നടൻ ആണെന്ന് കരുതി ഓൺലൈനായി പ്രേമിച്ചു; ഓസ്ട്രേലിയയിൽ ആൾമാറാട്ടം നീണ്ടത് ഒരു വർഷം
ഓസ്ട്രേലിയ ; ഓൺലൈൻ ചതിക്കുഴികളെ കുറിച്ച് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. ഏത് രാജ്യത്തും ഇത്തരത്തിൽ പ്രവർത്തിക്കുന്ന കണ്ണികളുണ്ട്. അതുപോലെ തന്നെ വ്യക്തികളും. പണം തന്നെയാണ് ഇത്തരത്തിലുള്ള ഓൺലൈൻ വഞ്ചകരുടെ പ്രധാന ലക്ഷ്യം. എന്നാൽ പണത്തിന് വേണ്ടി ഇങ്ങനെ വഞ്ചിക്കുമ്പോൾ മറുഭാഗത്ത് ഇരിക്കുന്നവർ സാമ്പത്തികമായി മാത്രമല്ല ചതിക്കപ്പെടുന്നതും- തകരുന്നതും.ഇതിനൊരു ഉദാഹരണമാവുകയാണ് ഒരു പ്രമുഖ നടൻറെ പേരിൽ നടന്നൊരു തട്ടിപ്പ്. 'സ്‌ട്രേഞ്ചർ തിംഗ്സ്' എന്ന നെറ്റ്ഫ്ളിക്സ് സീരീസിനെ കുറിച്ച് മിക്കവരും കേട്ടിരിക്കും. ഇതിലൂടെ പ്രശസ്തനായ ഓസ്ട്രേലിയൻ നടൻ മൊണ്ട്ഗോമെറിയുടെ പേരിലാണ് വമ്പൻ തട്ടിപ്പ് നടന്നത്.
എത്ര പണം പറ്റിച്ചു എന്നതല്ല, ഈ കേസിലെ പ്രധാന വിഷയം. മറുഭാഗത്ത് വഞ്ചിക്കപ്പെട്ട സ്ത്രീക്കുണ്ടായ നഷ്ടങ്ങളാണ് ഇതിൽ ഏവരും എടുത്ത് പറയുന്നത്. ചെറിയ രീതിയിൽ വേഷങ്ങളൊക്കെ ചെയ്യുന്ന നടിയും സംവിധായികയുമായ മെക്-കാലയാണ് ക്രൂരമായി വഞ്ചിക്കപ്പെട്ടത്.ഇവരും ഭർത്താവും തമ്മിൽ അസ്വാരസ്യങ്ങൾ പതിവായിരുന്നുവത്രേ. ഇതിനിടെയാണ് ഒരു സൈറ്റിൽ വച്ച് മെക്-കാല, മൊണ്ട്ഗോമെറി എന്ന പേരിലെത്തിയ തട്ടിപ്പുകാരനെ പരിചയപ്പെടുന്നത്. ഇരുവരും പതിയെ ഓൺലൈനായി സംസാരിച്ചുതുടങ്ങി.
മാസങ്ങളോളം ഇരുവരും സംസാരിച്ചു.
ഇതിനിടെയൊന്നും ഇവർക്ക് ഇയാളെച്ചൊല്ലി
യാതൊരു സംശയവുമുണ്ടായില്ല. നേരത്തെ
ആരാധനയുള്ള നടനായതുകൊണ്ട് തന്നെ
ഇയാളുമായി ഇവർ എളുപ്പത്തിൽ പ്രണയത്തിലുമായി. പ്രശസ്തനായത് കൊണ്ട് തങ്ങളുടെ പ്രണയബന്ധം രഹസ്യമായിരിക്കണമെന്ന് ഇയാൾ
നിർദേശിച്ചപ്രകാരം ഇവർ ഇക്കാര്യം ആരുമായും സംസാരിക്കുകയും ചെയ്തിരുന്നില്ല.
ഇതിനിടെ ഭർത്താവുമായി പിരിയാൻ ഇയാൾ
ഇവരോട് ആവശ്യപ്പെട്ടു. ആർക്കെങ്കിലും
ഒരാൾക്കൊപ്പമേ തുടരാനാകൂ എന്ന ഇവരുടെ നിബന്ധനയിൽ ഭർത്താവിനെ ഉപേക്ഷിക്കാൻ ഇയാൾ നിർദേശിക്കുകയായിരുന്നു. അങ്ങനെ മെക്
കാല വിവാഹമോചിതയുമായി.
ഇതിനിടെ പതിയെ ഇയാൾ ഇവരോട് പണം ആവശ്യപ്പെട്ടുതുടങ്ങി. നേരത്തെ തന്നെ വിലപിടിപ്പുള്ള പല സമ്മാനങ്ങളും ഇവർ ഇയാൾക്ക് അയച്ചുനൽകിയിരുന്നുവത്രേ. ഇതിന് പുറമെയാണ് പണം ആവശ്യപ്പെട്ട് തുടങ്ങിയത്. ഏതാണ്ട് ഒമ്പത് ലക്ഷത്തിനടുത്ത് രൂപ ഇവർ ഇയാൾക്ക് നൽകി. എന്നാൽ മാസങ്ങളായിട്ടും തന്നെയൊന്ന് കാണാൻ ഇയാൾ കൂട്ടാക്കാതിരുന്നതോടെയാണ് ഇവർക്ക് സംശയമുണ്ടാകുന്നത്.
സംസാരിച്ചുതുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ കാണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആ കൂടിക്കാഴ്ച നടന്നില്ല. പിന്നീട് സംശയം ശക്തമായതോടെ ഇവർ പലവട്ടം ഇയാളെ കാണാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ആ ശ്രമങ്ങളെല്ലാം പാളിയതോടെയാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് ഇവർ തിരിച്ചറിയുന്നത്. ഇതോടെ ഇയാളുമായുള്ള എല്ലാ ബന്ധവും ഇവർ ഉപേക്ഷിച്ചു.പിന്നീട് യൂട്യൂബ് വീഡിയോയിലൂടെയാണ് മെക്-കാല തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് തുറന്ന് പങ്കുവയ്ക്കുന്നത്. വീഡിയോയിലൂടെ തൻറെ അനുഭവം വിശദീകരിച്ചുകൊണ്ട് പറഞ്ഞു. ഇതോടെയാണ് സംഭവം വാർത്തകളിലും ഇടം നേടിയിരിക്കുന്നത്.