മനസ്സിന്‍റെയും, ശരീരത്തിന്‍റെയും സമ്മിശ്രമായ അവസ്ഥയാണ് സുഖം.., സുഖത്തില്‍ മാത്രമായി ഒരു മനുഷ്യന് ജീവിക്കാന്‍ കഴിയില്ല.
ദുഃഖമെന്നത് മനസ്സിന്‍റെ മാത്രം അവസ്ഥയാണ്.., ആഗ്രഹങ്ങള്‍ കുറയുമ്പോള്‍ ദുഃഖവും കുറയും.
സുഖം സ്വാർത്ഥതയിലേക്കും, ദുഃഖം നിരാശയിലേക്കും മനുഷ്യരെ നയിക്കാൻ നിമിത്തമായേക്കും.
നമ്മോട് മറ്റുള്ളവര്‍ പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്ന പോലെ നാം അവരോട് പെരുമാറുക.
സ്വർഗ്ഗവും നരകവും ഒരുപോലെ സ്വപ്നം കാണേണ്ടവരാണ് ഓരോ മനുഷ്യനും. നമ്മുടെ ചിന്തകളിൽ നിന്നും പ്രവൃത്തികളിൽ നിന്നുമാണ് സ്വർഗ്ഗവും നരകവും രൂപപ്പെടുന്നത്.
അനുകൂലാവസ്ഥയല്ല സ്വർഗ്ഗം, പ്രതികൂലാവസ്ഥയല്ല നരകം, അനുകൂലാവസ്ഥയിലുള്ള വിനയവും പ്രതികൂലാവസ്ഥയിലുള്ള വിവേകവുമാണ് സ്വർഗ്ഗം, അത് തിരിച്ചറിഞ്ഞാൽ മാത്രം മതി.
ഒരാൾക്കും മറ്റൊരാളുടെ സ്വർഗ്ഗം നിഷേധിക്കാനാകില്ല. മറിച്ച് സാഹചര്യങ്ങളെയും സമ്മർദ്ധങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് പലപ്പോഴും അത് നാം സ്വയം നിരാകരിക്കുന്നതാണ്.
നാം നമ്മുടെ ചിന്തകളിൽ പരസ്‌പര ബഹുമാനത്തിന്റെയും പരിസരബോധത്തിന്റെയും വിത്തുകൾ പാകണം. പ്രതികരണങ്ങളിൽ പക്വതയാർജ്ജിക്കണം.
ഇനി യാത്ര മുന്നോട്ടുപോകില്ല എന്ന് തോന്നത്തക്കവിധം പ്രതിസന്ധികൾ മുന്നിൽ നിരന്നുനിന്നേക്കാം... എന്നുകരുതി യാത്ര അവസാനിപ്പിക്കരുത്... ക്ഷമയോടെ കാത്തുനിൽക്കാം.... ഒന്നുകൂടി ശ്രമിക്കാം..ഉറ്റവരിൽ ആശ്രയിക്കാം..അല്ലെങ്കിൽ വഴിമാറി സഞ്ചരിക്കാം... എന്നിരുന്നാലും യാത്ര അവസാനിപ്പിക്കരുത്.