ജില്ലാ ആശുപത്രിയിൽ കണ്ടെത്തിയത് എട്ട് മൂർഖൻ കുഞ്ഞുങ്ങളെ; സർജിക്കൽ വാർഡ് അടച്ചു
മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ച സർജിക്കൽ വാർഡിലും വരാന്തയിലുമായി എട്ട് മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തി. പിന്നാലെ രോഗികളെ മെഡിക്കൽ വാർഡിലേക്കും പ്രീ ഓപ്പറേറ്റീവ് വാർഡിലേക്കും മാറ്റി സർജിക്കൽ വാർഡ് അടച്ചു. സൗകര്യക്കുറവ് മൂലം രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
മലപ്പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് പെരിന്തല്‍മണ്ണ ജില്ലാശുപത്രി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് രോഗികളെ പ്രവേശിപ്പിച്ച സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും വാര്‍ഡിനോട് ചേര്‍ന്ന വരാന്തയിലുമായി മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ജീവനക്കാരും ജില്ലാ ട്രോമ കെയര്‍ പ്രവര്‍ത്തകരുമാണ് പാമ്പുകളെ പിടികൂടിയത്. ഇനിയും പാമ്പ് ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്. ഈ സാധ്യത കണക്കിലെടുത്ത് സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു.
എട്ട് രോഗികള്‍ സര്‍ജിക്കല്‍ വാര്‍ഡില്‍ കിടത്തി ചികിത്സയില്‍ ഉണ്ടായിരുന്നു. ഇവരെ ഇവിടെ നിന്നും മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റി. സര്‍ജിക്കല്‍ വാര്‍ഡ് കുറച്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടഞ്ഞ് കിടക്കുന്ന ഓപ്പറേഷന്‍ വാര്‍ഡിലും പാമ്പിന്‍ കുട്ടികള്‍ ഉണ്ടായിരുന്നു. നിലത്ത് പാകിയ ടൈലുകള്‍ക്കിടയില്‍ മാളങ്ങളുള്ള നിലയിലാണ്. സര്‍ജിക്കല്‍ വാര്‍ഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്. വരാന്തയിലെയും പരിസരത്തെയും മാളങ്ങള്‍ അടച്ചു തുടങ്ങിയെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. ദ്വാരങ്ങളുള്ള ടൈലുകള്‍ ഉടന്‍ പൊളിച്ച് നീക്കുമെന്നും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് ഇത്രയും പാമ്പുകളെ കണ്ടെത്തിയത്. എട്ട് രോഗികൾ സർജിക്കൽ വാർഡിൽ കിടത്തിച്ചികിത്സയിലുണ്ടായിരുന്നു. വാർഡിനു സമീപം അടഞ്ഞു കിടക്കുന്ന എമർജൻസി ഓപ്പറേഷൻ തിയറ്ററിലും പാമ്പിനെ കണ്ടെത്തി. നാല് പാമ്പുകളെ ജീവനക്കാരും നാലെണ്ണത്തിനെ ജില്ലാ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് റെസ്‌ക്യു സംഘത്തിന്റെ പരിശോധനയിലുമാണ് കണ്ടെത്തിയത്.
സർജിക്കൽ വാർഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്. ആശുപത്രി പരിസരത്തെ കാടും പരിസരവും ഇന്ന് വെട്ടിത്തെളിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു പറഞ്ഞു.
കഴിഞ്ഞ ദിവസം, കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയെ അണലി കടിച്ചത് ചര്‍ച്ചയായിരുന്നു. മകളുടെ പ്രസവാവശ്യത്തിന് എത്തിയ ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പ് കടിയേറ്റത്.സംഭവത്തിന് പിന്നാലെ പാമ്പ് പിടുത്തക്കാരെ എത്തിച്ചു ആശുപത്രിയിൽ പരിശോധന നടത്തി. രോഗിയുടെ ബന്ധുവിനെ കടിച്ച പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു.