ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശരീരത്തിന് ഉണർവും ഉന്മേഷവും നൽകുന്ന ഉലുവ കഞ്ഞി, വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാം.

വാതം, പിത്താശയ രോഗം,ഗര്‍ഭാശയ രോഗം എന്നിവയ്‌ക്ക് ആയുര്‍വ്വേദം അനുശാസിക്കുന്ന ഉത്തമ ഔഷധമാണ് ഉലുവ കഞ്ഞി.




ശരീരബലം കൂട്ടാനും, ആരോഗ്യം സംരക്ഷിക്കാനും, ഉണർവും ഉന്മേഷവും കിട്ടാനും സ്വാദിഷ്ടമായ ഉലുവ കഞ്ഞി. ഉലുവ കഞ്ഞി സാധരണ കർക്കടക മാസത്തിൻ്റെ ആദ്യത്തെ 7 ദിവസമോ അവസാനത്തെ 7 ദിവസമോ ആണ് കഴിക്കുക. ഉലുവ കഞ്ഞി പ്രഷർ കുറയ്ക്കാനും രോഗങ്ങൾ വരാതിരിക്കാനും നമ്മളെ സഹായിക്കാൻ വളരെ കുറച്ച് ചേരുവകൾ വച്ച് ഇതെങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം.



ആവശ്യമുള്ള ചേരുവകൾ 

പുഴുക്കലരി - 1 കപ്പ് 

ഉലുവ - ¼ കപ്പ് 

തേങ്ങാപ്പാൽ (ഒന്നാം പാൽ ) - ½ കപ്പ് 

രണ്ടാം പാൽ - 1 കപ്പ് 

വെള്ളം - 4 ½ കപ്പ് 

ശർക്കര - ആവശ്യത്തിന് 


തയ്യാറാക്കുന്ന വിധം

ഉലുവ നന്നായി കഴുകി ഒന്നര കപ്പ് വെള്ളത്തിൽ 8 മണിക്കൂർ കുതിർത്ത് എടുക്കണം. 

ഒരു പ്രഷർ കുക്കറിലേക്കു ഉലുവ കുതിർത്ത വെള്ളത്തോട് കൂടി ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് അരി കഴുകിയതും നാലര കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കാം. മൂന്ന് വിസിൽ വന്നാൽ തീ ഓഫ് ചെയ്യാം. 


കുക്കറിലെ പ്രഷർ മുഴുവനും പോയ ശേഷം കുക്കർ തുറക്കാം. ശേഷം സ്റ്റൗ ഓൺ ചെയ്യുക. ഇനി കുക്കറിലേക്കു തേങ്ങയുടെ രണ്ടാം പാലും ശർക്കരയും ചേർത്ത് കൊടുക്കാം. 


രണ്ടാം പാൽ ചേർത്ത് കഞ്ഞി തിളച്ചു വന്നാൽ ഒന്നാം പാൽ കൂടി ചേർത്ത് കൊടുക്കാം. (ഇതോടൊപ്പം സ്റ്റൗ ഓഫ് ചെയ്യണം) കഞ്ഞി ഒന്ന് ഇളക്കി ഒന്നാം പാലും യോജിപ്പിച്ചാൽ ഹെൽത്തി ഉലുവ കഞ്ഞി തയാർ. കർക്കടകത്തിൽ 7 ദിവസമെങ്കിലും ഇതുപോലെ കഞ്ഞി ഉണ്ടാക്കി കുടിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്.