കേരളത്തിൽ ഒരു ദിവസം പത്ത് പോക്സോ കേസെങ്കിലും റിപ്പോർട്ട് ചെയ്യുന്നു, ഞെട്ടിക്കുന്ന കണക്കുകൾ
തിരുവനന്തപുരം: സാക്ഷര കേരളത്തെ നാണിപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ കുതിച്ചുയരുന്നു. ഈ വർഷം മാത്രം രജിസ്റ്റർ ചെയ്തത് രണ്ടായിരത്തിലധികം കേസുകൾ. ഒരു ദിവസം പത്ത് പോക്സോ കേസെങ്കിലും റിപ്പോർട്ട് ചെയ്യുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ആലുവയില്‍ നാലു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയിട്ട് ദിവസങ്ങള്‍ മാത്രം. മധുരം വാങ്ങി നല്‍കി കൂടെക്കൂട്ടിയ കുരുന്നിനെ പ്രതി അതിപൈശാചികമായി കൊന്നു തള്ളി. ആലുവയുടെ ഞെട്ടൽ മാറും മുമ്പ് തന്നെ തിരൂരങ്ങാടിയിൽ അടുത്ത കുരുന്ന് പീഡിപ്പിക്കപ്പെട്ടു. ഇത്തരത്തിൽ കേരളത്തിലെ ബാലപീഡനങ്ങൾ ഞെട്ടിക്കും വിധം വർധിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താൽ രേഖപ്പെടുത്തിയ പോക്സോ കേസുകളുടെ എണ്ണം 16,944. ഇതിൽ കുരുന്നുകള്‍ പീഡിപ്പിക്കപ്പെട്ട കേസുകൾ 6,583. കൊല്ലപ്പെട്ട കുരുന്നുകള്‍ 126. അതായത് കഴിഞ്ഞ അഞ്ചു വർഷത്തെ പ്രതിവർഷ ശരാശരി 1316. ഇനി ഈ വർഷത്തെ കണക്കുകൾ നോക്കാം. ഏഴു മാസം മാത്രം രേഖപ്പെടുത്തിയത് 2234 പോക്സോ കേസുകൾ. പീഡിപ്പിക്കപ്പെട്ട കുരുന്നുകള്‍ 833. കൊല്ലപ്പെട്ടത് എട്ട് കുരുന്നുകള്‍.