നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ് എന്ന തിരിച്ചറിവാണ് ഏറ്റവും വലുത്.
ആഗ്രഹങ്ങൾ നല്ലതാണ്. എന്നാൽ അവ നടക്കാതെ വരുമ്പോൾ ചിലരെല്ലാം വലിയ നിരാശയിലേക്ക് കൂപ്പുകുത്തും. ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ നമുക്ക് പരിശ്രമിക്കാനേ സാധിക്കൂ. അതു ചിലപ്പോൾ നടക്കാം, നടക്കാതിരിക്കാം. എന്നാൽ അതു നടക്കാതെ വന്നാൽ ജീവിതം തന്നെ തകർന്നുവെന്നു കരുതി നിരാശയിലാണ്ടു പോകുന്നവർ നിരവധിയാണ്. നമുക്കുള്ളതിൽ സംതൃപ്തരാകാൻ സാധിക്കുന്നുണ്ടെങ്കിൽ ആഹ്ലാദത്തിനു വേറെ വഴി തേടേണ്ടി വരില്ല.
നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന, സംതൃപ്തി നൽകുന്ന തൊഴിലിൽ ഏർപ്പെടുമ്പോൾ അതിൽനിന്നും ലഭിക്കുന്ന വരുമാനം കുറവാണെങ്കിലും സന്തോഷം അനുഭവിക്കാനാകും. പലരും ഇഷ്ടമില്ലാത്ത തൊഴിൽ മേഖലയിൽ തുടരുന്ന് സാമ്പത്തികമായ നേട്ടങ്ങളും സമൂഹത്തിലെ സ്ഥാനവും കണക്കിലെടുത്തു മാത്രമായിരിക്കും. ഇഷ്ടമുള്ള തൊഴിൽ ചെയ്യാൻ സാമൂഹിക അവസ്ഥയും നിലനിൽപ്പിനായുള്ള മത്സരവുമൊക്കെ തടസ്സം സൃഷ്ടിച്ചേക്കാം. പക്ഷേ ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ, അതേക്കുറിച്ച് പഠിക്കാൻ കുറച്ചു സമയം കണ്ടെത്താൻ നിങ്ങൾക്ക് തീർച്ചയായും സമയം കണ്ടെത്താൻ സാധിക്കും. ജോലിയുടെ മടുപ്പ് ഇല്ലാതാക്കാൻ ആ കുറച്ചു സമയം ധാരാളമാണ്.
പഴയ ദുരനുഭവങ്ങൾ, പരാജയങ്ങൾ എന്നിവ പുതിയ കാര്യങ്ങളിലേർപ്പെടാൻ തടസമാകുന്നുണ്ടോ...?ഇപ്പോഴും അത്തരം കാര്യങ്ങൾ ഓർത്തിരിക്കുന്നതു വ്യാകുലതകളും വിഷമങ്ങളും വർധിപ്പിക്കുകയേ ഉള്ളൂ. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നതിനെ കുറിച്ച് പറയാനാർക്കും സാധിക്കുകയില്ല. നല്ലതാകാം ചീത്തയാകാം. അതുപോലെ കഴിഞ്ഞതു കഴിഞ്ഞതാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞു പോയ കാര്യങ്ങളെ മറന്ന് ഇന്നിൽ ജീവിക്കാൻ ശ്രമിക്കൂ. സന്തോഷം നിങ്ങളെ തേടി വരും.
സാമൂഹ്യജീവിയാണ് മനുഷ്യൻ. അതുകൊണ്ടുതന്നെ ബന്ധങ്ങളും സൗഹൃദങ്ങളും സന്തോഷത്തിലേക്കുള്ള എളുപ്പവഴിയാണ്. മികച്ച മാനസികാരോഗ്യത്തിനും സന്തോഷത്തിനും നല്ല ബന്ധങ്ങൾ വലിയ അളവിൽ സഹായിക്കും.
മറ്റുള്ളവരുടെ ജീവിത സാഹചര്യം, നേട്ടങ്ങൾ, അവരുടെ സമൂഹമാധ്യമത്തിലെ പോസ്റ്റുകൾ എന്നിങ്ങനെ പലതും സ്വയം വേദനിക്കാനുളള കാരണമായി മാറ്റുന്നവരുണ്ട്. എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ എന്നു സ്വയം ചോദിക്കുകയും പഴിക്കുകയുമാണ് ഇവരുടെ രീതി.ഒരോ മനുഷ്യന്റെയും ജീവിതസാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. പക്ഷേ അതുമാത്രമല്ല സന്തോഷത്തെ നിർവചിക്കുന്നതെന്നു മനസ്സിലാക്കണം. പ്രശസ്തിയുടെയും സമ്പന്നതയുടെയും കൊടുമുടിയിൽ നിൽക്കുമ്പോൾ വിഷാദത്തിൽ ആണ്ടു പോയവരുണ്ട്, ആത്മഹത്യ ചെയ്തവരുണ്ട്. നമ്മൾ കാണുന്നതല്ല മനുഷ്യർ. ഏറ്റവും സുഖകരവും ആഡംബരവുമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും ദുഃഖിക്കുന്നവരുണ്ട്. ശാരീരിക പരിമിതകളോടു പൊരുതി, ജീവിത വിജയം നേടിയവരെ നമുക്കു ചുറ്റിലും കാണാം. ഒന്നുമില്ലായ്മയിൽ പോലും തോറ്റുകൊടുക്കാതെ ജീവിതത്തോട് പോരാടുന്നവരെ കാണാം. പട്ടിണിക്കിടയിലും സന്തോഷിക്കുന്നവരെ കാണാം. അതിനാൽ നമ്മുടെ നേട്ടങ്ങളിലേയ്ക്കും വിജയങ്ങളിലേയ്ക്കും നോക്കൂ, അതിൽ ആനന്ദം കണ്ടെത്തൂ.
കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ചോർത്തു വിഷമിക്കുന്നവര്‍ നിരവധിയാണ്. വർഷങ്ങൾ പിന്നിട്ടിട്ടും പഴയ കാര്യങ്ങളെ മനസ്സിലിട്ട് സ്വയം വേദനിപ്പിച്ച് ആശ്വസിക്കുന്നതാണ് ചിലരുടെ രീതി. ഇതുപോലെ തന്നെക്കുറിച്ച് മറ്റുള്ളവർ എന്തു ചിന്തിക്കുന്നുവെന്നോർത്തു വെറുതെ ആശങ്കപ്പെടുന്നതും ചിലരുടെ ശീലമാണ്. അത്തരം വിഷമങ്ങൾ മനസിനു മാത്രമല്ല, ശരീരത്തിനും ദോഷകരമാണ്. മറ്റൊന്ന് നിങ്ങളെക്കുറിച്ച് വേറെ ആരും ചിന്തിക്കുകപോലും ചെയ്യുന്നുണ്ടാവില്ല. ചിന്തിച്ചാൽ തന്നെ അതെന്താണെന്നു പോലും അറിയാതെ നിങ്ങൾ ആശങ്കപ്പെടുന്നതിന്റെ ആവശ്യമെന്താണ് ? എല്ലാവരെയും ഒരേ പോലെ തൃപ്തിപ്പെടുത്താൻ ആർക്കും സാധിക്കുകയില്ല. അതുകൊണ്ടു തന്നെ അത്തരം ചിന്തകൾ ഒഴിവാക്കി ഇന്നിൽ ജീവിക്കാൻ ശ്രമിക്കുക. ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുക.
കാര്യങ്ങളെല്ലാം ഭാഗ്യത്തിന് വിട്ട് കൊടുത്തു കൊണ്ട്, വിജയം ഒരു സുപ്രഭാതത്തിൽ പടികയറി വരുമെന്ന് വിശ്വസിച്ച് അലംഭാവം പൂണ്ടിരിക്കുന്നവർ, വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്
എല്ലാം കിട്ടുന്നതു വരെ, എല്ലാവരും സ്നേഹിക്കുന്നത് വരെ കാത്തിരുന്ന് പാഴാക്കാനുള്ളതല്ല ആയുസ്സ്. നഷ്ടങ്ങളൊക്കെ നല്ല വണ്ണം ഉണ്ട്. കൊതിച്ചതും കൈവന്നതും തമ്മിൽ വലിയ വ്യത്യാസങ്ങളും കാണും. മനുഷ്യർ തരുന്ന നോവുകളിൽ പിന്നെയും പിന്നെയും ഉരുകേണ്ടി വരും. സ്വപ്നങ്ങൾ തന്ന മനുഷ്യർ സ്വപ്നങ്ങളെ മാത്രമല്ല ഉറക്കത്തെപ്പോലും കട്ടെടുത്ത് കടന്നുപോകും. ഉണ്ട്, നൂറുകൂട്ടം കാരണങ്ങൾ ദു:ഖിക്കുവാനുണ്ട്. എന്നാലും നമുക്ക് ജീവിക്കണം. അന്തസ്സോടെ ആയുസ്സിനെ ആഘോഷിക്കണം. സമാധാനമായിട്ട് ഉറങ്ങണം.
നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ് എന്ന തിരിച്ചറിവാണ് ഏറ്റവും വലുത്. പണത്തിന് ഒരുപാട് സുഖസൗകര്യങ്ങൾ നൽകാൻ സാധിക്കും. അതുവഴി ബാഹ്യമായ സന്തോഷങ്ങളും കണ്ടെത്താം. പക്ഷേ ആന്തരിക സന്തോഷത്തിന്റെ താക്കോൽ നിങ്ങളുടെ കയ്യിലാണ്. ആ സന്തോഷത്തേക്കാൾ വലുതല്ല മറ്റൊന്നും.