞ്ഞാൽ ജീവിതത്തിൽ തിരിച്ചെടുക്കാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്.
നഷ്ടപ്പെടുത്തിയ അവസരം.. കഴിഞ്ഞുപോയ സമയം
പറഞ്ഞുപോയ വാക്കുകൾ
നഷ്ടപ്പെടുത്തിയ വിശ്വാസം..
നമ്മൾ ഒരാളെ പ്രതിസ്ഥാനത്ത് നിർത്തി കുറ്റപ്പെടുത്തുമ്പോൾ അയാളുടെ അവസ്ഥകൂടി
മനസ്സിലാക്കണം.സത്യം എന്തെന്നറിയാതെ നമ്മൾ ഉന്നയിക്കുന്ന ഓരോ വാക്കുകളും അവരിൽ
ചങ്ക് പൊട്ടുന്ന വേദനയാണ് സൃഷ്ടിക്കുക. ഇന്ന് നമ്മൾ
പുച്ഛിച്ചുതള്ളിയ ആളായിരിക്കാം നാളെ ഒരു പക്ഷേ നമുക്ക് ഉപകാരമായി വരിക. അതുകൊണ്ട് ആരെയും ചെറുതായി കാണാതിരിക്കുക . ശ്രദ്ധിക്കുക.. മറ്റുള്ളവരോട് പെരുമാറുമ്പോൾ മനോനിയന്ത്രണം പാലിക്കുക.
പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയാത്ത വേദനകളും നിരാശകളും ആണ് പലരെയും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഓർക്കുക കാലം മായ്ക്കാത്ത മുറിവുകളില്ല .. മനസ്സിലാക്കുക .. കാലത്തിനൊപ്പം പൊരുത്തപ്പെട്ട് ജീവിക്കാനുള്ള കഴിവ് എല്ലാവർക്കും പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച് നൽകിയിട്ടുണ്ട് .
നമുക്ക് ശരിയെന്ന കാര്യങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുക .കാരണം നമ്മുടെ ശരികൾ പറയാൻ നമ്മളേയുള്ളൂ.നമ്മുടെ തെറ്റുകൾ കണ്ടെത്തി വിളിച്ചു പറയാൻ നമുക്ക് ഏറ്റവും ഒരുപാട് പേരുണ്ട്.
പല ജീവിതങ്ങളും വഴിമുട്ടുന്നുന്നത് ഇഷ്ടപ്പെട്ടതിനെയെല്ലാം കൈപ്പിടിയിൽ എത്തിക്കാൻ ആവാത്തത് കൊണ്ടല്ല, അതോടൊപ്പം ജീവിതത്തിത്തിലേയ്ക്ക് ഒഴുകിയെത്തുന്ന ഇഷ്ടം ഇല്ലാത്തവയെ കൃത്യമായി കൈകാര്യം ചെയ്യാൻ അറിയാത്തത് കൊണ്ട് മാത്രമാണ്
അധികാരികളും, നേതാക്കളും മുഖസ്തുതിയുടെ മായയിൽ മുഴുകുമ്പോൾ കഠിനാധ്വാനികൾ ആരുമറിയാതെ അപ്രത്യക്ഷരാകും.മുഖസ്തുതിയുടെ മയക്കുവെടി ഏൽക്കാത്ത ബുള്ളറ്റ് പ്രൂഫ് രക്ഷാകവചങ്ങളാണ് മേലധികാരികൾക്ക് ഉണ്ടാവേണ്ടത്.
പറയുന്നതിന്റെ മനോഹാരിതയെക്കാൾ പ്രവർത്തിക്കുന്നതിന്റെ ഗുണമേന്മയ്ക്ക് അനുസരിച്ച് ആളുകളെ അംഗീകരിക്കാൻ തുടങ്ങിയാൽ എല്ലായിടവും പ്രശസ്തിയിലേക്കുയരും.തങ്ങളുടെ ചുറ്റും കറങ്ങിത്തിരിയുന്നവരെയല്ല, നിയോഗിച്ചിരിക്കുന്ന കർമ്മരംഗത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരെയാണ് അധികാരികൾ അന്വേഷിക്കേണ്ടതും അംഗീകരിക്കേണ്ടതും...