എത്തിച്ചേരാൻ ആഗ്രഹിച്ച സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന ആവേശത്തിനും ആരവങ്ങൾക്കുമിടയിൽ ചെയ്തു തീർക്കേണ്ട ഉത്തരവാദിത്വങ്ങൾ പലരും മറക്കും.ഇനി ഒന്നും ചെയ്യാനില്ല എന്ന് ഉറപ്പിച്ചുള്ള വിശ്രമം സ്വന്തം കർത്തവ്യങ്ങളിൽ നിന്നുള്ള വിരമിക്കലാണ് .
ഒരുതവണ വിജയിക്കാൻ നൂറു തവണ
പരാജയപ്പെട്ടിട്ടുണ്ടാവും. ഒരു ശരിയിലേക്ക് എത്താൻ ആയിരം തെറ്റുകൾ വരുത്തിയിട്ടുണ്ടാവും . അവസാനത്തെ ശരി കാണാനും അഭിനന്ദിക്കാനും
ഒരുപാടുപേർ ഉണ്ടാകും . എന്നാൽ ഇതിനുവേണ്ടി നമ്മൾ ആരുമറിയാതെ നീന്തിക്കയറിയ സങ്കടക്കടലുകൾ , കേൾക്കേണ്ടിവന്ന
പരിഹാസശരങ്ങൾ ഇവയ്ക്കൊന്നും വിലയിടാൻ ആർക്കും കഴിയില്ല .
ഉള്ളിലെ പ്രചോദനത്തിന്റെ തീവ്രതയാണ് പ്രവൃത്തനത്തിന്റെ തീഷ്ണതയെ നിശ്ചയിക്കുന്നത് . കർത്തവ്യങ്ങൾക്ക് നേരെ മുഖം തിരിച്ചു ഒഴിവുകഴിവ് പറയുന്നവർ ജീവിതത്തെക്കുറിച്ച് ലക്ഷ്യബോധമില്ലാത്തവരാകും.
നിങ്ങളുടെ യാത്ര പാതിവഴിയിൽ അവസാനിപ്പിക്കുന്നുണ്ടെങ്കിൽ
അതിനു കാരണം മുന്നിലെ തടസ്സങ്ങൾ വലുതായത് കൊണ്ടല്ല.. നമ്മുടെ ഉള്ളിൽ ആഗ്രഹങ്ങൾ ചെറുതായതുകൊണ്ടാണ്.
നിങ്ങളുടെ ജീവിതത്തിൻ്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക. നിങ്ങൾ പോകാൻ ആഗ്രഹിക്കുന്നിടത്ത് നിങ്ങളെ എത്തിക്കാൻ നിങ്ങൾക്കു മാത്രമേ കഴിയൂ എന്ന് മനസ്സിലാക്കുക.
കുറുക്കുവഴികൾ ഉപേക്ഷിച്ച് സമയബന്ധിതമായി സ്വന്തം കർമ്മങ്ങൾ ചെയ്തു തീർക്കണം. ഇതിനായി നിങ്ങളുടെ കഴിവുകൾ പരിപൂർണ്ണമായി ഉപയോഗിക്കുക. പരാശ്രയത്തേക്കാൾ സ്വാശ്രയമാണ് പ്രധാനമെന്നും ഇതിൻ്റെ യഥാർത്ഥ ഗുണം നമുക്ക് തന്നെയെന്നും മനസ്സിലാക്കണം.
എൻ്റെ ജീവിതം എൻ്റെ സ്വന്തമാണെന്ന് നിങ്ങൾ തീരുമാനിക്കുന്ന ദിവസമാണ് ജീവിതത്തി ലെ ഏറ്റവും വിലയേറിയ ദിവസം.ക്ഷമ പറച്ചിലുകളൊ ഒഴിവു കഴിവുകളൊ ഇല്ലാതെ സ്വന്തം ജീവിതത്തിൻ്റെ ഉത്തരവാദിത്വം
സ്വയം ഏറ്റെടുക്കുന്ന ആ ദിവസമുണ്ടല്ലോ അന്നാണ് യഥാർത്ഥത്തിൽ നിങ്ങൾ ജീവിക്കാൻ തുടങ്ങുന്നത്.
✍️: അശോകൻ.സി.ജി.