സ്വാതന്ത്രം എന്നത് പ്രലോഭനങ്ങളെ അതിജയിക്കൽ കൂടിയാണ്... എല്ലാ സ്വാതന്ത്രവും ഉണ്ടെങ്കിലും അവ എല്ലാം
നമുക്ക് എടുത്ത് പ്രയോഗിക്കാൻ ആകില്ല.
നിറയേ വെള്ളത്തിൽക്കിടക്കുന്ന മത്സ്യം ഒരിക്കലും വിശപ്പു കൊണ്ടല്ല മറിച്ച് കൊതിയും കൗതുകവും കൊണ്ടാണ് ചൂണ്ടയിൽക്കുരുങ്ങിയത്;
നമ്മളും.
ഒരു കഥയുണ്ട് ; രണ്ട് റെയിൽവേ പാളങ്ങൾ അടുത്തടുത്തായി ഇരിക്കുന്നു.ഒന്നിൽ ട്രെയിൻ വരാത്തത്. മറ്റൊന്ന് അടിക്കടി ട്രെയിൻ വരുന്നത്.ട്രെയിൻ വരാത്ത പാളത്തിൽ ഒരു കുട്ടി കളിച്ച് കൊണ്ടിരിക്കുന്നു. ട്രെയിൻ വരുന്ന പാളത്തിൽ പത്ത് കുട്ടികൾ ഒന്നിച്ചിരുന്ന് കളിക്കുന്നു.തൊട്ടടുത്ത നിമിഷത്തിൽ ട്രെയിൻ വരുന്നു. ട്രാക്ക് മാറ്റി വിടാൻ കഴിയുന്ന നിങ്ങൾ ഇത് കാണുന്നു ..നിങ്ങൾ ആരുടെ നേരേ ട്രെയിൻ തിരിച്ച് വിടും.?
ഇങ്ങനൊരു ചോദ്യം ഒരാൾ ഒരു വ്യക്തിയോട് ചോദിച്ചു.
സത്യത്തിൽ നമ്മൾ എന്താകും ചെയ്യുക..??
ഒരു കുട്ടി ഇരുന്ന് കളിക്കുന്ന പാളത്തിലേക്ക് ട്രെയിൻ തിരിച്ച് വിടും.
എന്തുകൊണ്ടെന്നാൽ പത്ത് കുട്ടികളെ രക്ഷിക്കാം എന്ന സത്യം.
"സമൂഹം അങ്ങനെയാണ്"
ട്രെയിൻ വരും എന്നറിഞ്ഞിട്ടും ട്രാക്കിൽ കളിച്ച തെറ്റു ചെയ്ത കുട്ടികൾ രക്ഷിക്കപ്പെടും.
ട്രെയിൻ വരാത്ത സ്ഥലത്ത് ആർക്കും ശല്യമില്ലാതെ കളിച്ച തെറ്റ് ചെയ്യാത്ത കുട്ടി ശിക്ഷിക്കപ്പെടും....ഈ ലോകത്ത് നമ്മുടെ ജീവിതവും നാടും ഇങ്ങനെയാണ്.
" Fault makers are majority,*_ _*even they protected in most situations ".
നല്ലത് ഒറ്റക്ക് ചെയ്യുന്നവൻ ശിക്ഷിക്കപ്പെടുന്നു...തെറ്റുകൾ കൂട്ടത്തോടെ ചെയ്യുന്നവർ രക്ഷിക്കപ്പെടുന്നു.
അധ്യാപകനൊപ്പം കൂടെത്താമസിച്ച് പഠിക്കുന്നുണ്ട് കുറച്ചു പേർ. അതിലൊരാൾ ഓരോ അനർത്ഥങ്ങളിൽ ചെന്നു വീഴുന്നു. പാടില്ലെന്നെത്ര പറഞ്ഞിട്ടും ആവർത്തിച്ച് ചെയ്യുന്നു. എന്നിട്ടും മാഷിന് അവനെ മടുക്കുന്നില്ല.പറഞ്ഞു വിടുന്നില്ല. പരാതികൾ കുറേ വന്നു. എല്ലാരും അവനെ ഒഴിവാക്കാൻ നിർബന്ധിച്ചു. ഇല്ല. മാഷ് സമ്മതിക്കുന്നില്ല. അതെന്താ കാരണം ? ഇത്രയേറെ അനർത്ഥങ്ങൾ കാണിച്ചിട്ടും അവനോടിത്രയിഷ്ടം? അതിന്റെ കാരണം മാഷ് പറഞ്ഞു കൊടുത്തു: ‘എനിക്കും അവനുമിടയിൽ സ്നേഹത്തിന്റെ അദൃശ്യമായൊരു നൂൽ ഉണ്ട്. ഓരോ അനർത്ഥങ്ങളിൽപ്പെട്ട് അവനാ നൂല് ഇടക്കിടക്ക് പൊട്ടിക്കും. അപ്പോഴൊക്കെ ഞാനത് കൂട്ടിക്കെട്ടും. അപ്പോൾ മുമ്പുള്ളതിനേക്കാൾ ഞങ്ങൾ അടുക്കുകയും ചെയ്യും!’
തെറ്റുകളിലേക്ക് നാം അതിവേഗം ചായുമ്പോഴും, അരുവിയിലൂടെ ഒഴുകുന്ന ഇലയെ മറ്റൊരില കൊണ്ട് തിരിച്ചുവിടുന്നത്രയും സൗമ്യമായി ഒട്ടുമേ പരിഭവങ്ങളില്ലാതെ ദൈവം എത്രവട്ടമാണ് എന്നേയും നിങ്ങളേയും തിരിച്ചു വിളിച്ചത്. എങ്ങനെ വേണേലും വളഞ്ഞു തിരിഞ്ഞങ്ങനേ പോകാമായിരുന്ന ഈ ജീവനെ ആവർത്തിച്ച് മാടിവിളിച്ചവനേ നന്ദി!
ഓർത്തുനോക്കൂ,എത്ര കുറച്ചുകാര്യങ്ങളാണ് വേണ്ടെന്നു പറഞ്ഞ് ദൈവം വിലക്കിയത്. ചെയ്തു കഴിഞ്ഞാൽ നമുക്കു തന്നെ മനോദു:ഖമുണ്ടാക്കുന്ന അനർത്ഥങ്ങളാണത്. ഉള്ളിലൊരു അപായമണിയും കൊളുത്തി വെച്ചു. ഇടർച്ചകളിലേക്കു പോകുമ്പോൾ വേണ്ടാ വേണ്ടായെന്ന് ഉള്ളിൽ നിന്നൊരാൾ കൊളുത്തി വലിക്കുന്നു.
വലിയൊരു ചുമരിലെ ചെറിയൊരു സ്വിച്ച്ബോർഡു പോലെയാണ് വിലക്കപ്പെട്ട കാര്യങ്ങൾ... വിശാലമായി കിടക്കുന്ന ചുമരിലൂടെ നിങ്ങൾക്ക് എത്രയും നീങ്ങാം. പക്ഷേ, സ്വിച്ച്ബോർഡിലെ ഇത്തിരിപ്പോന്ന സുഷിരങ്ങളിൽ കയ്യിടരുത്. അപകടമാണ്. മറ്റാർക്കുമല്ല, നമുക്കു തന്നേയാണ് അത് ദു:ഖമായിത്തീരുക. അതേ ദൈവം നമ്മോട് പറഞ്ഞിട്ടുള്ളൂ. എന്നിട്ടും എത്ര വട്ടമാണ് അവിടെത്തന്നെ കയ്യിട്ടത്. കള്ളന്മാരെപ്പോലെ പതുങ്ങിക്കേറി വന്ന അതിമോഹങ്ങൾക്ക് എത്രവട്ടമാണ് കസേരയിട്ട് വിരുന്നൂട്ടിയത്! പക്ഷേ, മോഹപ്പുഴയിൽ മുങ്ങിക്കുളിച്ചു വരുമ്പോഴൊക്കെയും തോർത്തിത്തരാനൊരു മുണ്ടുമായി കാത്തുനിന്നവനാണ് ലോകനാഥൻ.
'മുൾക്കാട്ടിലൂടെ കടന്നുപോകുന്നവരാണ് സമർത്ഥർ’എന്നൊരു സെൻ വചനമുണ്ട്. മുള്ളില്ലാത്ത വഴിയിലൂടെ ആർക്കും പോകാം. ഇടക്കിടേ മുള്ളുകൾ പാകിയ വഴിയിലൂടെയാണ് നമ്മുടെ പോക്ക്. ‘കല്ലും ചേറും മുള്ളുമെല്ലാമുള്ള വഴിയിലൂടെ എത്ര സൂക്ഷിച്ച് പോകുമോ അത്രയും സൂക്ഷിച്ച് തന്നെയാണ് ജീവിതത്തിലൂടെയും പോകേണ്ടത്.
നിറയേ വെള്ളത്തിൽ ക്കിടക്കുന്ന മത്സ്യം വിശപ്പു കൊണ്ടല്ല, കൊതിയും കൗതുകവും കൊണ്ടാണ് ചൂണ്ടയിൽക്കുരുങ്ങിയത്; നമ്മളും.