സ്വയം വിനീതരാകാൻ തയാറായിട്ടുള്ളവർക്ക് മാത്രമാണ് ലോകത്തിന് ക്രിയാത്മകമായി എന്തെങ്കിലും നൽകാൻ സാധിച്ചിട്ടുള്ളത്._ _വെട്ടിപ്പിടിച്ചവരുടെ നേട്ടങ്ങൾ പാഠപുസ്തകങ്ങളാകുമ്പോൾ വിനീതരായവരുടജീവിതം പാഠമാകും.
ആത്മസംയമനം, അഹംഭാവം ഇല്ലായ്മ,പ്രതിപക്ഷ ബഹുമാനം, സംഭാഷണത്തിൽ മിതത്വം, പെരുമാറ്റത്തിൽ മര്യാദ തുടങ്ങിയ ഗുണങ്ങളുടെ സമ്മോഹനമായ സമ്മേളനം ആണ് വിനയം. അവനവന്റെ നേട്ടങ്ങളെ പറ്റിയോ ഗുണഗണങ്ങളെ പറ്റിയോ സൽപ്രവർത്തികളെ പറ്റിയോ കൊട്ടി ഘോഷിക്കുന്നത് വിനയത്തിന്റെ ലക്ഷണമല്ല.പഴമക്കാരുടെ ഒരു ചൊല്ലുണ്ട് "നിന്റെ ഗുണത്തെ പറ്റി നിന്റെ വായിൽ നിന്ന് ഒന്നും പുറപ്പെടാതിരിക്കട്ടെ.അത് മറ്റുള്ളവർ കണ്ടും കേട്ടും പറയട്ടെ... വിനയം കൊണ്ട് നാം നമ്മുടെ ഗുണങ്ങളെ ആവേണം ചെയ്യുമ്പോൾ അതിന്റെ മറവിൽ കൂടി അത് അധിക ശോഭയോടെ പുറത്ത് വരാതിരിക്കില്ല. ഒരു കാലത്ത് വിനയം സംസ്കാരത്തിന്റെ പ്രാഥമികമായ പാഠമായി കരുതപ്പെട്ടിരുന്നെങ്കിൽ ഇന്ന് ആ സ്ഥിതിക്ക് മാറ്റം സംഭവിച്ചിരിക്കുന്നു .എല്ലാ ജീവിത മേഖലകളിലും കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സ്ഥിതി വിശേഷം ആണിന്ന് .ശക്തിപ്രകടനങ്ങളുടെയും പോർവിളികളുടെയും കാലം ആണിത്. വിനയം ബലഹീനതയായൊ മണ്ടത്തരമായോ വ്യാഖ്യാനിക്കപ്പെടുന്ന കാലം....
ഒരാളുടെ നിർബന്ധങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാൽ അയാൾ ആരാണെന്നും അയാളുടെ മനോഭാവം എന്താണെന്നും തരംതിരിച്ചെടുക്കാം. ഒരാളും എന്റെ അഹംഭാവത്തിന് ഇരയാകരുത് എന്ന തീരുമാനമാകാം ജീവിതത്തിൽ സവിശേഷമായ നിമിഷങ്ങൾ സമ്മാനിക്കുന്നത്. വിനീതരാകുന്നവരുടെ വിനയം ഒരു പാഠമാണ്. സ്വയം വിനീതരാകാൻ തയാറായിട്ടുള്ളവർക്ക് മാത്രമാണ് ലോകത്തിന് ക്രിയാത്മകമായി എന്തെങ്കിലും നൽകാൻ സാധിച്ചിട്ടുള്ളത്. വെട്ടിപ്പിടിച്ചവരുടെ നേട്ടങ്ങൾ പാഠപുസ്തകങ്ങളാകുമ്പോൾ വിനീതരായവരുടെ ജീവിതം പാഠമാകും.
അധികാരത്തിന്റെ പേരിൽ ബഹുമാനിക്കപ്പെടുന്നവർ അധികാരത്തിനുശേഷം അവഗണിക്കപ്പെടും. താൽക്കാലിക പ്രതാപങ്ങൾക്ക് സ്ഥിരമായ പ്രവർത്തനശേഷി ഉണ്ടാകില്ല. ഇടപെടുന്നവന്റെ നിറത്തിനും ശൈലിക്കും അനുസരിച്ച് സ്വന്തം സ്വഭാവത്തെ ക്രമീകരിക്കുന്നവർക്ക് സ്ഥായിയായ നന്മയുടെ ഭാവംപോലും നഷ്‌ടപ്പെടും. അർഹതയുള്ളവരോടും തിരിച്ചുനൽകാൻ ശേഷിയുള്ളവരോടും പ്രകടിപ്പിക്കുന്ന വിനയവും എളിമയും സ്വാർഥതയുടെ പുറംചട്ട അണിഞ്ഞതും ആണ്. ഒന്നും നൽകാൻ ശേഷിയില്ലാത്തവരുടെ മുന്നിൽ വിനീതരാകുന്നവർക്ക് തലമുറകളുടെ ഹൃദയങ്ങളിൽ പ്രതിഷ്‌ഠയുണ്ടാകും.
അധികാരം കയ്യിൽ എത്തിയാൽ പിന്നെ തന്റെ കീഴിൽ ഉള്ളവർ എല്ലാം തന്നെ ബഹുമാനത്തോടെ കാണണം എന്ന് കരുതുന്ന അധികാരികൾ ഉള്ള നാടാണ് നമ്മുടേത്... എത്ര വലിയ അധികാരി ആയാലും വിനയത്തോടെ പെരുമാറുന്നത് കൊണ്ട് അവരുടെ മഹത്വം കൂടുകയല്ലാത കുറയുകയില്ല..
നമ്മൾ എത്ര ഉയരത്തിൽ എത്തുന്നുവോ, അത്രയും വിനയമുള്ളവരാവുക. നമ്മുടെ ശിരസ്സുകൾ മൂല്യമുള്ളതാവട്ടെ !
താഴുമ്പോഴാണ് മൂല്യമേറുക എന്ന തുലാസിൻ്റെ തത്വം നമുക്ക് വലിയൊരു തിരിച്ചറിവായിരിക്കും.