ഗതാഗതക്കുരുക്ക് ഇനി ഇല്ല! 240 കിലോമീറ്റര്‍ വരെ വേഗം,68 മൈൽ നീളത്തിൽ മസ്കിന്റെ' ലൂപ്'.
ഇലോണ്‍ മസ്‌കിന്റെ വെഗാസ് ലൂപ് ഭൂഗര്‍ഭ തുരങ്ക പദ്ധതി 68 മൈല്‍(109 കി.മീ) നീളത്തില്‍ നിര്‍മിക്കാന്‍ അനുമതി. പദ്ധതി നടപ്പാക്കുന്ന മസ്‌കിന്റെ ദ ബോറിങ് കമ്പനിക്ക് ലാസ് വെഗാസ് കൗണ്‍സിലാണ് നിര്‍മാണ അനുമതി നല്‍കിയിരിക്കുന്നത്. 21 സ്റ്റേഷനുകള്‍ അടങ്ങുന്ന വിപുലമായ ഭൂഗര്‍ഭ സംവിധാനമാക്കി വെഗാസ് ലൂപിനെ വികസിപ്പിക്കാനാണ് അനുമതി.
2016ല്‍ മണിക്കൂറുകള്‍ ഒരു ഗതാഗതക്കുരുക്കില്‍ കുടുങ്ങിയപ്പോള്‍ മസ്‌കിന്റെ ചിന്തയില്‍ വന്നതാണ് അതിവേഗ ഭൂഗര്‍ഭ പാതയെന്ന ആശയം. വൈകാതെ ഈ ആശയം യാഥാര്‍ഥ്യമാക്കുന്നതിന് മസ്‌ക് ദ ബോറിങ് കമ്പനി(TBC) സ്ഥാപിച്ചു. ഹൈപ്പര്‍ലൂപ് എന്ന പേരില്‍ അതിവേഗ ട്രെയിനുകള്‍ ഈ ഭൂഗര്‍ഭ തുരങ്കം വഴി ഓടിക്കാനുള്ള ആശയവും പിന്നാലെ വന്നു. എന്നാല്‍ ട്രെയിന്‍ പദ്ധതി പലയിടത്തും നിര്‍മാണഘട്ടത്തിലാണ്. ടെസ്‌ല കാറുകള്‍ ഈ ഭൂഗര്‍ഭ തുരങ്കങ്ങള്‍ വഴി യാത്രക്കാര്‍ സഹിതം കൊണ്ടുപോവാനാവും.
ലോകത്തിന്റെ പലയിടത്തുനിന്നും ഇലോണ്‍ മസ്‌കിന്റെ ലൂപ്പ് പദ്ധതിയെക്കുറിച്ച് അന്വേഷണങ്ങള്‍ വന്നെങ്കിലും വെഗാസില്‍ മാത്രമാണ് ഇത് നടപ്പിലാക്കിയത്. 48.6 ദശലക്ഷം ഡോളര്‍ ചിലവിട്ട് 3.5 കിലോമീറ്റര്‍ നീളത്തിലാണ് നിലവില്‍ വെഗാസ് ലൂപ്പുള്ളത്. ഇത് 2021 മുതല്‍ പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തിരുന്നു. മൂന്നു സ്റ്റേഷനുകളുള്ള ഈ ലൂപ്പിലൂടെ ടെസ്‌ല കാറുകളെ കൊണ്ടുപോകാനാവും.
നിലവില്‍ ലാസ് വെഗാസ് സിറ്റി കൗണ്‍സില്‍ 21 സ്‌റ്റേഷനുകളുള്ള ലൂപ്പ് പദ്ധതിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വ്യവസായമേഖലയിലാണ്. സിറ്റി ഹാള്‍, ദ സ്ട്രാറ്റ്, സിര്‍ക, പാലസ് സ്റ്റേഷന്‍, ഏരിയ 15, ഫ്രെമോണ്ട് സ്ട്രീറ്റ് എക്‌സ്പീരിയന്‍സ്, മെയിന്‍ സ്ട്രീറ്റ് എന്നിവയായിരിക്കും പ്രധാന സ്റ്റേഷനുകള്‍.
ഗതാഗത തടസമില്ലാതെ അതിവേഗ യാത്രകള്‍ സാധ്യമാക്കുകയാണ് വെഗാസ് ലൂപുകൊണ്ട് ലക്ഷ്യമിടുന്നത്. ഇതില്‍ വാഹനങ്ങളെ പ്രത്യേകം പ്രത്യേകമായിട്ടായിരിക്കും കൊണ്ടു പോവുക. അതുകൊണ്ട് നിങ്ങള്‍ എവിടേക്കാണോ പോകുന്നത് അവിടെ മാത്രമായിരിക്കും വാഹനം നിര്‍ത്തുകയും പുറത്തെടുക്കുകയും ചെയ്യുക. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും ലൂപ്പിലെ സഞ്ചാരം. അതുകൊണ്ട് സാധാരണ റോഡുകളിലെ വേഗതയുമായി ലൂപ്പിലെ വേഗത താരതമ്യം ചെയ്യാന്‍ പോലും സാധിക്കില്ലെന്നും ദ ബോറിങ് കമ്പനി അവകാശപ്പെടുന്നു.