പ്ലസ്‌ടു പാസായവരാണോ നിങ്ങൾ? എങ്കിൽ വ്യോമസേനയില്‍ ‘അഗ്നിവീര്‍’ ആകാം
പ്ലസ്‌ടു പാസായവർക്ക് അവസരങ്ങളുമായി വ്യോമസേന. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമാണ് അവസരം. അഗ്നിവീര്‍വായു തിരഞ്ഞെടുപ്പിനുള്ള സെലക്ഷന്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. നാലുവര്‍ഷത്തേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരില്‍ 25 ശതമാനം പേരെ പിന്നീട് സ്ഥിരനിയമനത്തിനായി പരിഗണിക്കും.
പ്രായം: 17 1/2 – 21 വയസ്സ്. അപേക്ഷകര്‍ 2002 ഡിസംബര്‍ 26-നും 2006 ജൂണ്‍ 26-നും മധ്യേ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെയുള്ള പന്ത്രണ്ടാംക്ലാസ് വിജയമാണ് അടിസ്ഥാനയോഗ്യത. ഇംഗ്ലീഷ് വിഷയത്തിന് 50 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ മൂന്നുവര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ നേടിയവര്‍ക്കും വൊക്കേഷണല്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ പത്താംക്ലാസില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
ശാരീരികയോഗ്യത: പുരുഷന്മാര്‍ക്ക് കുറഞ്ഞത് 152.5 സെ.മീ., വനിതകള്‍ക്ക് 152 സെ.മീ. ഉയരമുണ്ടായിരിക്കണം. ഉയരത്തിനും പ്രായത്തിനും ആനുപാതികമായ ഭാരം, നെഞ്ചളവില്‍ 5 സെ.മീ. വികാസം, മികച്ച കാഴ്ച-കേള്‍വിശേഷി എന്നിവയുണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മേയ് 20 മുതലായിരിക്കും പരീക്ഷകള്‍ നടത്തുക. പരീക്ഷാകേന്ദ്രം അപേക്ഷാസമര്‍പ്പണവേളയില്‍ തിരഞ്ഞെടുക്കാം. 1.6 കി.മീ. ഓട്ടം, പുഷ്-അപ്, സിറ്റ്-അപ്, സ്‌ക്വാട്ട് എന്നിവയുള്‍പ്പെടുന്നതായിരിക്കും ശാരീരികക്ഷമതാപരീക്ഷ. വനിതകള്‍ക്ക് പുഷ്-അപ് ഉണ്ടായിരിക്കില്ല.സയന്‍സ് വിഷയം പഠിച്ചവര്‍ക്കും സയന്‍സിതരവിഷയക്കാര്‍ക്കും വെവ്വേറെ പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക. ശരിയുത്തരത്തിന് ഒരുമാര്‍ക്കും തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാര്‍ക്കും ഉണ്ടായിരിക്കും. വിശദമായ സിലബസ്, മാതൃകാചോദ്യങ്ങള്‍ എന്നിവ agnipathvayu.cdac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ശമ്പളം: അഗ്നിവീറായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യവര്‍ഷം 30,000 രൂപയും അടുത്ത മൂന്നുവര്‍ഷങ്ങളില്‍ 33,000 രൂപ, 36,500 രൂപ, 40,000 രൂപ എന്നിങ്ങനെയുമായിരിക്കും പ്രതിമാസവേതനം. ഇതില്‍നിന്ന് നിശ്ചിത തുക അഗ്നിവീര്‍ കോര്‍പ്പസ് ഫണ്ടിലേക്ക് വകയിരുത്തും. നാലുവര്‍ഷസേവനത്തിനുശേഷം സേനയില്‍നിന്ന് പിരിയുന്നവര്‍ക്ക് ഏകദേശം 10.04 ലക്ഷം രൂപ സേവാനിധി പാക്കേജായി നല്‍കും.
രജിസ്ട്രേഷന്‍: agnipathvayu.cdac.in എന്ന വെബ്സൈറ്റ് വഴി മാര്‍ച്ച് 17 മുതല്‍ രജിസ്റ്റര്‍ചെയ്യാം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ഒപ്പ്, വിരലടയാളം, രക്ഷിതാവിന്റെ ഒപ്പ് (18 വയസ്സ് തികയാത്തവര്‍) എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷാഫീസ് 250 രൂപ ഓണ്‍ലൈനായി അടയ്ക്കണം. വിശദവിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാര്‍ച്ച് 31.