10,000 രൂപ ആവശ്യപ്പെട്ടാല്‍ 8,500 രൂപ നല്‍കും; 15 ദിവസത്തിന് പലിശയും ചേര്‍ത്ത് 11,500 രൂപ ആവശ്യപ്പെടും; സൂക്ഷിക്കണം; 'ആപ്പിലാക്കാന്‍' കൊള്ളപ്പലിശക്കാര്‍..
10,000 രൂപ ആവശ്യപ്പെട്ടാല്‍ 8,500 രൂപ നല്‍കും; 15 ദിവസത്തിന് പലിശയും ചേര്‍ത്ത് 11,500 രൂപ ആവശ്യപ്പെടും; സൂക്ഷിക്കണം; 'ആപ്പിലാക്കാന്‍' കൊള്ളപ്പലിശക്കാര്‍..
മൊബൈല്‍ ആപ്പുകള്‍ വഴിയും ബ്ലേഡ് ഇടപാട്. വീട് കയറി ഭീഷണിപ്പെടുത്തുന്ന ഇത്തരം സംഘങ്ങള്‍ വ്യാപകമാവുന്നു. മൊബൈല്‍ അപ്ലിക്കേഷനിലൂടെ ലോണ്‍ നല്‍കുകയും കൊള്ളപ്പലിശ ആവശ്യപ്പെട്ട് ഇടപാടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഘങ്ങളാണ് സജീവമാവുന്നത്.
ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘങ്ങളാണ് ഇപ്പോള്‍ സംസ്ഥനത്തുടനീളം പ്രവര്‍ത്തിക്കുന്നത്. ആകര്‍ഷകമായ പരസ്യങ്ങളിലൂടെ ഇടപാടുകാരെ തേടുന്ന ഇവര്‍, കൊള്ളപ്പലിശ ഈടാക്കുകയാണ് ചെയ്യുന്നത്.
എൻ.ബി.എഫ്.സി ആയി രജീസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഇത്തരം അപ്ലിക്കേഷനുകള്‍ റിസര്‍വ് ബാങ്കിന്‍റെ യാതൊരു നിബന്ധനകളും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. 10,000 രൂപ ആവശ്യപ്പെട്ടാല്‍ 8,500 രൂപ നല്‍കുകയും 15 ദിവസത്തിന് പലിശയും ചേര്‍ത്ത് 11,500 രൂപ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
മുടങ്ങിയ തുക പലിശയും പിഴപ്പലിശയും ചേര്‍ത്ത് ഈടാക്കാൻ കളക്ഷൻ എക്സിക്യൂട്ടീവുകളെന്ന പേരില്‍ ജീവനക്കാരെ വീടുകളിലേക്ക് അയയ്ക്കുകയാണ് ചെയ്യാറ്. ഇവര്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പരാതി വ്യാപകമാണ്.
പെരുവെമ്പ് സ്വദേശിയായ യുവാവ് ഇത്തരം ആപ്പിലൂടെ ലോണെടുത്ത് കുടുങ്ങിയിരിക്കുകയാണ്. പലിശയും മുതലും തിരിച്ചടച്ചിട്ടും വീണ്ടും പണമാവശ്യപ്പെട്ട് ആളുകള്‍ വീട്ടിലെത്തിയതോടെ പരാതി നല്‍കാനൊരുങ്ങുകയാണ് ഇദ്ദേഹം. ഇവരുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച് യുവാവ് പറയുന്നതിങ്ങനെ: ഒരു ആശുപത്രി ആവശ്യത്തിനായാണ് മൊബൈലില്‍ കണ്ട ഒരു ആപ് വഴി 5000 രൂപ ലോണെടുത്തത്. തിരിച്ചടവ് കാലാവധി 1 വര്‍ഷമെന്ന് കാണിച്ചിരുന്നു. 5,000 രൂപ ആവശ്യപ്പെട്ടപ്പോള്‍ അക്കൗണ്ടിലെത്തിയത് 3500 രൂപ മാത്രം. ഒരു വര്‍ഷം കാലാവധി പറഞ്ഞവര്‍ പതിനഞ്ചാം ദിവസം മുഴുവൻ തുകയും പലിശയും സഹിതം ആവശ്യപ്പെട്ടത് 5750 രൂപയാണ്. ഇത് അടക്കാൻ നിര്‍വാഹമില്ലാതായതോടെ ആദ്യം ഭീഷണിപ്പെടുത്തിയവര്‍ പിന്നീട് തിരിച്ചടക്കാൻ മാര്‍ഗവും പറഞ്ഞു കൊടുത്തു.
ഇവര്‍ നല്‍കുന്ന മറ്റൊരു ആപ്പില്‍ നിന്ന് കൂടുതല്‍ തുക ലോണ്‍ കിട്ടും. ഇത്തരത്തില്‍ പുതിയ ലോണെടുത്തപ്പോള്‍ 10,000 ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് 8,500 രൂപ മാത്രം. 15 ദിവസത്തിനകം തിരിച്ചടക്കേണ്ടത് 11,500 രൂപ. പലിശയും മുതലുമൊക്കെ തിരിച്ചടച്ചിട്ടും 50,000 ലേറെ രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണ്.