നിരോധിച്ച വേദന സംഹാരി ഗുളികകള്‍ വാഹനത്തിൽ ; സൗദിയിൽ മലയാളിക്ക് തടവുശിക്ഷ,നാടുകടത്തും
വാഹനത്തിൽനിന്ന് വേദനസംഹാരി ഗുളികകൾ പിടിച്ച കേസിൽ മലയാളിക്ക് ഏഴു മാസം തടവും നാടുകടത്തലും ശിക്ഷ. സൗദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന മലയാളിയെയാണ് ശിക്ഷയ്ക്ക് വിധിച്ചത്. വാഹനപരിശോധനക്കിടെയാണ് ഈ മരുന്നുകൾ റോഡ് സുരക്ഷാ വകുപ്പ് കണ്ടെത്തിയത്.
സൗദിയിൽ വിതരണം ചെയ്യുന്നതിന് ആരോഗ്യമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയ വേദനസംഹാരി ഗുളികകളായിരുന്നു കണ്ടെത്തിയത്. ഈ ഗുളികകൾ ഡോക്ടറുടെ നിർദേശാനുസരണമല്ലാതെ സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടുള്ളതല്ല. മലയാളിക്ക് കൈമാറിക്കിട്ടിയ വാഹനത്തിൽ നിന്നാണ് ഗുളികകൾ പിടിച്ചെടുത്തത്. ഇതിനുമുമ്പ് ഈ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ഡോക്ടറുടെ നിർദേശപ്രകാരം ഗുളികകൾ വാങ്ങി സൂക്ഷിച്ചതായിരുന്നുവെന്നാണ് റിപ്പോർട്ട്.
എന്നാൽ, വാഹനം കൈമാറിക്കിട്ടിയപ്പോൾ ഇക്കാര്യം മലയാളി അറിഞ്ഞിരുന്നില്ല. യാത്രക്കിടയിൽ റോഡിൽ വച്ച് നടന്ന പരിശോധനക്കിടെ ബന്ധപ്പെട്ട സുരക്ഷ വകുപ്പ് വാഹനത്തിനുള്ളിൽനിന്ന് മരുന്നുകൾ കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇയാളെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു.
മുമ്പ് വാഹനം ഓടിച്ചിരുന്നയാൾ സൗദി വിട്ട് പോയതായാണ് വിവരം. സാമൂഹിക പ്രവർത്തകർ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അന്വേഷണത്തിൽ ശിക്ഷ വിധിക്കപ്പെട്ടയാൾ നിരപരാധിയാണെന്ന് മനസ്സിലാക്കിയ ശേഷം പ്രശ്നപരിഹാരത്തിന് ശ്രമം ആരംഭിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ കുടുങ്ങി സാമൂഹിക പ്രവർത്തകരിൽ നിന്ന് സഹായം തേടുന്നത്.