പരസ്പരം പോരടിച്ചു നിൽക്കുന്ന ഒരു സമൂഹത്തേക്കാൾ എപ്പോഴും അഭികാമ്യർ ഒരൊറ്റ മനസ്സോടെ പ്രവർത്തിക്കുന്ന
ചെറുകൂട്ടമാണ് .ഒറ്റപ്പെട്ടു നിൽക്കുന്ന മരം അത് എത്ര വലുതായാലും കൊടുങ്കാറ്റിൽ പിഴുതെറിയപ്പെട്ടേക്കാം . പക്ഷേ കൂട്ടമായി നിൽക്കുന്ന മരങ്ങൾ എത്ര വലിയ കാറ്റിനെയും അതിജീവിക്കും .
തേൻ പോലെ മധുരിക്കണമെങ്കിൽ തേനീച്ചയെ പോലെ ഒത്തൊരുമിക്കണം. ഒത്തൊരുമയാണ് ഏതൊരു ബന്ധങ്ങളുടേയും വിജയരഹസ്യം.
അത് കുടുംബ ബന്ധങ്ങളിൽ ആയാലും സമൂഹത്തിലും സുഹൃദ്ബന്ധങ്ങളിൽ ആയാലും എവിടെ ഒത്തൊരുമയുണ്ടോ അവിടെ തീർച്ചയായും വിജയം ഉണ്ടാവും.
ഒരു നൂലിഴ കൊണ്ട് നമുക്ക് തണുപ്പിനെ പ്രതിരോധിക്കാൻ കഴിഞ്ഞെന്ന് വരില്ല. പക്ഷേ ഒത്തിരി നൂലിഴകൾ കൂട്ടി
നെയ്തെടുക്കുമ്പോൾ
അതൊരു വസ്ത്രമായി മാറി
നമ്മുടെ തണുപ്പകറ്റുന്നു.
ഒരു ചെടി വളർന്ന് പുഷ്പിക്കണമെങ്കിൽ അതിന് മഴയും വെയിലും ഒരുപോലെ
ആവശ്യമാണ്.മനുഷ്യന് തണലും ഫലവും നൽകുന്ന വൃക്ഷങ്ങളാണ് ബന്ധങ്ങൾ. ജീവിതം വരണ്ട മരുഭൂമികൾ ആവാതിരിക്കാൻ ബന്ധങ്ങളുടെ
ചുവട്ടിൽ വെള്ളവും വളവും നൽകി കൊണ്ടേയിരിക്കുക.
സമൂഹം നമ്മുടെ ശരീരം പോലെയാണ് .അതിലെ ഒരവയവത്തിന് അസുഖമായാൽ
ശരീരം മൊത്തം നൊമ്പരപ്പെടുന്നു. കണ്ണുകൾ പരസ്പരം കാണുന്നില്ല. എന്നിട്ടും അവ ഒന്നിച്ച് മാത്രം കാഴ്ചകൾ കാണുന്നു.. ചിമ്മുന്നു.. കരയുന്നു.. അതാണ് ഒരുമ.
നമ്മൾ നമ്മളോടു തന്നെ സ്നേഹത്തോടും ബഹുമാനത്തോടു കൂടിയും പെരുമാറുക. അപ്പോൾ നമുക്ക് മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും ആർജ്ജിക്കാൻ കഴിയും .അങ്ങിനെ മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തിൽ സ്വന്തം പ്രപഞ്ചം തന്നെ സൃഷ്ടിക്കാൻ നമുക്ക് കഴിയും.
✍️ :അശോകൻ.സി.ജി.