മൊറോക്കോ ഭൂചലനം; ആയിരം കടന്ന് മരണസംഖ്യ, 1200 ലധികം പേര്‍ക്ക് പരിക്ക്
മൊറോക്കോ: മൊറോക്കോയില്‍ വെള്ളിയാഴ്ചയുണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ 1,037 പേര്‍ കൊല്ലപ്പെടുകയും 1,204 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാരാക്കെക്കില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ (43.5 മൈല്‍) തെക്ക് അറ്റ്ലസ് പര്‍വതനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉയര്‍ന്നത്. വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തൗബ്കലിനും പ്രശസ്തമായ മൊറോക്കൻ സ്കീ റിസോര്‍ട്ടായ ഒകൈമെഡനും സമീപമായിരുന്നു ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ലോക നേതാക്കളും മൊറോക്കോയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാരാകേഷിന് 71 കിലോമീറ്റര്‍ (44 മൈല്‍) തെക്ക്-പടിഞ്ഞാറ്, 18.5 കിലോമീറ്റര്‍ ആഴത്തില്‍ ഹൈ അറ്റ്‌ലസ് പര്‍വതനിരയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം 23:11 ന് ആയിരുന്നു ആദ്യത്തെ ഭൂചലനം. 19 മിനിറ്റിനുശേഷം 4.9 തുടര്‍ചലനമുണ്ടായി. മാരാകേഷിലും തെക്ക് ഭാഗത്തുള്ള നിരവധി പ്രദേശങ്ങളിലുമായി മരണപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭൂകമ്ബത്തില്‍ അല്‍-ഹൗസ്, മാരാകേഷ്, ഔര്‍സാസേറ്റ്, അസിലാല്‍, ചിചൗവ, തരൗഡന്റ് എന്നീ പ്രവിശ്യകളിലും മുനിസിപ്പാലിറ്റികളിലും ആളുകള്‍ മരിച്ചതായും 1200-ലധികം പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശക്തമായ തുടര്‍ചലനങ്ങള്‍ ഉണ്ടായാല്‍ വീടുകളിലേക്ക് തിരികെ പോകരുതെന്ന് മൊറോക്കൻ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ പലരും രാത്രി തുറസ്സായ സ്ഥലങ്ങളില്‍ ചെലവഴിച്ചു. മാരാകേഷിലെ ആശുപത്രികളില്‍ പരിക്കേറ്റവരുടെ പ്രവാഹമാണ്. ആവശ്യമായവര്‍ക്ക് രക്തം ദാനം ചെയ്യാൻ അധികൃതര്‍ താമസക്കാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.