സൗജന്യ സേവനം ഫെയ്‌സ്ബുക് അവസാനിക്കുമോ
സമൂഹ മാധ്യമമായ ട്വിറ്റര്‍ തുടങ്ങിവച്ച മാസവരിസംഖ്യാ ജ്വരം മറ്റു കമ്പനികളിലേക്കും പടരുന്നു. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെറ്റാ കമ്പനിയാണ് ഇപ്പോള്‍ മാസവരി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പേര് മെറ്റാ വേരിഫൈഡ് എന്നായിരിക്കും. സർക്കാർ ഐഡി നല്‍കിയാല്‍ ബ്ലൂബാഡ്ജ് നല്‍കാമെന്നാണ് മെറ്റാ പറയുന്നത്. മാസവരി നല്‍കുന്നില്ലെങ്കില്‍ ബ്ലൂ ബാഡ്ജ് ഇല്ല. അതേസമയം, കാലക്രമത്തില്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് പുതിയ ഫീച്ചറുകള്‍ നൽകാനും സാധ്യത ഉണ്ട്.
നിലവിലുള്ള സൗജന്യ സേവന രീതി അവസാനിക്കുമോ?
സമൂഹ മാധ്യമങ്ങളും മെയിലും സേര്‍ച്ചുമൊക്കെ ഫ്രീയായി ഉപയോഗിച്ചുവന്ന കാലം താമസിയാതെ അസ്തമിക്കുമോ എന്ന തോന്നലും ഉണ്ടായി തുടങ്ങിയിട്ടുണ്ട്. പരസ്യങ്ങള്‍ കാണിച്ചായിരുന്നു പല സേവനങ്ങളും ഫ്രീയായി നിലനിര്‍ത്തിയിരുന്നത്. അതേസമയം, ഇന്റര്‍നെറ്റിലെ പരസ്യങ്ങള്‍ ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങി ഏതാനും ചില കമ്പനികളുടെ കുത്തക ആയിരിക്കുന്നതിനെതിരെ അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും നീക്കങ്ങള്‍ നടക്കുന്നു. കമ്പനികള്‍ ഈ തക്കത്തിന് പല സേവനങ്ങള്‍ക്കും വരിസംഖ്യ ഏര്‍പ്പെടുത്തുകയോ ഫ്രീയായി ഉപയോഗിക്കുന്നവര്‍ സ്വകാര്യ ഡേറ്റ എടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്‌തേക്കാം.
വരിസംഖ്യ 11.99 ഡോളര്‍
ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കും വേരിഫൈ ചെയ്ത് വെബില്‍ ഉപയോഗിക്കുന്നതിന് പ്രതിമാസം 11.99 ഡോളറാണ് വരിസംഖ്യ ചോദിക്കുന്നത്. അതേസമയം, ആപ്പിളിന്റെ ഐഒഎസ് സിസ്റ്റത്തിലെ ആപ് വഴിയാണെങ്കില്‍ വരിസംഖ്യ 14.99 ഡോളറായി ഉയരും. ട്വിറ്റര്‍ ഇന്ത്യയില്‍ വേരിഫൈഡ് ബ്ലൂ ടിക്കിന് ഈടാക്കുന്നത് 900 രൂപയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇതിന്റെ ഗുണങ്ങൾ എന്തല്ലാം
നിങ്ങളുടെ പേരില്‍ മറ്റാര്‍ക്കും ഫെയ്‌സ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ അക്കൗണ്ട് സൃഷ്ടിക്കാനാവില്ല എന്നതാണ് സർക്കാർ ഐഡിയും വരിസംഖ്യയും നല്‍കിയാല്‍ ലഭിക്കുന്ന ഗുണം. ഈ പുതിയ ഫീച്ചര്‍ നിങ്ങളുടെ അക്കൗണ്ടിന്റെ ആധികാരികത വര്‍ധിപ്പിക്കുകയും സേവനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. ട്വിറ്ററിന്റെ ബ്ലൂ ടിക് പോലെ, അക്കൗണ്ട് വ്യാജമല്ലെന്ന് അറിയിക്കാനായി ബ്ലൂ ബാഡ്ജ് ആയിരിക്കും ഫെയ്‌സ്ബുക് നല്‍കുക. ഇത് വേണ്ടവര്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. വേരിഫൈ ചെയ്ത ആളുകള്‍ക്ക് കസ്റ്റമര്‍ സര്‍വീസ് വേണ്ടിവന്നാല്‍ അത് നേരിട്ടു നല്‍കുമെന്നും കമ്പനി പറയുന്നു. ഈ സേവനം തുടക്കത്തില്‍ ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും മാത്രമായിരിക്കും അവതരിപ്പിക്കുക. ടെക്‌നോളജി കമ്പനികള്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ മെറ്റായ്ക്കു പുറമെ കൂടുതല്‍ കമ്പനികള്‍ മാസവരി ഏര്‍പ്പെടുത്തിയാലും അദ്ഭുതപ്പെടേണ്ട.