ഉത്തരവാദിത്വത്തോടെ ചില ഉറച്ച തീരുമാനങ്ങൾ സ്വയം എടുക്കേണ്ട സാഹചര്യങ്ങളിൽ
മറ്റുള്ളവരുടെ വാക്കുകൾ അനുസരിച്ച് പ്രവൃത്തിക്കേണ്ടി വന്നതുകൊണ്ടാണ് പലർക്കും സ്വന്തം ജീവിതം തന്നെ നഷ്ടമായത് . കുറച്ചു വൈകിയാലും സ്വയം ആലോചിച്ചു എടുക്കുന്ന തീരുമാനങ്ങൾ തന്നെയാകും ശരിയെന്ന് പിന്നീട് ബോധ്യമാകും .
എൻ്റെ ജീവിതം എൻ്റെ സ്വന്തമാണെന്ന് നമ്മൾ തീരുമാനിക്കുന്ന ദിവസമാണ് ജീവിതത്തിലെ ഏറ്റവും വിലയേറിയ ദിവസം. ക്ഷമ പറച്ചിലോ ഒഴിവുകഴിവുകളൊ ഇല്ലാതെ ജീവിതത്തിൻ്റെ ഉത്തരവാദിത്വം സ്വയം എറ്റെടുക്കുന്ന ആ ദിവസം ഉണ്ടല്ലോ .... അന്നാണ് നമ്മൾ യഥാർത്ഥത്തിൽ ജീവിക്കാൻ തുടങ്ങുന്നത്.
നിങ്ങളുടെ ജീവിതത്തിൻ്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക. നിങ്ങൾ പോകാൻ ആഗ്രഹിക്കു ന്നിടത്ത് നിങ്ങളെ എത്തിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് മനസ്സിലാക്കുക. നമ്മുടെ
ഉത്തരവാദിത്വങ്ങളിൽ
വിശ്വസ്തത പുലർത്തുക..
നമ്മുടെ ദൗത്യം മറ്റുള്ളവരെ ഏല്പിക്കാതിരിക്കുക.
കുറുക്കുവഴികൾ ഉപേക്ഷിച്ച് സമയബന്ധിതമായി സ്വന്തം കർമ്മങ്ങൾ ചെയ്ത് തീർക്കണം. ഇതിനായി നിങ്ങളുടെ കഴിവുകൾ പരിപൂർണ്ണമായി ഉപയോഗിക്കുക .
പരാശ്രയത്തേക്കാൾ സ്വാശ്രയമാണ് പ്രധാനമെന്നും ഇതിൻ്റെ യഥാർത്ഥ ഗുണം നമുക്ക് തന്നെയാണെന്നും മനസ്സിലാക്കണം.
എത്തിച്ചേരാൻ ആഗ്രഹിച്ച സ്ഥലത്തു എത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന ആവേശത്തിനും ആരവങ്ങൾക്കുമിടയിൽ ചെയ്തു തീർക്കേണ്ട ഉത്തരവാദിത്വങ്ങൾ പലരും മറക്കും. ഇനിയൊന്നും ചെയ്യാനില്ല എന്നുറപ്പിച്ചുള്ള വിശ്രമം സ്വന്തം കർത്തവ്യങ്ങളിൽ നിന്നുള്ള വിരമിക്കലാണ്.
നമ്മൾ എന്തെങ്കിലും ഒരു ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞാൽ എന്നെക്കൊണ്ട് അതിന് കഴിയില്ല എന്നതിന് പകരം എന്നെക്കൊണ്ട് അത് എങ്ങനെ ഏറ്റവും മനോഹരമായി ചെയ്തു തീർക്കാൻ കഴിയും എന്നാണ് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടത്.