പ്രതിശ്രുത വരനൊപ്പം സ്കൂട്ടറിൽ സഞ്ചരികവേ കോഴിക്കോട് ഗാന്ധി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ബേപ്പൂർ നടുവട്ടം സ്വദേശിനി നൂറുൽ ഹാദിക്ക് കണ്ണീരോടെ വിട നൽകി നാട്.
നൂറുൽ ഹാദിക്ക് വിട; വിങ്ങിപ്പൊട്ടി നാട്
ബേപ്പൂർ: പ്രതിശ്രുത വരനൊപ്പം സ്കൂട്ടറിൽ സഞ്ചരികവേ കോഴിക്കോട് ഗാന്ധി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ബേപ്പൂർ നടുവട്ടം സ്വദേശിനി നൂറുൽ ഹാദിക്ക് കണ്ണീരോടെ വിട നൽകി നാട്. ദുഖം തളം കെട്ടിനിന്ന അന്തരീക്ഷത്തിൽ മാത്തോട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നൂറുൽ ഹാദിയെ ഖബറടക്കി. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ.
കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ട നടപടികൾക്കു ശേഷം വൈകീട്ട് ആറോടെയാണ് നൂറുൽ ഹാദിയുടെ മൃതദേഹം മാത്തോട്ടത്തെ വീട്ടിലെത്തിച്ചത്. അലമുറയിട്ട് കരഞ്ഞ ബന്ധുക്കളെ ആശ്വസിപ്പിക്കാനാവാതെ നാട്ടുകാർ വിങ്ങിപ്പൊട്ടി. വെള്ളിമാട് കുന്ന് ജെഡിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ആന്റ് ടെക്നോളജിയിൽ ബിഎ എക്ണോമിക്സ് വിദ്യാർഥിനിയായ നൂറുൽ ഹാദിയെ സുഹൃത്തുക്കളും അധ്യാപകരും നിറകണ്ണുകളോടെയാണ് യാത്രയാക്കിയത്.
പ്രതിശ്രുത വരനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ കോഴിക്കോട് ഗാന്ധി റോഡിൽവച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 18കാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ഇവർ സഞ്ചരിച്ച സ്കൂട്ടർ എതിരേ വന്ന ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ നൂറുൽ ഹാദിക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട് കുണ്ടുങ്ങൽ പള്ളിക്കണ്ടി സ്വദേശിയായ മെഹബൂദ് സുൽത്താൻ (20) സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. അടുത്തിടെയാണ് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. മെഹബൂദ് ദിവസങ്ങൾക്കു മുമ്പാണ് വിദേശത്ത് നിന്നെത്തിയത്.
ബേപ്പൂർ നടുവട്ടം വെസ്റ്റ് മാഹി അർബാൻ നജ്മത്ത് മൻസിലിൽ കെ പി മജ്റൂക്കിന്റെ മകളാണ് 18കാരിയായ നൂറുൽ ഹാദി. സലീഖത്താണ് മാതാവ്. സഹോദരങ്ങൾ: ഹസീന. അഫ്സൽ. മാത്തോട്ടം വനശ്രീക്ക് പിറകിലാണ് നൂറുൽ ഹാദിയുടെ കുടുംബം ഇപ്പോൾ താമസിക്കുന്നത്.