കൊടുംവേനലും കാലാവസ്ഥ മാറ്റവും കാരണം വിളനാശം സംഭവിച്ചതാണ് പ്രതിസന്ധിയുടെ ആക്കംകൂട്ടിയത്. എന്നാല്‍ അടിയന്തരമായി വിപണിയില്‍ ഇടപെടുമെന്നും ഹോർട്ടികോർപ് ഔട്ട്ലെലെറ്റുകള്‍ വഴി പരമാവധി പച്ചക്കറി വിലകുറച്ച് വിപണിയില്‍ എത്തിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. ഉടനൊന്നും വില താഴാന്‍ സാധ്യതയില്ലെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍.
മഹാരാഷ്ട്രയില്‍ പ്രതീക്ഷിച്ചതിലും മുൻപേയെത്തിയ മണ്‍സൂണ്‍ കാര്‍ഷികവിളകള്‍ക്ക് നാശംവിതച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 40 ഡിഗ്രിയും കടന്നുള്ള ഉഷ്ണതരംഗവും വരള്‍ച്ചയും കൃഷിയെ ബാധിച്ചു. മഴക്കെടുതിയാണ് തമിഴ്നാടിന് തിരിച്ചടിയായതെങ്കില്‍ കീടങ്ങളുടെ ആക്രമണമാണ് കര്‍ണാടകയെ വലച്ചത്.
പച്ചക്കറിക്കാണ് തൊട്ടാല്‍ പൊള്ളുന്ന വില. ഒരുകിലോ തക്കാളിക്ക് നഗരങ്ങളില്‍ 80 രൂപ കടന്നു. ഗ്രാമങ്ങളില്‍ വില വീണ്ടും കൂടും. ബീന്‍സിന് അടുക്കാന്‍ കഴിയാത്തവിലയാണ്. കിലോക്ക് 160 രൂപയാണ് വില. പയര്‍-100, വെണ്ട-60, ഉരുളക്കിഴങ്ങ്-42, സവോള -40, പച്ചമുളക്-100, വെള്ളരി-50, കാരറ്റ് - 70, ബീറ്റ്‌റൂട്ട് -60 എന്നിങ്ങനെയാണ് കഴിഞ്ഞദിവസത്തെ വില. ചേന വിലയും കുതിച്ചുകയറി 90-100 വരെയായി. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം ചേന എത്തുന്നത് ആലക്കോട്, കുടിയാന്‍മല, ചെമ്ബേരി, പയ്യാവൂർ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നാണ്. എന്നാല്‍, നിലവില്‍ ഒരു കിലോ ചേനപോലും ഇവിടങ്ങളില്‍നിന്ന് എത്തുന്നില്ല.
ബംഗളൂരുവില്‍നിന്നാണ് ചേന ഇവിടത്തെ മാര്‍ക്കറ്റില്‍ എത്തുന്നത്. മറ്റുള്ളവക്കും മോശമല്ലാത്ത വിലയായിട്ടുണ്ട്. വിലവിവരപട്ടിക പോലും പ്രദർശിപ്പിക്കാതെ തോന്നിയവില പല സ്ഥലങ്ങളിലും ഈടാക്കുന്നുമുണ്ട്. മറ്റ് നിത്യോപയോഗ സാധനങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. പരിശോധന നടത്തി കരിഞ്ചന്തയും മറ്റും കണ്ടെത്തേണ്ടവർ അതിനൊന്നും മെനക്കെടുന്നുമില്ല.
ട്രോളിങ് നിരോധനംമൂലം മത്സ്യവിലയും കൂടി. നിരോധനത്തിന് മുമ്ബ് 180-200 രൂപയായിരുന്ന മത്തിക്ക് വില 380-400 രൂപയായി.
അയല, വറ്റ, കൊഴുവ, കരിമീന്‍, ചെമ്മീന്‍, ആവോലി എന്നിവക്കും വില ഉയര്‍ന്നു. ആവോലിക്ക് ശരാശരി വില കിലോക്ക് ഇപ്പോള്‍ 1,000 രൂപയാണ്. അതേസമയം 185 വരെ ഉയർന്ന കോഴിയിറച്ചി ഇപ്പോള്‍ 160ലേക്ക് താഴ്ന്നത് നേരിയ ആശ്വാസമായിട്ടുണ്ട്.
പൊതുവിപണിയിലെ വില വര്‍ധന തടയാൻ എക്കാലവും സഹായിച്ച സിവില്‍ സപ്ലൈസ് വകുപ്പിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും സ്റ്റോറുകളില്‍ അരി ഉള്‍പ്പെടെ സബ്‌സിഡി സാധനങ്ങള്‍ കണികാണാന്‍ പോലുമില്ല. സബ്സിഡി സാധനങ്ങള്‍ക്കായി സാധാരണക്കാർ ഏറെ ആശ്രയിച്ചിരുന്ന സെപ്ലെകോ-മാവേലി സ്റ്റോറുകളില്‍ ഒന്നും കിട്ടാനില്ല. ആളുകള്‍ പോകാത്തതിനാല്‍ പലയിടത്തും ജീവനക്കാർ വെറുതെയിരിക്കുന്ന കാഴ്ചയാണുള്ളത്.
നിലവില്‍ അരി, മല്ലി, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, പച്ചരി തുടങ്ങിയ സബ്‌സിഡി സാധനങ്ങള്‍ ഒന്നും മാവേലി സ്റ്റോറുകളില്‍ സ്റ്റോക്കില്ല. കടുക്, ജീരകം ഉള്‍പ്പെടെയുള്ള നോണ്‍ സബ്‌സിഡി സാധനങ്ങളും കിട്ടാനില്ല. ചെറുപയര്‍, ഉഴുന്നുപരിപ്പ്, മുളക്, വെളിച്ചെണ്ണ എന്നിവ നാമമാത്രമായി ചിലയിടങ്ങളില്‍ മാത്രം വില്‍പനക്കെത്തിയിരുന്നു.