ലോകം അക്രമത്തിൽ മുഴുകുമ്പോൾ നിശബ്ദരായിരിക്കാൻ നമുക്ക് എന്താണ് അവകാശം ?
ചീത്ത ആളുകളുടെ അക്രമമല്ല, മറിച്ച് നല്ല മനുഷ്യരുടെ നിശബ്ദതയാണ് ഈ ലോകത്തെ നശിപ്പിക്കുന്നത്...
മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല. എന്റെ കാര്യങ്ങളെല്ലാം ഭംഗിയായി, കൃത്യസമയത്ത് നടക്കണം എന്ന ചിന്താഗതിയായിരിക്കും സ്വാർത്ഥരായവർക്കുള്ളത്.അവർ അവരിലേക്ക് മാത്രം ശ്രദ്ധയൂന്നുന്നു. സ്വന്തം കാര്യം നോക്കുന്നത് കുഴപ്പമുള്ള കാര്യമല്ല. പക്ഷേ, മറ്റുള്ളവരുടെ ആവശ്യങ്ങളെ അവഗണിച്ചുകൊണ്ട്, സ്വന്തം കാര്യം മാത്രം നോക്കി പ്രവർത്തിക്കുമ്പോൾ അങ്ങനെയുള്ളവർ കുടുംബത്തിലും ജോലിസ്ഥലത്തും വിദ്യാഭ്യാസ കേന്ദ്രങ്ങളിലുമൊക്കെ ഒറ്റപ്പെടുന്നു.സ്വാർത്ഥചിന്താഗതി വിഷമയമാണ്. അത് ബന്ധങ്ങളെ അകറ്റുന്നു. ഇവർക്ക് അധികം സുഹൃത്തുക്കളുണ്ടാവില്ല. കുടുംബത്തിലും ഒറ്റപ്പെടും. സ്നേഹമോ സമയമോ മറ്റുള്ളവർക്കായി പങ്കുവെക്കുമ്പോഴാണ് അത് തിരിച്ചും കിട്ടുന്നത്..ഇന്നത്തെ ലോകം സ്വാർത്ഥതയുടെ ലോകം ആയി തീർന്നിരിക്കുന്നു എന്നത് പറയാതെ വയ്യ. എല്ലാവർക്കും സ്വന്തം കാര്യങ്ങളിൽ മാത്രം ആണ് ശ്രദ്ധ. ജപ്പാനീസ് ഭാഷയിൽ മനോഹരമായ പതിനൊന്ന് മിനിറ്റ് മാത്രം വരുന്ന ഒരു സിനിമയുണ്ട്. പേര് 'ബസ് 44' . ഈ സിനിമ പറയുന്നതും മറ്റുള്ളവരുടെ കാര്യങ്ങളിൽ താല്പര്യമില്ലാത്ത ഇന്നത്തെ ലോകത്തെ കുറിച്ച് ആണ്.
സിനിമ തുടങ്ങുന്നത് ഒരു നീണ്ടുനിവർന്നു കിടക്കുന്ന റോഡ് കാണിച്ചു കൊണ്ടാണ്. നായകൻ ബസ് കാത്തുനിൽക്കുന്നു. ഉച്ച സമയം. വണ്ടികളൊന്നും വരുന്നില്ല. അയാൾ നിരാശനായി നിൽക്കുന്നു. അപ്പോൾ ഒരു ട്രാൻസ്‌പോർട് ബസ് വരുന്നു. ഒരു സ്ത്രീ ആണ് ബസ് ഡ്രൈവർ. അയാൾ കൈ കാണിക്കുന്നു. ബസ്സിൽ കയറുന്നു. ബസ്സിൽ സീറ്റുകൾ എല്ലാം ഏതാണ്ട് നിറഞ്ഞിരിക്കുന്നു.അയാൾ ബസ് ഓടിക്കുന്ന സ്ത്രീയോട് ചെന്നുകുശലം പറയുന്നു. അവൾ സംസാരിക്കാനുള്ള ഒരു മൂഡിൽ അല്ല. ആ ചെറുപ്പക്കാരൻ വന്നു സീറ്റിൽ ഇരിക്കുന്നു. വീണ്ടും രണ്ടു യാത്രക്കാർ കയറുന്നു. അവർ യാത്രക്കാർ ആയിരുന്നില്ല. കൊള്ളക്കാർ ആയിരുന്നു. അവർ ആയുധം കാട്ടി യാത്രക്കാരെ ഭീഷണി പെടുത്തുന്നു. പണം പിടിച്ചു വാങ്ങുന്നു. എല്ലാവരും പണം കൊടുക്കുന്നു. കൊടുക്കാത്തവരെ അടിക്കുന്നു. അവർ കൊള്ളകഴിഞ്ഞു ഇറങ്ങുന്നു. കൂടെ വണ്ടി ഓടിക്കുന്ന പെൺകുട്ടിയേയും ബലമായി പിടിച്ചു കൊണ്ടു പോകുന്നു. ആരും ഒന്നും മിണ്ടുന്നില്ല. അവർ ആ പെൺകുട്ടിയെ റോഡിനരികിലുള്ള ഒരു പൊന്തക്കാടിനു പിന്നിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്യുന്നു.അവളുടെ നിലവിളി ഉയരുന്നു. അവൾ തന്നെ രക്ഷിക്കാൻ കേണ് അപേക്ഷിക്കുന്നു. ആരും സീറ്റിൽ നിന്ന് അനങ്ങുന്നില്ല. ആ ചെറുപ്പക്കാരൻ എണീറ്റു മറ്റുള്ളവരോട് ചോദിക്കുന്നു "നമ്മൾ എന്തെങ്കിലും ചെയ്യണ്ടേ?" ആരും അനങ്ങുന്നില്ല. അയാൾ ബസ്സിൽ നിന്നുമിറങ്ങി ഓടി അവളുടെ അരികിലെത്തുന്നു. അവളെ രക്ഷിക്കാൻ നോക്കുന്നു. ആ കൊള്ളക്കാർ അയാളെ അടിച്ചു നിലത്തിടുന്നു. അയാൾക്ക് സാരമായ പരിക്കുകൾ സംഭവിക്കുന്നു. പിന്നെ നമ്മൾ കാണുന്നത്. തികച്ചും അപമാനിത ആയ ആ പെൺകുട്ടി ബസ്സിൽ വന്നു കയറുന്ന ദൃശ്യമാണ്. അവൾ തനിക്കുവേണ്ടി ഒരു കൈ വിരൽ പോലും അനക്കാതെ ഇരുന്ന യാത്രക്കാരെ അതിരൂക്ഷമായി നോക്കുന്നു. അവർ ഒന്നും സംഭവിക്കാത്ത മട്ടിൽ കൈകെട്ടി ഇരിക്കുന്നു. ചിലർ മുഖം തിരിക്കുന്നു. അവൾ തന്റെ സീറ്റിൽ ഇരുന്നു വിതുമ്പുന്നു. ആ ചെറുപ്പക്കാരൻ വേച്ചു വേച്ചു വരുന്നു. അയാൾ റോഡിൽ നിന്ന് പറയുന്നു "I am sorry sister. I couldnt do anything". പെട്ടന്ന് അവൾ എണീറ്റു ബസ് ഡോർ വലിച്ചടക്കുന്നു. അയാളുടെ ബാഗും മറ്റും അവൾ പുറത്തേക്കു വലിച്ചെറിയുന്നു. "എന്തായിത്? ഞാൻ എന്ത് തെറ്റുചെയ്തു?" ആ ചെറുപ്പക്കാരന്റെ നിലവിളി അവൾ കേൾക്കുന്നില്ല. അവൾ അതിവേഗത്തിൽ ബസ് മുന്നോട്ടെടുത്തു പോയി. അയാൾ നിരാശനായി റോഡിൽ തലകുനിച്ചു ഇരിക്കുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ ഒരു കാർ വരുന്നത് അയാൾ കാണുന്നു. ആ ഡ്രൈവർ അയാൾക്ക് ഒരു ലിഫ്റ്റ് കൊടുക്കുന്നു അല്പം കഴിയുമ്പോൾ പൊലീസ്‌വണ്ടികളും ആംബുലൻസ് വണ്ടികളും അവരെ അതിവേഗം കടന്നു പോകുന്നു. "എന്തോ വലിയ അപകടം സംഭവിച്ചിട്ടുണ്ട്" ഡ്രൈവർ പറഞ്ഞു. ഒടുവിൽ അവർ അപകട സ്ഥലത്തു എത്തുമ്പോൾ അവർ അറിയുന്നു, മുമ്പേ പോയ ബസ് പാലത്തിൽ നിന്ന് താഴേക്കു മറിഞ്ഞു. ഓടിച്ചിരുന്ന സ്ത്രീയും യാത്രക്കാരും എല്ലാം മരിച്ചു. ആ ചെറുപ്പക്കാരന് അപ്പോഴാണ് തന്നെ വണ്ടിയിൽ നിന്ന് അവൾ ഇറക്കി വിട്ടതിന്റെ രഹസ്യം മനസ്സിലായത്.
സത്യത്തിൽ നമ്മളല്ലേ ഈ ബസിലെ യാത്രക്കാർ? സ്വന്തം സുരക്ഷ മാത്രം നോക്കി കയ്യുംകെട്ടി നോക്കി ഇരിക്കുന്നവരല്ലേ നമ്മളെല്ലാം? നമ്മളെല്ലാം ഒരുമിച്ചു പ്രവർത്തിച്ചിരുന്നുവെങ്കിൽ ഈ ലോകം ഇങ്ങനെ ആകുമായിരുന്നോ? ഇനി നെപ്പോളിയൻ പറഞ്ഞ ഒരു വാചകം കൂടി പറഞ്ഞു കഥ അവസാനിപ്പിക്കട്ടെ. "It is not the violence of the bad people but the silence of the good people that ruins this world"
'ചീത്ത ആളുകളുടെ അക്രമമല്ല, മറിച്ച് നല്ല മനുഷ്യരുടെ നിശബ്ദതയാണ് ഈ ലോകത്തെ നശിപ്പിക്കുന്നത്'.