നമ്മൾ മന:പൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചില ഓർമ്മകളായിരിക്കും ഇരുട്ടിലിപ്പോഴും വെട്ടിത്തിളങ്ങി നില്ക്കുന്നത്. ചില ഓർമ്മകൾ അയവിറക്കുമ്പോൾ അത് നമ്മുടെ മനസ്സിനെ ഒരു പാട്
നൊമ്പരപ്പെടുത്തും. എങ്കിലും ആ ഓർമ്മകളുടെ അകമ്പടിയില്ലാതെ
നമുക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകില്ല.
ചില ഓർമ്മകൾ സ്വപ്നത്തേക്കാൾ മനോഹരിത നിറഞ്ഞതായിരിക്കും. ചിലവ കാലം മായ്ക്കാത്ത മുറിവായി മനസ്സിൽ തങ്ങിനിൽക്കും . അത്തരം ഓർമ്മകളെ മനസ്സിന്റെ അഗാധതയിൽ കുഴി വെട്ടി മൂടുക തന്നെ വേണം .
ചില ഓർമ്മകളെ നമ്മളെത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും ശരി ആരെങ്കിലുമൊക്കെ വന്ന് ഇടക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും.
ഒരിക്കൽ കനലായ് എരിഞ്ഞ് നമ്മുടെ ജീവിതത്തെ പൊള്ളിപ്പിച്ചതുകൊണ്ടായിരിക്കും ചില ഓർമ്മകളിന്നു മനസ്സിൽ കിടന്ന് തിളയ്ക്കുന്നത്.
ഓർമ്മകളുണ്ടായിരിക്കണം ...
നമ്മളിന്നവനുഭവിക്കുന്ന തണലിനു വേണ്ടി വെയിലിൽ തങ്ങളുടെ ജീവിതം മുഴുവൻ ഹോമിച്ച മാതാപിതാക്കളെക്കുറിച്ച് .
ഓർമ്മകളുണ്ടായിരിക്കണം ...
നമ്മുടെ മനസ്സിലും ചിന്തയിലും അറിവിൻ്റെ വെളിച്ചം വിതറിയ ഗുരുനാഥന്മാരെക്കുറിച്ച്..
മറക്കരുതൊരിക്കലും ..
നമ്മുടെ എല്ലാ ദൗർബ്ബല്യങ്ങളും അംഗീകരിച്ച് നമ്മളെ ഹൃദയത്തോട് ചേർത്ത് നിർത്തി ജീവിതയാത്രയിൽ നമ്മളോടൊപ്പം പങ്കുചേരുന്ന സൗഹൃദങ്ങളെ ...
✍️: അശോകൻ.സി.ജി.