നമ്മൾ ഫോൺ ഉപയോഗിക്കാത്ത സമയത്തും ബാറ്ററി ചാർജ് കുറയുമോ?
ഒരു മൊബൈൽ ഫോൺ വെറുതേ മേശപ്പുറത്തിരിക്കുന്നതായി സങ്കല്പിക്കുക. നാം നോക്കുമ്പോൾ അതു പ്രവർത്തിക്കുന്നില്ല.
സ്ക്രീൻ ഓഫാണ്. പക്ഷേ അതിനുള്ളിൽ അപ്പോഴും പല പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം. നാം ഫോണിന്റെ സൈഡ് ബട്ടൺ പ്രസ് ചെയ്യുമ്പോൾ ഉടൻ തന്നെ ഡിസ്പ്ലേ ഓൺ ആകുന്നു. അതിന്റെയർത്ഥം നാം അമർത്തുന്നതും കാത്ത് ആ സൈഡ് ബട്ടണും അതിനോടനുബന്ധിച്ച സർക്യൂട്ടും പ്രവർത്തനനിരതമായിരിക്കുകയാണെന്നാണ്. അതു വൈദ്യുതി ചിലവാകുന്ന ഏർപ്പാടാണ്.
സൈഡ് ബട്ടൺ ചെയ്യുന്ന അതേ ജോലി ചെയ്യുന്ന മറ്റൊരു ഭാഗമാണ് ഫിംഗർ മൂവ്മെന്റ് സ്ക്യാനർ . നാം ഡിസ്പ്ലേയ്ക്ക് മീതേ കൂടി വിരലോടിക്കുമ്പോൾ ഡിസ്പ്ലേ ഓണാകുന്നുണ്ട്.അതും വൈദ്യുതി ചിലവുള്ള ഏർപ്പാണ്.അത് പോലെ ഫോണിലേക്കു വരുന്ന സിഗ്നലുകൾ ശേഖരിക്കുന്ന ഭാഗവും ഇടതടവില്ലാതെ പ്രവർത്തിക്കുകയായിരിക്കും.
ഒരു സാധാരണ ഫോണിന്റെ ബാറ്ററി 4000 മില്ലി ആമ്പിയറിന്റേതാണ് എന്ന് കരുതിയാൽ ഒരു മണിക്കൂർ നേരത്തേയ്ക്ക് 4000 മില്ലി ആമ്പിയർ കറന്റ് അതു നമുക്കു തരും. നാം 2000 മില്ലി ആമ്പിയർ എടുത്താൽ 2 മണിക്കൂർ സമയം കിട്ടും.
1000 ആണെങ്കിൽ 4 മണിക്കൂർ ഉപയോഗിക്കാം. 500 ആണെങ്കിൽ 8 മണിക്കൂർ നേരം ഉപയോഗിക്കാം. 250 ആണെങ്കിൽ 16 മണിക്കൂറും, 125 ആണെങ്കിൽ 32 മണിക്കൂറും ഉപയോഗിക്കാം. സ്വാഭാവികമായും ഒരു ശരാശരി മൊബൈൽ ഫോൺ 125–150 മില്ലി ആമ്പിയർ പ്രതി മണിക്കൂർ എന്ന നിരക്കിലാവും പ്രവർത്തിക്കുക. കാരണം നമുക്ക് 24 മണിക്കൂർ അവ ഉപയോഗിക്കാൻ സാധിക്കുന്നുണ്ടല്ലോ. പക്ഷേ ഇതെപ്പോഴും ഒരുപോലെയല്ല വൈദ്യുതി ഉപയോഗിക്കുന്നത്. കോൾ വരുമ്പോൾ വൈദ്യുതി കൂടുതൽ ഉപയോഗിക്കും. വൈഫൈ ഉപയോഗിക്കുമ്പോഴും കൂടുതൽ വൈദ്യുതി വേണം.
അതേ സമയം ഡിസ്പ്ലേ ഓഫായ അവസ്ഥയിൽ മേശപ്പുറത്തു വെറുതേ ഇരുന്നാൽ വളരെക്കുറച്ചു വൈദ്യുതി മതിയാകും. 40 മില്ലി ആമ്പിയർ എന്നു നമുക്കു മനസ്സിൽ കരുതാം. അങ്ങനെ പത്തു മണിക്കൂർ ഇരുന്നാൽ 400 മില്ലി ആമ്പിയർ വൈദ്യുതി ഉപയോഗിക്കപ്പെടും. 4000 മില്ലി ആമ്പിയറിന്റെ ഒരു ബാറ്ററിയെ സംബന്ധിച്ചിടത്തോളം അത് 10% ആണ്.