കോഴിക്കോട് മരിച്ച രണ്ടുപേര്‍ക്ക് നിപയെന്ന് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ.
ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം വരാൻ കാത്തിരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിദഗ്ധ കേന്ദ്രസംഘം കേരളത്തിലെത്തുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരിച്ചത്. മരിച്ചതില്‍ ഒരാള്‍ക്ക് 49 വയസ്സും ഒരാള്‍ക്ക് 40 വയസ്സുമാണ്. ഒരാള്‍ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാള്‍ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.