പ്രകടിപ്പിക്കുന്നവയും പ്രദർശിപ്പിക്കുന്നവയുമല്ല, ആരുടെയും യഥാർത്ഥ അവസ്ഥ, ചുണ്ടിൽ പുഞ്ചിരി വിരിയുമ്പോഴും ചിലപ്പോൾ ഉള്ളിൽ കനൽ എരിയുന്നുണ്ടാകും...
ഇത്രനാളും അടുത്തിരുന്നിട്ടും ഒന്നുമറിയാൻ കഴിഞ്ഞില്ലല്ലോ എന്ന വികാരം ആരെക്കുറിച്ചെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ നമ്മുടെ കാഴ്‌ച പരിശോധിക്കണം:
മിഴികളുടെയല്ല, മനസ്സിന്റെ.
കണ്ണ് പുറത്തെ കാഴ്‌ചകൾ കാണാൻ വേണ്ടി മാത്രമാണ്; അകം കാണണമെങ്കിൽ അകക്കണ്ണ് വേണം. ഒരാളുടെ സന്തോഷം തിരിച്ചറിയാൻ അയാളുമായുള്ള അകലവും അന്തരവും ഇല്ലാതാകണം.
തനിച്ചുനിൽക്കാൻ പഠിക്കുന്നതിനോടൊപ്പം താങ്ങാകാനും കൂടി പഠിക്കണം. ഒറ്റയ്‌ക്ക് നിൽക്കേണ്ടി വരുന്നവർക്ക് സഹതാപമല്ല സഹകരണമാണ് വേണ്ടത് എന്നോർക്കുക.
നല്ല ഓർമ്മകൾ സമ്മാനിക്കുക, ആ ഓർമ്മകളുടെ ഭാഗമാവുക എന്നത് പരസ്പര സ്നേഹത്തിന്റെ അടിത്തറയാണ്.
കണ്ടറിഞ്ഞ് കൂടെ നിൽക്കുന്നവർക്ക് മാത്രമേ ആളുകൾ ഹൃദയത്തിൽ ഇടം നൽകൂ.
സമ്മാനിക്കുന്നത് പുഞ്ചിരിയാകാം, നോട്ടമാകാം, സ്പർശമാകാം. പകരം വെയ്ക്കാനാവാത്ത മാസ്മരികശക്തി അവയ്ക്കുണ്ടാകണം.
മറ്റുള്ളവരുടെ ഹൃദയങ്ങളിലും പ്രാർത്ഥനകളിലും സ്ഥാനം നേടാൻ കഴിയുക എന്നത് വലിയൊരു ഭാഗ്യമാണ്.
കേൾക്കുന്നതൊന്നും ശബ്ദമവസാനിക്കുമ്പോൾ വിസ്മരിക്കപ്പെടില്ല. കാണുന്നതെല്ലാം കാഴ്ചനഷ്ടപ്പെട്ടാലും കൺമുന്നിൽ തെളിഞ്ഞുവരും, നിരാശയും പകയും ജനിപ്പിക്കുന്ന ഓർമകളെക്കാൾ സന്തോഷവും പ്രതീക്ഷയും നൽകുന്ന ഓർമകൾ അവശേഷിപ്പിക്കുന്നതാണ് നല്ലത്.
ചെയ്യുന്നത് നന്മയാണെങ്കിൽ അത് പടർന്നുപന്തലിച്ചു മുന്നോട്ടുനീങ്ങും, തിന്മയാണെങ്കിൽ അതു തുടങ്ങിയിടത്തേക്ക് തിരിച്ചെത്തും.
എല്ലാ പകരംവീട്ടലുകളും തിന്മകളുടെ ബാക്കിയാണ്.സൽക്കർമങ്ങളിലും പകരത്തിന് പകരം ഉണ്ടായിരുന്നെങ്കിൽ എത്ര സുഖാനുഭവങ്ങൾ നിറഞ്ഞതായേനെ ജീവിതം