ധാരാളം കൂട്ടുകുടുംബ ബന്ധങ്ങൾ പൂത്തുലഞ്ഞു നിന്നിരുന്ന മണ്ണിലാണ് നമ്മുടെയൊക്കെ ജീവിതം. നല്ല കുടുംബബന്ധവും സുഹൃദ്ബന്ധവും എന്നും ജീവിതയാത്രയിലെ മുന്നോട്ടുള്ള പ്രയാണത്തിൽ നമുക്ക് കരുത്തേകും. ഒന്നോർക്കണം നമ്മൾ.. ശത്രുതയില്ലാത്ത മനസ്സിന് സ്നേഹിതരുടെ എണ്ണവും നല്ല ബന്ധങ്ങളും എന്നും തുണയായിരിക്കും.
സ്നേഹം കൊണ്ട് നിർമ്മിച്ച ഒരു ചെറിയ ലോകം ആണ് കുടുംബം. ആ ലോകം സുന്ദരമാക്കാൻ പ്രിയപ്പെട്ടവരുടെ സന്തോഷത്തിന് തോറ്റു കൊടുക്കുന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.
ബന്ധങ്ങൾ എല്ലായ്പ്പോഴും ബന്ധനങ്ങൾ തന്നെയാണ് .പക്ഷേ ആ ബന്ധനങ്ങൾ ഇല്ലാതായാൽ പിന്നെ നമ്മുടെയൊക്കെ ജീവിതം നൂല് പൊട്ടിയ ഒരു പട്ടം പോലെ ആയി തീരാൻ നിമിഷങ്ങൾ മാത്രം മതിയാകും.
ബന്ധങ്ങൾ എല്ലായ്പ്പോഴും ഒരു നല്ല തണൽ ആകണം. പകരം പൊള്ളുന്ന ചൂടാണ് അവിടെ നിന്നും ലഭിക്കുന്നതെങ്കിൽ അത്തരം ബന്ധങ്ങൾ ഉപേക്ഷിക്കുന്നതാണ് ഉചിതം.
കുടുംബബന്ധങ്ങൾ ദൃഢമായിരിക്കട്ടെ. അത് ഇന്നേക്ക് മാത്രമുള്ളതല്ല നാളെക്കും കൂടി ഉള്ളതാണ്.വരൾച്ച ബാധിച്ച നദിയും അകൽച്ച ബാധിച്ച ബന്ധവും പുനർജ്ജനിക്കുന്നത് നനഞ്ഞു കുതിർന്നു കൊണ്ടായിരിക്കും.
ബന്ധങ്ങൾ ഒരു നേരമ്പോക്കായി മാത്രം കാണുന്ന മനുഷ്യർക്കിടയിൽ ബന്ധങ്ങളെ കാത്തുസൂക്ഷിക്കുകയും സ്നേഹത്തോടെ കൂട്ടിയിണക്കുകയും ചെയ്യുന്ന മനുഷ്യരും ഉണ്ട് എന്നത് മാത്രമാണ് സ്നേഹത്തിൽ മാത്രം വിശ്വസിച്ച് ജീവിക്കാൻ നമ്മളെ ഇന്നും പ്രേരിപ്പിക്കുന്നത്.
✍️: അശോകൻ.സി.ജി.