ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം; പ്രതിയെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അരങ്ങേറിയത് വൈകാരിക രംഗങ്ങള്‍..
"ഞങ്ങടെ പൊന്നു ഉമ്മാനെ അല്ലെ നീ ഇല്ലാണ്ടാക്കിയത്.. ഇവനെ കൊല്ലണം സാറേ.. വെറുതെ വിടരുത്.."; ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം; പ്രതിയെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അരങ്ങേറിയത് വൈകാരിക രംഗങ്ങള്‍..
പൊന്നാനിയില്‍ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അരങ്ങേറിയത് വൈകാരിക രംഗങ്ങള്‍. പൊന്നുമ്മയെ ഇല്ലാതാക്കിയ ഉപ്പാക്ക് കൊലക്കയര്‍ തന്നെ നല്‍കണമെന്ന് മക്കള്‍ പറഞ്ഞു. സുലൈഖ കൊലക്കേസില്‍ ഭര്‍ത്താവ് കൂടിയായ പ്രതി യൂനുസ് കോയയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. വിദേശത്തു നിന്നും എത്തിയതിന്റെ അടുത്ത ദിവസമായിരുന്നു കൊലപാതകം.
നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രതിഷേധം കണക്കിലെടുത്ത് വൻപൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. തെളിവെടുപ്പിനിടെ കൊലപാതകത്തെ കുറിച്ച് പ്രതി വിശദീകരിച്ചു. കുടുംബാംഗങ്ങള്‍ വളരെ വൈകാരികമായാണ് പ്രതികരിച്ചത്. കനത്ത ശിക്ഷ നല്‍കണമെന്ന് കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. അതിനിടെ പ്രതിക്ക് നേരെ വളരെ കടുത്ത രോഷപ്രകടനവുമുണ്ടായി.
തെളിവെടുപ്പിനിടെ സങ്കടം സഹിക്കാനാവാതെ മൂന്ന് കുട്ടികളും വിങ്ങിപ്പൊട്ടി. ഉമ്മയെ കൊലപ്പെടുത്തിയവന് കൊലക്കയര്‍ നല്‍കണമെന്ന് മക്കള്‍ പറഞ്ഞു. ഭാര്യയെ കൊന്നതിന്റെവിശദാംശങ്ങള്‍ യൂനുസ് കോയ പൊലീസിനോട് വിശദീകരിച്ചു.
തങ്ങളുടെ ഏക ആശ്രയമായിരുന്ന ഉമ്മയെ നഷ്ടപ്പെട്ട വേദനയിൽ നിൽക്കുന്ന മൂന്നു മക്കളും പിതാവ് കൂടിയായ പ്രതിയെ തൂക്കിക്കൊല്ലണം എന്ന് പറഞ്ഞു അലമുറയിട്ടപ്പോൾ കണ്ടു നിന്നവരുടെ ഉള്ളം പിടഞ്ഞു. ബന്ധുക്കളും അയൽവാസികളുമെല്ലാം യൂനസ് കോയയെ അമർഷത്തോടെയും ദേഷ്യത്തോടെയുമാണ് നോക്കിയത്. തെളിവെടുപ്പിനായി പ്രതിയെ പൊന്നാനിയിലേക്ക് കൊണ്ടുവരുന്നെന്ന് അറിഞ്ഞപ്പോൾ ആയിരക്കണക്കിന് പേരാണ് പരിസരത്ത് തടിച്ചു കൂടിയിരുന്നത്.
കഴിഞ്ഞ ഇരുപതാം തീയതിയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടാകുന്നത്. കൊലപാതകം ലക്ഷ്യമിട്ട് ഗൾഫിൽ നിന്നും മടങ്ങിയെത്തിയ പ്രതി ഭാര്യയായ സുലൈഖയെ രാത്രിയിൽ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കനോലി കനാൽ നീന്തിക്കിടന്ന് രക്ഷപ്പെട്ട് പിന്നാലെ ഹൈദരാബാദിലെത്തിയ പ്രതിയെ അവിടെ നിന്നുമാണ് പോലീസ് പിടികൂടിയത്.