ജീവിതത്തെ അസംതൃപ്തിയോടെ നോക്കികാണുന്ന ഒരു തലമുറ വളര്‍ന്നു വരികയാണ്. ജോലിയില്ലായ്മയും ദാരിദ്ര്യവുമെല്ലാമായിരുന്നു ഒരു കാലത്തെ പ്രശ്നമെങ്കില്‍ ഇതൊന്നുമില്ലാതിരുന്നിട്ടും ജീവിതത്തില്‍ ശൂന്യത അനുഭവിക്കുന്നവരെയാണ് ഇന്ന് ചുറ്റിലും കാണാനാകുന്നത്. ജീവിതസാഹചര്യങ്ങളോ പാരമ്പര്യമോ ജീവിതവിരക്തിക്ക് കാരണങ്ങളാകാം. ജീവിതത്തിലെ എല്ലാത്തിനോടും മടുപ്പു തോന്നുന്ന ഈ അവസ്ഥയെ മറികടക്കാന്‍ കഴിയാതെ പോകുന്നവരാണ് മരണത്തിന്‍റെ വഴിയേ നടന്നു മറയുന്നത്.
ഒന്നു രണ്ട് ജീവിത കഥകൾ പറയാം; ഒരു സ്വകാര്യസ്ഥാപനത്തിലെ സീനിയര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ് ഗോകുല്‍. സഹപ്രവര്‍ത്തകരോട് നല്ല രീതിയില്‍ ഇടപഴകിയിരുന്നു അയാള്‍. ഓഫീസിലും പുറത്തും സൗഹൃദങ്ങളേറെയുണ്ടായിരുന്നുവെങ്കിലും അവര്‍ക്കൊന്നും ഗോകുലിന്‍റെ കുടുംബത്തെ കുറിച്ചോ വീട്ടിലെ സാഹചര്യങ്ങളെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. അത്തരം കാര്യങ്ങള്‍ പങ്കുവക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നതാണ് സത്യം. ഒരു യാത്ര പോകുകയാണെന്ന് പറഞ്ഞ് അവധിയെടുത്ത അയാളെ പിന്നീട് ആശുപത്രിയില്‍ വച്ചാണ് സഹപ്രവര്‍ത്തകര്‍ കണ്ടത്. മുറിയില്‍ ജീവനൊടുക്കാനുള്ള ശ്രമത്തിനിടയില്‍ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചതിനാല്‍ ഗോകുല്‍ വീണ്ടും ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. ഗോകുലിന്‍റെ ഭാര്യ അവളുടെ ഓഫീസിലെ ഒരു സുഹൃത്തുമായി അടുപ്പത്തിലായിരുന്നു. ഇതെ ചൊല്ലി അവര്‍ തമ്മില്‍ പലതവണ വഴക്കിട്ടു. നല്ലൊരു കുടുംബജീവിതം ആഗ്രഹിച്ച ഗോകുലിനെ ഈ വഴക്കുകള്‍ മാനസികമായി തളര്‍ത്തി. അഞ്ചു വയസ്സുള്ള മകനെ സ്വന്തം വീട്ടില്‍ കൊണ്ടു ചെന്നാക്കിയതിനു ശേഷമാണ് അയാള്‍ ജീവിതത്തോട് യാത്ര പറയാന്‍ തീരുമാനിച്ചത്. വിവാഹമോചനവും സമൂഹത്തിന്‍റെ ചോദ്യങ്ങളും അംഗീകരിക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ഗോകുലിനൊപ്പം തുടര്‍ന്ന് ജീവിക്കാന്‍ ഭാര്യക്ക് താത്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ വേര്‍പിരിഞ്ഞു. മകനുമൊത്ത് സ്വന്തം വീട്ടിലാണ് ഗോകുല്‍ ഇപ്പോള്‍ താമസം. നാട്ടിലെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ ജോലി നോക്കുന്നു. മകനെ നല്ല രീതിയില്‍ വളര്‍ത്തണം എന്നതാണ് അയാളുടെ ഇപ്പോഴത്തെ ലക്ഷ്യം
മറ്റൊരു ജീവിതം വായിക്കാം ; അറുപത് വയസ്സ് പിന്നിട്ടെങ്കിലും പറയത്തക്ക അസുഖങ്ങളൊന്നും ഇല്ലായിരുന്നു അയാള്‍ക്ക്. രണ്ടു മക്കളും വിദേശത്ത് നല്ല നിലയില്‍ ജോലി നോക്കുന്നു. രണ്ടു മക്കള്‍ക്കും നാട്ടില്‍ സ്വന്തമായി വീടുകളുണ്ട്. ഭാര്യയുമൊപ്പം അയാള്‍ തറവാട്ടു വീട്ടിലാണ് താമസം. സാമ്പത്തിക ബാധ്യതകളൊന്നുമില്ല. ചില ദിവസങ്ങളില്‍ അല്പം മദ്യപിക്കുമെന്നതൊഴിച്ചാല്‍ മറ്റു ദുശീലങ്ങളൊന്നുമില്ല. ഒരു ദിവസം അയാളെ കിടപ്പുമുറിയില്‍ വിഷംകുടിച്ച് അവശനിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഭാര്യ അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിന്‍റെ മരണത്തോടെ മാനസികമായി തളര്‍ന്ന ഭാര്യ കൗണ്‍സിലിങ് സെന്‍ററില്‍ എത്തുകയായിരുന്നു. സംസാരിക്കുന്നതിടെ ഭര്‍ത്താവിനെ കുറിച്ച് അവര്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. ജീവിതത്തില്‍ ഇനിയൊന്നും ചെയ്തു തീര്‍ക്കാന്‍ ബാക്കിയില്ലെന്ന് അയാള്‍ ഇടക്കിടെ പറയുമായിരുന്നുവെന്ന് ഭാര്യ ഓര്‍മ്മിച്ചു. അയാള്‍ ജീവിതത്തില്‍ ശൂന്യത അനുഭവിച്ചിരുന്നുവെന്ന് വ്യക്തം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഉറങ്ങുന്ന സമയം വരെ പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളൊന്നുമില്ല. തികച്ചും യാന്ത്രികമായ ഇത്തരം ജീവിതരീതി മടുപ്പുളവാക്കും. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാന്‍ ബാക്കിയുണ്ടെന്ന തോന്നലാണ് ഓരോ മനുഷ്യരേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
കാരണം കണ്ടെത്താം ആദ്യമായി എന്താണ് നിങ്ങളെ അലട്ടുന്ന പ്രശ്നമെന്ന് കണ്ടെത്തണം. നിങ്ങളുടെ ജീവിതത്തില്‍ പൊടുന്നനെയുണ്ടായ ഒരു മാറ്റമാവാം അതിനു കാരണം. പങ്കാളിയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതോ ജോലി നഷ്ടപ്പെട്ടതോ കുടുംബത്തില്‍ ആരെങ്കിലും മരിച്ചതോ മൂലം ജീവിതത്തില്‍ ശൂന്യത അനുഭവപ്പെടാം. ഇതു സ്വാഭാവികമാണ്. എന്നാല്‍ ഈ ശൂന്യത കാലങ്ങളോളം നീണ്ടുനില്‍ക്കുമ്പോഴാണ് ജീവിതത്തില്‍ മടുപ്പും വിരക്തിയും അനുഭപ്പെടുന്നത്. ചുറ്റുമുള്ളവരുമായുള്ള ഇടപഴകല്‍ കുറയുന്നതും ഒറ്റപ്പെട്ട ജീവിതം നയിക്കുന്നതും ജീവിതവിരക്തിയിലേക്കു നയിച്ചേക്കാം. ജോലി സ്ഥലത്തെ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങളും മാനസികപിരിമുറുക്കവുമെല്ലാം ജീവിതവിരക്തിയ്ക്കുള്ള മറ്റു കാരണങ്ങളാണ്. ഹോര്‍മോണ്‍ ലെവലില്‍ ഉണ്ടാകുന്ന വ്യതിയാനവും ഹൈപ്പോതൈറോയിഡിസവും മാനസികപിരിമുറുക്കത്തിനും വിഷാദരോഗത്തിനും വഴിവക്കുന്നു. പാരമ്പര്യവും ഇത്തരം രോഗങ്ങള്‍ക്കും ജീവിതവിരക്തിയ്ക്കും കാരണങ്ങളാണ്. പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെ അലസജീവിതം നയിക്കുന്നതും ജീവിതത്തില്‍ മടുപ്പുളവാക്കും. എന്താണ് നിങ്ങളില്‍ മടുപ്പുളവാക്കുന്നതെന്ന് സ്വയം കണ്ടെത്തണം. പ്രശ്നം തിരിച്ചറിഞ്ഞാല്‍ അത് ഒഴിവാക്കാനുള്ള വഴികളിലേയ്ക്കു കടക്കാം നെഗറ്റീവ് ചിന്തകള്‍ കുറയ്ക്കാം
ഒരു പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അതെ കുറിച്ചുള്ള ചിന്തകള്‍ ഇടക്കിടെ മനസ്സിലേക്കു കടന്നു വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ എപ്പോഴും അതേ പ്രശ്നം ചിന്തിച്ച് വേവലാതിപ്പെടുന്നത് നിരാശയിലേയ്ക്കു നയിക്കും. നിങ്ങളുടെ ചിന്തകളേയും പ്രവര്‍ത്തികളേയും നിയന്ത്രിക്കാന്‍ മറ്റൊരാള്‍ക്ക് കഴിയില്ലെന്ന കാര്യമാണ് ഇവിടെ മനസ്സിലാക്കേണ്ടത്. എപ്പോഴും കാര്യങ്ങളുടെ നെഗറ്റീവ് വശം മാത്രം കാണരുത്. നെഗറ്റീവ് വശം അംഗീകരിച്ചു കൊണ്ടു തന്നെ അത് എങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുകയാണ് വേണ്ടത്. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ വെറുതേ സമയം ചെലവിടുന്നവരുണ്ട്. ഒരു കാര്യത്തിലും പൂര്‍ണ്ണമായി ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കും ഇവര്‍. ഉത്കണ്ഠയും മടുപ്പും പാരമ്യത്തിലെത്തുന്നതിന്‍റെ ലക്ഷണങ്ങളാണ് ഇതെല്ലാം.
● ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നെഗറ്റീവ് കാര്യങ്ങളാണെന്ന ചിന്ത ഒഴിവാക്കുക. മോശപ്പെട്ട കാര്യങ്ങള്‍ ഭാവിയില്‍ സംഭവിക്കും എന്ന പേടി ഒഴിവാക്കുക
● കാര്യങ്ങള്‍ ശരിയായ വിധം തിരിച്ചറിയാതെ പെട്ടെന്നുള്ള കുറ്റപ്പെടുത്തല്‍ ഒഴിവാക്കുക.
● ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യത്തിന്‍റെ മോശം വശങ്ങളെ പെരുപ്പിച്ച് കാണിക്കും വിധമുള്ള സംസാരം ഒഴിവാക്കുക.
● ഓരോ ദിവസത്തേയും നിങ്ങളുടെ വാക്കുകളും ചിന്തകളും അവലോകനം ചെയ്യുക. അടുത്ത ദിവസം കൂടുതല്‍ നന്നായി പെരുമാറാനും ഇടപഴകാനും ശ്രദ്ധിക്കുക.
● നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ കഴിയുന്ന ആളുകളുമായി സൗഹൃദം വളര്‍ത്തിയെടുക്കുക. അവരോട് മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നു സംസാരിക്കാം.
● എപ്പോഴും കുറ്റങ്ങളും കുറവുകളും മാത്രം സംസാരിക്കുന്ന സ്വഭാവക്കാരുണ്ട്. അവരില്‍ നിന്ന് അകലം പാലിക്കാം.
സമൂഹത്തില്‍ നിന്ന് അകലരുത്...
ബാംഗ്ലൂരില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു സാം. വിവാഹത്തിനു മുന്‍പ് സഹപ്രവര്‍ത്തകരോടും കൂട്ടുകാരോടും നല്ല അടുപ്പം പുലര്‍ത്തിയിരുന്നു അയാള്‍. എന്നാല്‍ വിവാഹശേഷം ഭാര്യയുമൊത്ത് വീടെടുത്ത് താമസമായതോടെ സാം പഴയ റൂമിലേയ്ക്ക് വരാതെയായി. ഒരിക്കല്‍ ഒരു സുഹൃത്തിന്‍റെ ബാച്ച്ലര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കള്‍ അവനെ നിര്‍ബന്ധപൂര്‍വം മുറിയില്‍ കൊണ്ടു വന്നു. കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കവേ അവന്‍ കുടുംബജീവിതത്തെ കുറിച്ച് ചിലതെല്ലാം തുറന്നു പറഞ്ഞു. ഭാര്യ തന്നെ എപ്പോഴും കളിയാക്കുന്നുവെന്നും ഒന്നിനും കൊളളാത്തവന്‍ എന്ന് ആക്ഷേപിക്കുന്നുവെന്നും അവന്‍ പറഞ്ഞെങ്കിലും കൂട്ടുകാര്‍ അതത്ര കാര്യമായി എടുത്തില്ല. പിന്നീട് അവധിക്ക് നാട്ടില്‍ പോയ അവനെ മരിച്ച നിലയില്‍ കണ്ടെത്തി എന്നറിഞ്ഞപ്പോള്‍ മാത്രമാണ് സുഹൃത്തുക്കള്‍ക്ക് അവന്‍ അനുഭവിച്ചിരുന്ന മാനസികസംഘര്‍ഷത്തിന്‍റെ ആഴം മനസ്സിലായത്. സാമിന്‍റെ കഥ ഒറ്റപ്പെട്ടതല്ല. വ്യക്തിജീവിതത്തിലെ ചെറിയ പ്രശ്നങ്ങളുടെ പേരില്‍ ജീവിതം മടുക്കുന്നവര്‍ ഒടുവില്‍ ആത്മഹത്യയില്‍ അഭയം തേടുന്ന കഥകള്‍ ദിവസേന പുറത്തു വന്നുകൊണ്ടിരിക്കുന്നു. ജീവിതത്തില്‍ മടുപ്പും ഏകാന്തതയും അനുഭവപ്പെടുമ്പോള്‍ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും അകന്നു പോകുന്നവരുണ്ട്. സ്വയം തീര്‍ക്കുന്ന ഒരു ലോകത്തിലാവും പിന്നീട് അവരുടെ ജീവിതം. വ്യക്തികള്‍ സ്വയം ഉള്‍വലിയാന്‍ തുടങ്ങുമ്പോള്‍ സമൂഹം ക്രമേണ അവരെ മറന്നു തുടങ്ങും. തിരക്കുപിടിച്ച ജീവിതത്തിനിടക്ക് സുഹൃത്തുക്കള്‍ പോലും അവരെ ഫോണ്‍ വിളിക്കാനോ സുഖവിവരങ്ങള്‍ അന്വേഷിക്കാനോ മറന്നു പോയേക്കാം. ഇത് കൂടുതല്‍ അകല്‍ച്ചയിലേയ്ക്കു നയിക്കുന്നു. ഇത്തരത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരില്‍ ആത്മഹത്യാപ്രവണത കൂടുതലാണ്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഘട്ടങ്ങളില്‍ സമൂഹത്തില്‍ നിന്ന് ഒളിച്ചോടേണ്ട ആവശ്യമില്ല.ശുഭപ്രതീക്ഷയോടെ പ്രശ്നങ്ങളെ നേരിടുകയാണ് വേണ്ടത്. ദൃഢമായ ബന്ധങ്ങള്‍ ജീവിതത്തിലെ വിലപ്പെട്ട സമ്പാദ്യമാണ്. കുടുംബത്തിലും ജോലിസ്ഥലത്തും പുറത്തും നല്ല സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കുക. ദിവസവും കാണുന്ന അപരിചിതരോടു പോലും സൗഹാര്‍ദ്ദത്തോടെ പെരുമാറാം. ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ മറ്റുള്ളവര്‍ എന്തുകരുതും എന്ന് പേടിച്ച് സ്വയം ഉള്‍വലിയരുത്.
വേണം ജീവിതലക്ഷ്യം...
● ജീവിതത്തിലെ ഓരോ ദിവസത്തിലും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ചെയ്യാനായി അല്പസമയം കണ്ടെത്തുക. അഞ്ചു മിനിറ്റ് ഇരുന്ന് ഇഷ്ടപ്പെട്ട ഒരു പാട്ട് കേള്‍ക്കുന്നതു പോലും ഉന്മേഷം നല്‍കും.
● ജീവിതം തിരക്കിട്ട് ഓടി തീര്‍ക്കേണ്ട ഒന്നല്ല. എന്തൊക്കെ നേടി എന്നതല്ല, എത്രത്തോളം ആസ്വദിക്കാന്‍ കഴിയുന്നുണ്ടെന്നതാണ് കാര്യം.
● റിട്ടയര്‍മെന്‍റിനു ശേഷം ലഭിക്കുന്ന സമയം കൃത്യമായി വിനിയോഗിക്കുക. ജോലിയുടെ തിരക്കിനിടയില്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ കാര്യങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുത്ത് ചെയ്യാം.
● മടുപ്പും വിരസതയും അനുഭവപ്പെടുമ്പോള്‍ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുക. പുതിയ ജോലിയിലേക്ക് മാറുന്നതോ താമസസ്ഥലം മാറുന്നതോ ഒക്കെ സഹായകരമാവും.
● എന്തെങ്കിലും കാര്യത്തില്‍ മുഴുകിയിരിക്കുന്നത് ജീവിതത്തിലെ അലസതയും മടുപ്പും അകറ്റാന്‍ സഹായിക്കും.
● മറ്റുള്ളവര്‍ക്ക് കഴിയും വിധം സഹായങ്ങള്‍ ചെയ്യുക. താത്പര്യമുണ്ടെങ്കില്‍ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സന്നദ്ധസംഘടനകളില്‍ അംഗത്വമെടുക്കുക. ഇത് മനസ്സിന് സംതൃപ്തി നല്‍കും.