യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം കുടുംബ ജീവിതം ശിഥിലമാക്കുന്നു, വിവാഹമോചനം കൂടുന്നു: വനിതാ കമ്മീഷൻ
തിരുവനന്തപുരം: യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം കുടുംബ ജീവിതം ശിഥിലമാക്കുന്നുവെന്ന് വനിതാ കമ്മീഷൻ. 30നും 40നും ഇടയിലുള്ളവരിൽ വിവാഹബന്ധം വേർപിരിയുന്നത് വർധിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ്, എക്സൈസ്, തദ്ദേശ സ്ഥാപനങ്ങൾ, ജാഗ്രതാ സമിതികൾ തുടങ്ങിയവയുമായി ചേർന്ന് ജനങ്ങൾക്കിടയിൽ ബോധവത്കരണം നൽകുമെന്നും വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു.
കാസർകോട് കളക്ടറേറ്റില്‍ നടത്തിയ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു കുഞ്ഞായിഷ . ഗാർഹിക പീഡനവും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്നു. കുടുംബ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനു മുൻപേ പരിഹാരം കണ്ടെത്തുന്നതിന് ജാഗ്രതാ സമിതികൾക്കുള്ള പരിശീലനം നടന്നു വരികയാണെന്നും കമ്മീഷൻ അംഗം വ്യക്തമാക്കി. സ്കൂളുകളിലും കോളേജുകളിലും തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് തലത്തിലുമായി വിവിധ വിഭാഗങ്ങളിലുള്ളവർക്ക് കമ്മീഷൻ ബോധവത്കരണം നൽകി വരുന്നുണ്ട്.
വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിലൂടെ വിവാഹത്തിന് മുൻപും ശേഷവും കൗൺസിലിംഗ് നൽകി വരുന്നുണ്ട്. വിവാഹ രജിസ്‌ട്രേഷന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വിവാഹപൂർവ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് വനിതാ കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും കുഞ്ഞായിഷ പറഞ്ഞു. കാസർകോട് ജില്ലയിൽ ജാഗ്രതാ സമിതികൾ മെച്ചപ്പെട്ട പ്രവർത്തനമാണ് നടത്തുന്നത്. ജില്ലയിൽ കമ്മീഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണവും കുറവാണ്.
ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള പ്രോത്സാഹനമായി അവാർഡ് ഏർപ്പെടുത്തിയിരുന്നു. ആദ്യത്തെ അവാർഡ് കാസർകോട് ജില്ലാപഞ്ചായത്തിന്റെ ജാഗ്രതാ സമിതിയാണ് നേടിയത്. ഈ വർഷം അവാർഡ് തുക 50,000 രൂപയാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.