നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നല്ലളം ഗ്രേഡ് എസ്.ഐ രഘു കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. ഒരു വീടിന്റെ മുകളിലത്തെ നിലയിൽ ആണ് യുവതിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. വീട്ടിലെ ഇടുങ്ങിയ കുളിമുറിയിൽ ആയിരുന്നു യുവതി കുഞ്ഞിന് ജന്മം നൽകിയത്. അതിനാൽ തന്നെ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തുന്നത് അറിയുന്നവർ അവിടെ ഇല്ലാതിരുന്നതിനാൽ വൈദ്യസഹായം നൽകാതെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇത് മനസിലാക്കിയ എസ്.ഐ രഘു കുമാർ, ഉടൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.
കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് ഷാഹുൽ ഹമീദ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജെയ്ൻ ജോയ് എന്നിവർ സ്ഥലത്തെത്തി. അപ്പോഴേക്കും നല്ലളം പോലീസ് അറിയിച്ചത് അനുസരിച്ച് വനിതാ ഹെൽപ് ലൈനിൽ നിന്നുള്ള രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.
തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജെയ്ൻ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആംബുലൻസിലേക്ക് മാറ്റിയ അമ്മയേയും കുഞ്ഞിനേയും ആംബുലൻസ് പൈലറ്റ് ഷാഹുൽ ഹമീദ് കോഴിക്കോട് ഐ.എം.സി.എച്ചിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു