'യെവൻ പുലിയാണ് കേട്ടാ'; രാത്രിയിൽ ബൈക്ക് ഓടിച്ച് ചെന്നത് റോഡിനു നടുവിൽ നിൽക്കുന്ന പുലിയുടെ മുന്നിലേക്ക്; വണ്ടി തിരിച്ച് രക്ഷപ്പെട്ടു പഞ്ചായത്ത് മെമ്പർ.
റോഡിനു നടുവിൽ പുലി, ബൈക്ക് യാത്രക്കാരന് ബൈക്ക് തിരിച്ചുവിട്ട് രക്ഷപ്പെട്ടു. വഴിക്കടവ് പഞ്ചായത്ത് അംഗം മരുതയിലെ മുപ സെയ്തലവിയാണ് പുലിയുടെ മുന്നിൽ പെട്ടത്. ചെമ്പൻകൊല്ലി - കോടാലിപൊയിൽ റോഡിൽ മേലെ ചെമ്പൻകൊല്ലിക്ക് സമീപം രാത്രിയിൽ ആണ് സംഭവം.
റോഡരികിലെ വനത്തിൽ നിന്നു കയറിയ പുലി മറുവശത്തെ റബർ തോട്ടത്തിലേക്ക് പോവുന്നതിനിടെ റോഡിന് കുറുകെ നിൽക്കുകയായിരുന്നു. ബൈക്കിന്റെ വെളിച്ചത്തിൽ ദൂരെ നിന്നു ഒരു ജീവിയെ കണ്ടുവെങ്കിലും കാട്ടുപന്നിയായിരിക്കുമെന്ന് ധരിച്ച് ബൈക്ക് മുന്നോട്ടെടുത്തു.
അടുത്തെത്തിയപ്പോമനസിലായി, സാക്ഷാൽ പുലി തന്നെയെന്ന്. കിട്ടിയ ധൈര്യത്തിൽ ബൈക്ക് തിരിച്ചു. ഇതിനിടയിൽ തോട്ടത്തിലേക്ക് കയറാതെ പുലി വനത്തിലേക്ക് തന്നെ തിരിച്ചു കയറി. ഇതോടെയാണ് സൈതലവിക്ക് ശ്വാസം നേരെ വീണത്. ഭീതി കാരണം പിന്നീട് പോത്തുകല്ല് വഴിയാണ് മരുതയിലേക്ക് പോയത്. ഇതിനു മുൻപും പ്രദേശത്തെ റബർ തോട്ടത്തിൽ വച്ച് ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടിരുന്നു.