ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പനി ബാധിച്ച കുഞ്ഞിന് മെഡിക്കല്‍‌ സ്റ്റോറില്‍ നിന്ന് നല്‍കിയത് മൂന്നിരട്ടി ഡോസ് കൂടിയ മരുന്ന്; കുഞ്ഞ് ഗുരുതരാവസ്ഥയില്‍


കണ്ണൂർ:കണ്ണൂരില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ നല്‍കിയത് മൂന്നിരട്ടി ഡോസ് കൂടിയ മരുന്ന്.

മരുന്ന് മാറിക്കഴിച്ച ഗുരുതരാവസ്ഥയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്ന് എടുത്ത് നല്‍കിയത് ഫാര്‍മസിസ്റ്റുകളെന്നാണ് ആരോപണം. കണ്ണൂരിലെ മെഡിക്കല്‍സിന്റെ ഭാഗത്തുനിന്നാണ് ഗുരുതരമായ വീഴ്ച ഉണ്ടായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പനി ബാധിച്ച കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ പഴയങ്ങാടിയിലെ ക്ലിനിക്കിലെത്തിയത്. കുഞ്ഞിന് ഡോക്ടർ കാല്‍പോള്‍ സിറപ്പ് കുറിച്ച്‌ നല്‍കി. എന്നാല്‍ ഡോക്ടറുടെ ഈ കുറിപ്പടിയുമായെത്തിയ വീട്ടുകാര്‍ക്ക് മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റുകള്‍ എടുത്ത് നല്‍കിയത് കാല്‍പോള്‍ ഡ്രോപ് ആണ്. മരുന്ന് മാറിയതറിയാതെ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച്‌ മൂന്ന് നേരം വീട്ടുകാര്‍ കുട്ടിയ്ക്ക് മരുന്ന് കൊടുത്തു. പനി അതിവേഗം മാറിയെങ്കിലും കുട്ടിയ്ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ തോന്നിയതോടെ വീട്ടുകാര്‍ വീണ്ടും ക്ലിനിക്കിലെത്തി.


മരുന്ന് മാറിയത് അറിഞ്ഞ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കുട്ടിയ്ക്ക് ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് നിര്‍ദേശിച്ചു. അതിന്റെ ഫലങ്ങള്‍ പലതും ഉയര്‍ന്ന നിരക്കിലായിരുന്നു. ഉടന്‍ കുട്ടിയെ കണ്ണൂരിലെ ആസ്റ്റര്‍ മിംമ്‌സിലേക്ക് മാറ്റണമെന്നും വൈകിയാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വരെ തകരാറിലാകുമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കുട്ടിയെ ആസ്റ്റര്‍മിംമ്‌സിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഗുരുതര സ്ഥിതി തുടർന്നാല്‍ കുട്ടിയുടെ കരള്‍ മാറ്റിവെക്കേണ്ടി വരുമെന്ന് ഡോക്ടർമാർ പറയുന്നു. നിലവിലെ പരിശോധനയില്‍ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം.

മരുന്ന് മാറിനല്‍കിയതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ മെഡിക്കല്‍ സ്റ്റോറുകാരുടെ ഭാഗത്തുനിന്ന് മോശംപ്രതികരണമാണ് ഉണ്ടായതെന്നും കുഞ്ഞിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ എന്നാല്‍ പോയി കേസുകൊട് എന്നായിരുന്നു മെഡിക്കല്‍ സ്റ്റോറുകാർ പറഞ്ഞതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 



മരുന്ന് മാറിനല്‍കിയെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാർ സമ്മതിച്ചെന്ന് കുഞ്ഞിന്‍റെ അച്ഛൻ പറയുന്നു.ബന്ധുക്കളുടെ പരാതിയില്‍ പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.മരുന്നുകൾ ഉപയോഗിക്കുമ്പോൾ ചെറിയ അളവില്‍ ഡോസ് കൂടുന്നതുപോലും കുഞ്ഞുങ്ങള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കുന്നതിനാല്‍ കരുതല്‍ വേണമെന്ന് ഡോക്ടർമാർ പറയുന്നു.