വസ്ത്രങ്ങൾ നമ്മുടെ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും വസ്ത്രങ്ങൾ സമൂഹത്തിൽ വ്യത്യസ്ത രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇന്നത്തെ കാലത്ത് സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രധാന വസ്ത്രമായി ജീൻസ് മാറിയിരിക്കുന്നു. ജീൻസുകളെ ഏറ്റവും സവിശേഷമാക്കുന്ന ഒരു കാര്യം ഏത് സാഹചര്യത്തിലും ധരിക്കാൻ കഴിയും എന്നതാണ്. യാത്ര മുതൽ ഓഫീസ് വരെയുള്ള എല്ലായിടത്തും ആളുകൾ ഇത് ഉപയോഗിക്കുന്നു.
പക്ഷേ നിറം പിടിച്ച ജീന്‍സ് മിക്കപ്പോഴും പിന്നീട് ഉപയോഗിക്കാന്‍ കഴിയാതെ ഉപേക്ഷിക്കുകയാണ് മിക്കവരും ചെയ്യാറ്. എന്നാല്‍ ഇനി നിറം പിടിച്ച ജീന്‍സ് ഉപേക്ഷിക്കുന്നതിന് മുമ്ബ് നിറം നീക്കം ചെയ്യാന്‍ ഇങ്ങനെ ചില വഴികള്‍ പരീക്ഷിച്ചുനോക്കൂ.
വിനാഗിരി
അരക്കപ്പ് വിനാഗിരിയും ഒരു ടീസ്പൂണ്‍ വാഷിംഗ് പൗഡറും 2-3 ലിറ്റര്‍ തണുത്ത വെള്ളത്തില്‍ കലക്കി യോജിപ്പിക്കുക. ഈ ലായനിയുടെ അമ്ലഗുണം ജീന്‍സില്‍ നിന്നുള്ള നിറം ഇളക്കുകയും വസ്ത്രം പുതുമയുള്ളതാകുകയും ചെയ്യും. ജീന്‍സില്‍ മാത്രമല്ല നിറം പിടിച്ച മറ്റ് വസ്ത്രങ്ങളിലും ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്.
ബ്ലീച്ച്
വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളിലോ ജീന്‍സിലോ ആണ് നിറം പറ്റിപ്പിടിച്ചതെങ്കില്‍ ചെറുചൂടുവെള്ളത്തില്‍ ക്ലോറിന്‍ ഇല്ലാത്ത ബ്ലീച്ച് പൗഡറോ ലിക്വിഡോ കലക്കി അതില്‍ ആ വസ്ത്രങ്ങള്‍ മുക്കിവെക്കുക. കുറച്ച് സമയത്തിന് ശേഷം വസ്ത്രങ്ങള്‍ എടുത്ത് അലക്കി ഉണക്കുക.
ഗ്ലാസ് ക്ലീനറുകള്‍
വസ്ത്രങ്ങളിലെ നിറം കളയാന്‍ അധികമാരും പറഞ്ഞുകേട്ടിട്ടില്ലാത്ത ട്രിക്ക് ആണിത്. അമോണിയ അടങ്ങിയ വിന്‍ഡോ ഗ്ലാസ് ക്ലീനറുകള്‍ ആണ് ഇതിന് ആവശ്യം. ഇത് ജീന്‍സിലെ നിറം പിടിച്ച സ്ഥലത്ത് സ്‌പ്രേ ചെയ്ത് 15-20 മിനിറ്റ് വെക്കുക. ഇനി വൃത്തിയുള്ള ഒരു തുണിയെടുത്ത് കറ പിടിച്ച സ്ഥലം തുടയ്ക്കുക. പിന്നീട് വെള്ളത്തില്‍ ഉലച്ച് അലക്കിയെടുക്കുക.
ചെറുനാരങ്ങാനീര്
ചെറുനാരങ്ങാനീരിന്റെ അമ്ലസ്വഭാവം വസ്ത്രങ്ങളില്‍ നിന്നും പറ്റിപ്പിടിച്ച നിറം ഇളക്കാന്‍ സഹായിക്കും. നിറം പിടിച്ച ജീന്‍സിന്റെ ഭാഗം ചെറുനാരങ്ങാനീരില്‍ 15 മുതല്‍ 20 മിനിറ്റ് വരെ മുക്കിവെക്കുക. അതിനിശേഷം കൈ കൊണ്ട് ആ ഭാഗം പതുക്കെ ഉരയ്ക്കുക. ജീന്‍സില്‍ പിടിച്ച നിറം പതുക്കെ ഇളകുന്നത് കാണാം.