"തീനാളത്തിന് കാട്ടുതീയാകാനുള്ള ശേഷിയും സാധ്യതയുമുണ്ട്. പക്ഷേ, ആളിക്കത്താനുള്ള സാധ്യത ഇല്ലാത്തിടത്ത് അഗ്നി ഒരു നാളം മാത്രമായി അവശേഷിക്കും..."
മുല്ല സുഹൃത്തുക്കളുമായി പന്തയം വച്ചു.
സമീപത്തുള്ള മഞ്ഞുമൂടിയ മലമുകളിൽ ഒരു രാത്രി തനിയെ കഴിയാം. ഒരു പുസ്തകവും മെഴുകുതിരിയുമായി അദ്ദേഹം കൊടുമുടി കയറി.
അതിശൈത്യത്തിൽ പാതി മരവിച്ചു പിറ്റേന്നു രാവിലെ മലയിറങ്ങി. പന്തയത്തുക ചോദിച്ച അദ്ദേഹത്തോട് ആളുകൾ പറഞ്ഞു: "താങ്കൾ മെഴുകുതിരി കൊണ്ടുപോയല്ലോ, അതുകൊണ്ടു പന്തയപ്പണം തരില്ല " മുല്ല ഒന്നും മിണ്ടിയില്ല.
നാളുകൾക്കുശേഷം അദ്ദേഹം അവരെ വിരുന്നിനു വിളിച്ചു. വളരെ നേരം കാത്തിരുന്നിട്ടും ഭക്ഷണം വിളമ്പാത്തതുകൊണ്ടു ദേഷ്യം വന്ന അവർ അടുക്കളയിലെത്തിയപ്പോൾ വലിയ ഒരു പാത്രത്തിനടിയിൽ ഒരു മെഴുകുതിരി കത്തിനിൽക്കുന്നു.മുല്ല പറഞ്ഞു.
എന്താണെന്നറിയില്ല.ഇന്നലെ കത്തിച്ചതാണ്. ഇതുവരെ ഭക്ഷണം തയാറായില്ല.
പരിശ്രമങ്ങളെ പരിഹസിക്കരുത്. കാരണം അവിടെ ഉള്ളുരുകുന്നതിന്റെ വേദനയുണ്ട്.
കാഴ്‌ചക്കാരായി നിന്നു തൽസമയ വിവരണം നടത്തുന്നവർക്കു കഷ്‌ടപ്പെടുന്നവന്റെ യാതന അറിയില്ല.
അപായങ്ങൾക്കും വെല്ലുവിളികൾക്കും മീതെയുള്ള സാഹസിക പ്രകടനമാണ് പലരുടെയും അനുദിന ജീവിതം.
അവരുടെ വിയർപ്പിനെ അധിക്ഷേപിക്കരുത്; കണ്ണീരിനെ നിന്ദിക്കരുത്. അവർ നടന്ന വഴിയെ നടക്കാതെ, അവർ ജീവിച്ച ജീവിതം ജീവിക്കാതെ അവരുടെ വീഴ്‌ചകളെ വിമർശിക്കുകയോ വിജയങ്ങളെ തേജോവധം ചെയ്യുകയോ അരുത്.
ശപഥങ്ങൾ കർമശേഷി വർധിപ്പിക്കും. സമരസന്നദ്ധതയാണ് മത്സരക്ഷമതയുടെ അടിസ്ഥാനം.
മറ്റുള്ളവരുടെ വെല്ലുവിളികൾക്കു മറുപടി പറയാൻ വേണ്ടി മാത്രമാകരുത് ജീവിതം. സ്വയം ചില പോരാട്ടങ്ങൾ നടത്തണം - ഇന്നലെയെ തോൽപിക്കാനും നാളെയെ കീഴടക്കാനും.
നമ്മിലെ അവസാനിക്കാത്ത പരിശ്രമശീലവും സംസ്‍കാരസമ്പന്നവുമായ വാക്കുകൾ കൊണ്ടും നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്തി ലക്ഷ്യത്തിലേക്ക് മുന്നേറാൻ ശ്രമിക്കുക...
ശുഭദിനാശംസകൾ