ഭര്‍ത്താവിന്‍റെ കറുത്ത നിറത്തിന് ഭാര്യയുടെ പരിഹാസം; 44 കാരന് വിവാഹ മോചനം അനുവദിച്ച് കോടതി
ബെംഗളുരു: ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച പരിഹസിച്ച ഭാര്യയില്‍ നിന്ന് വിവാഹമോചനം അനുവദിച്ച് കോടതി. കറുത്ത നിറത്തിന്‍റെ പേരില്‍ അപമാനിക്കുന്നത് ക്രൂരതയാണെന്ന് വിശദമാക്കിയാണ് കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം. നിറത്തിന്‍റെ പേരില്‍ പരിഹസിക്കുന്നത് വിവാഹ മോചനത്തിനുള്ള ശക്തമായ കാരണമാകുമെന്ന നിരീക്ഷണത്തോടെയാണ് തീരുമാനം. 44 കാരന് 41കാരിയില്‍ നിന്നുള്ള വിവാഹമോചന കേസിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.
പതിനാറ് വര്‍ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഹൈക്കോടതി നിരീക്ഷണത്തോടെ അവസാനമായത്. സൂക്ഷ്മമായ വിശകലനത്തില്‍ ഭാര്യ നിറത്തിന്‍റെ പേരില്‍ ഭര്‍ത്താവിനെ നിരന്തരം പരിഹസിച്ചിരുന്നതായും ഭര്‍ത്താവിന്‍റെ അടുത്ത് നിന്ന് കാരണമില്ലാതെ മാറി താമസിച്ചതായും കോടതി കണ്ടെത്തി. ഇതിന് ന്യായീകരിക്കാനായി അവിഹിതം അടക്കമുള്ള ആരോപണങ്ങളാണ് 41കാരി 44 കാരനെതിരെ ഉയര്‍ത്തിയത്. ഇതെല്ലാം ക്രൂരതയുടെ തെളിവാണെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമത്തിലെ 13 ഐ എ വകുപ്പ് അനുസരിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്. 2007ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടിയാണ് ഉള്ളത്. 2012ല്‍ ഭര്‍ത്താവ് ബെംഗളുരു കോടതിയെ വിവാഹ മോചനത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ കോടതി അനുവിദിച്ചിരുന്നില്ല. ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.