ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് യുവതികളെ ലഹരിക്ക് അടിമകളാക്കും; ആയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ
കോട്ടയം: എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവുമായി ആയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ. പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിളിനെയാണ് (24) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്നു വിൽക്കാൻ കോട്ടയത്ത് എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കർണാടക റജിസ്ട്രേഷനിലുള്ള കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.ബെംഗളൂരുവിൽ ആയുർവേദ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ് പിടിയിലായ ഫിലിപ്പ് മൈക്കിൾ.
കേരളത്തിൽ ലഹരി എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് പ്രതി എന്നാണ് എക്സൈസിന്റെ നിഗമനം. കഴിഞ്ഞ രണ്ടു മാസമായി ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു നിർണായക വിവരങ്ങൾ ലഭിച്ചത്. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ എംഡിഎംഎ വിൽക്കുകയാണ് ഇയാളുടെ പതിവ്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന യുവതികളുമായി പ്രണയത്തിലായി അവരെ ലഹരിമരുന്ന് കണ്ണിയിൽപ്പെടുത്തുന്നതുമാണ് ഇയാളുടെ പതിവു രീതി.
കോട്ടയത്തുള്ള യുവതിയുമായി ഇൻസ്റ്റഗ്രാമിൽ നടത്തിയ ചാറ്റിങ്ങിനെ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം നടത്തിയപ്പോൾ ഇയാൾ ബെംഗളുരുവിൽ നിന്ന് കോട്ടയത്തേക്കു വരുന്നതായി സൂചന ലഭിച്ചു. കോട്ടയത്തു വരുമ്പോൾ യുവതിയെ നേരിട്ടു കാണാമെന്ന് ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ നൽകിയ സന്ദേശം എക്സൈസിനു ലഭിച്ചു. ഇതേതുടർന്നാണ് പ്രതിയെ പിടികൂടിയത്.
ലഹരി മരുന്നിന്റെ വൻ ശേഖരവുമായി ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കു പുറപ്പെട്ട പ്രതി പല ജില്ലകളില്‍ വിൽപന നടത്തിയതിന്റെ വിശദാംശങ്ങൾ എക്സൈസ് പരിശോധിച്ചു വരികയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആയുർവേദ തെറാപ്പിസ്റ്റായി ജോലി ചെയ്ത ഇയാൾ കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ ലഹരിമരുന്ന് എത്തിക്കുന്നതിൽ പ്രധാന കണ്ണിയാണ്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും, ബാങ്ക് ഇടപാട് സംബന്ധിച്ചും അന്വേഷണം നടത്തി വരികയാണ്.