തലസ്ഥാനത്ത് നടുറോഡിൽ 49കാരിക്ക് നേരെ ലൈംഗികാതിക്രമം; പോലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം
തിരുവനന്തപുരം: തലസ്ഥാനത്ത് നടുറോഡിൽ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരി ആക്രമണത്തിന് ഇരയായായത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം വിവരം അറിയിച്ചിട്ടും പേട്ട പോലീസ് നടപടി എടുത്തില്ലെന്ന ആക്ഷേപവും ശക്തമാവുകയാണ്. ആശുപത്രിയിൽ പോകാൻ ആംബുലൻസ് വേണമെന്ന് പറഞ്ഞിട്ട് പോലും നടപടി ഉണ്ടായില്ലെന്ന് പരാതി. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. രാത്രി 11 മണിക്ക് മരുന്ന് വാങ്ങാൻ പുറത്തു പോകുമ്പോഴായിരുന്നു അതിക്രമം.
മകൾക്കൊപ്പം താമസിക്കുന്ന 49 കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്നിൽ നിന്നും അജ്ഞാതനായ ഒരാൾ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ നടപടി ഉണ്ടായില്ലെന്നാണ് പരാതിക്കാർ ഉന്നയിക്കുന്ന ആരോപണം.
തുടര്‍ന്ന് ഇവര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന് ശേഷം മാത്രമാണ് പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസിന് ആദ്യഘട്ടത്തില്‍ സംഭവിച്ച ഗുരുതവീഴ്ചയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.