അബുദാബിയിൽ പരസ്യമായി മദ്യപിച്ച മലയാളികൾ പിടിയിൽ
അബുദാബിയിൽ പൊതുസ്ഥലങ്ങളിൽ മദ്യപിച്ചതിന് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾ അറസ്റ്റിലായെന്ന് റിപ്പോർട്ട്. ലേബർ ക്യാംപ്, ബാച്ച്‌ലേഴ്സ് താമസ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് അറസ്റ്റ്.
മതവിശ്വാസികൾ അല്ലാത്തവർക്ക് വ്യക്തിഗത ആവശ്യത്തിനു മദ്യം വാങ്ങാൻ യുഎഇയിൽ അനുമതിയുണ്ട്. ഷാർജയിൽ ഒഴികെയുള്ള എമിറേറ്റുകളിലാണ് ഈ അനുമതിയുള്ളത്. ഷാർജ എമിറേറ്റിൽ മദ്യം വാങ്ങാനോ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിയമം.
താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാം. എന്നാൽ തുറസ്സായ സ്ഥലങ്ങളിൽ മദ്യപിക്കരുതെന്നാണ് നിയമം അനുശാസിക്കുന്നത്. ഈ നിയമത്തിലുള്ള ലംഘനത്തിലാണ് നിരവധി പേർ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മുസഫ ഷാബിയ 12ൽ നടന്ന പരിശോധനയിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പ്രോസിക്യൂഷന് കൈമാറി. കോടതി വിധി അനുസരിച്ച് തടവോ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും. മദ്യപിച്ച് വാഹനം ഓടിച്ചാൽ തടവിനു പുറമെ 50,000 ദിർഹം (11.31 ലക്ഷം രൂപ) വരെ പിഴയും ലഭിക്കാം. കേസുകളുടെ തോത് അനുസരിച്ച് നാടുകടത്തൽ വരെ ഉണ്ടായേക്കാം