പ്രവാസി ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: ഇന്ത്യക്കാരനെ കൊലപ്പെടുത്തി കേസില്‍ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. ഇന്ത്യക്കാരനായ മുഹമ്മദ് ഹുസൈന്‍ അന്‍സാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് രണ്ട് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കിയത്. സൗദി പൗരന്മാരായ അബ്ദുല്ല മുബാറക് അല്‍ അജമി മുഹമ്മദ്, സൈഅലി അല്‍ അനസി എന്നിവരുടെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയത്.
ഞായറാഴ്ച രാവിലെയാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. കവര്‍ച്ച ലക്ഷ്യമിട്ട് കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരന്റെ കൈവശമുണ്ടായിരുന്ന പണവും മറ്റും പ്രതികള്‍ മോഷ്ടിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുകയും മറ്റ് പലരെയും ഭീഷണിപ്പെടുത്തിയും മറ്റും കൊള്ളയടിക്കുകയും ചെയ്ത പ്രതികള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടതോടെ അവര്‍ക്കെതിരെയും ആയുധമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘത്തിന്റെ പിടിയിലായ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങള്‍ കോടതിയില്‍ തെളിഞ്ഞു.
ഇതോടെ റിയാദ് ക്രിമിനല്‍ കോടതി പ്രതികള്‍ക്കെതിരെ വധശിക്ഷ് വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും മേല്‍ക്കോടതിയും ശിക്ഷ ശരിവെച്ചതോടെ വധശിക്ഷ നടപ്പാക്കാനുള്ള അനുമതി റോയല്‍ കോര്‍ട്ട് നല്‍കുകയായിരുന്നു.