പ്രതീക്ഷകളുടെ ഉറവ വറ്റാതിരിക്കുന്നതിനാൽ ആയിരിക്കാം കാത്തിരിപ്പിന്റെ സുഖം നമുക്ക് അത്യന്തം അനുഭവിക്കാൻ സാധിക്കുന്നത്.മനസ്സിനെ നോവിക്കാൻ എത്തുന്ന ചിന്തകളെ പ്രതീക്ഷകളാൽ മറച്ചാണ് നാം ഓരോരുത്തരും ഓരോ കാത്തിരിപ്പിലും സുഖം കണ്ടെത്തുന്നത്.
കാലവും ആളുകളും സമയവും എല്ലാം കടന്നു പോകും. സന്തോഷവും സങ്കടങ്ങളും ദുരിതങ്ങളും എല്ലാം ഒഴിഞ്ഞു പോകും. സ്നേഹവും കോപവും നമ്മളെ വിട്ടു പോകും.സൗന്ദര്യവും യുവത്വവും
വാർദ്ധക്യത്തിന് വഴിമാറും.
പക്ഷേ നമ്മളെന്നും നമ്മളായി തന്നെ നിൽക്കും.. നിൽക്കണം.
ഓരോ പ്രതീക്ഷകൾ അസ്തമിക്കുമ്പോഴും പുതിയ പ്രതീക്ഷകളുമായി സ്വപ്നം കണ്ട് ജീവിച്ചവരായിരുന്നു ലോകത്തിലെ ഏറ്റവും വിലപ്പെട്ട കാര്യങ്ങൾ ചെയ്തത്.നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നൊന്ന് ഇവിടെ ഇല്ലായിരുന്നെങ്കിൽ ലോകത്തെ എത്രയോ പേരുടെ കണ്ണുനീർ വീണ് ഒരു വലിയ സമുദ്രം തന്നെ ഭൂമിയിൽ ഉണ്ടായേനെ.
ആത്മവിശ്വാസം കൈവിടാതെ കാത്തിരിക്കണം...
ഇന്നല്ലെങ്കിൽ നാളെ ഒരു നല്ല സമയം നമുക്കും വന്നു ചേരും. മതി മറന്ന് സന്തോഷിക്കുമ്പോഴും
മനസ്സുരുകി കരയുമ്പോഴും
ഓർക്കുക.
ഈ സമയവും കടന്നു പോകും .
പ്രതീക്ഷകളില്ലാതെ ജീവിതമില്ല. ഒരു പക്ഷേ ആ പ്രതീക്ഷകൾ നമ്മുടെ സ്വപ്നം മാത്രമായിരിക്കാം
ചിലത് സഫലമാകാം. മറ്റു ചിലത് അസ്തമിച്ചു പോകാം. എങ്കിലും ജീവിതാവസാനംവരെ പ്രതീക്ഷകൾ കൈവിടരുത്. കാലം
അതങ്ങനെയാണ് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നമ്മളെ നയിച്ചു കൊണ്ടേയിരിക്കും. സുഖവും സന്തോഷവും ദുഃഖങ്ങളും ഇടകലർത്തി കൊണ്ട് .. അപ്പോഴും നമ്മൾ ഓർക്കണം.
ഈ സമയവും കടന്നു പോകും.
കാലങ്ങൾ കടന്നുപോകും നാം അറിയാതെ ആരോടെങ്കിലും എന്തെങ്കിലും സംസാരിച്ച് ഉറപ്പിക്കുന്നതിനു മുൻപ് മൂന്ന് കാര്യങ്ങൾ ഓർത്തു വയ്ക്കേണ്ടതുണ്ട് രീതി, സ്ഥലം,സമയം.. ജീവിതത്തിൽ നിങ്ങൾക്ക് ആവശ്യമായ എല്ലാ വിജയങ്ങളും നേടാൻ സമയവും ശക്തിയും യഥാവിധി ഉപയോഗപ്പെടുത്തുക.
✍️: അശോകൻ.സി.ജി.