കൊതുകുനാശിനിയിൽ നിന്ന് തീ പടർന്നു; 3 കുട്ടികൾക്കും മുത്തശ്ശിക്കും ഉറക്കത്തിൽ ദാരുണാന്ത്യം
വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന കൊതുകുനാശിനിയിൽ നിന്ന് തീപടർന്ന് മുത്തശ്ശിയും 3 കൊച്ചുമക്കളും
കൊച്ചുമക്കളും ഉറക്കത്തിൽ ശ്വാസംമുട്ടി മരിച്ചു. തെങ്കാശി സ്വദേശിനി സന്താനലക്ഷ്മി (65), കൊച്ചുമക്കളായ
സന്ധ്യ (10), പ്രിയ രക്ഷിത (8), പവിത്ര (8) എന്നിവരാണു നഗരത്തിനടുത്തുള്ള മണലി മാത്തൂരിൽ മരിച്ചത്.
സന്താനലക്ഷ്മിയുടെ മകളായ സെൽവിയുടെ മക്കളാണ് സന്ധ്യയും പ്രിയ രക്ഷിതയും. ഫുഡ് ഡെലിവറി ജീവനക്കാരനായ
ഇവരുടെ അച്ഛന് അപകടത്തിൽ പരുക്കേറ്റിരുന്നു. സഹായത്തിനായി മുത്തശ്ശിയെ വരുത്തിയ ശേഷം അച്ഛനെ പരിചരിക്കാൻ
അമ്മ ആശുപത്രിയിലേക്കു പോയ രാത്രിയാണ് ദുരന്തം. സന്താനലക്ഷ്മിയും സന്ധ്യയും പ്രിയ രക്ഷിതയും സെൽവിയുടെ
സഹോദരന്റെ മകൾ പവിത്രയും ഒന്നിച്ചാണ് ഉറങ്ങിയത്.
കൊതുകുനാശിനിയിലെ രാസദ്രാവകം തീർന്നതോടെ മെഷീൻ ഉരുകി തീപിടിച്ച് താഴെയുണ്ടായിരുന്ന കാർഡ്ബോർഡ്
പെട്ടിയിലേക്കു വീണ്, അടച്ചിട്ട മുറിയിൽ പുക നിറഞ്ഞുവെന്നാണു കരുതുന്നത്. ഉറക്കത്തിൽ കാർബൺ മോണോക്സൈഡ്
ശ്വസിച്ചതു മൂലം മരിച്ചെന്നാണു പ്രാഥമിക നിഗമനം. രാവിലെ കുട്ടികളെ കാണാത്തതിനെ തുടർന്നു നടത്തിയ
അന്വേഷണത്തിലാണ് 4 പേരെയും മരിച്ച നിലയിൽ കണ്ടത്.