ദയ ., സ്നേഹം ഇവ രണ്ടും ദാഹജലം പോലെയാണ്. അർഹിക്കുന്നവരിൽ അത് നൽകുന്ന തൃപ്തിയും കുളിർമ്മയും ഒന്നിനും തുല്യമാകില്ല. ദയ എന്നത് ഒരു ഭാഷ കൂടിയാണ്۔ അന്ധർക്ക് കാണാനും ബധിരർക്ക് കേൾക്കാനും കഴിയുന്ന ഭാഷ. സ്നേഹവും ദയയും പങ്കിട്ട് ജീവിക്കൂ..
നമ്മൾ മറ്റുള്ളവർക്ക് നല്കുന്നതും അവരിൽ നിന്നും നമുക്ക് ലഭിക്കുന്നതുമായ എല്ലാ സഹായങ്ങളും പണത്തിൻ്റെ ത്രാസ്സിൽ മാത്രം തൂക്കി നോക്കരുത്.
ആവശ്യത്തിലധികമുള്ളവയുടെ
വിതരണം മാത്രമല്ല സഹായം.അത്
നമ്മുടെ കൈയിൽ വന്നുചേർന്നതിൻ്റെ പങ്കുവെയ്ക്കൽ കൂടിയത്രേ. അപരനോട്
കാണിക്കുന്ന ഇഷ്ടവും അനുതാപവും ആത്മാർത്ഥമായ പുഞ്ചിരികൾ പോലും പങ്കുവെയ്ക്കലുകൾ തന്നെ.
നമ്മുടെ തീൻമേശയിൽ നിരത്തിയിരിക്കുന്ന വിഭവങ്ങൾ പോലും അറിയപ്പെടാത്ത ആളുകളുടെ അദ്ധ്വാനമാണെന്ന വസ്തുതയെ നാം തിരിച്ചറിയണം.
നമുക്ക് നല്കാൻ കഴിയുന്ന നന്മ അത് ലഭിക്കാൻ അർഹതയുള്ളവർക്ക് ഒരിക്കലും നിഷേധിക്കരുത്. പലപ്പോഴും പലരും തിരിച്ചറിയാതെ പോകുന്നതും ഇത് തന്നെയാണ്.
കൊടുക്കലും വാങ്ങലും മാത്രമല്ല സൗഹൃദം.. പ്രതിസന്ധികളിൽ പെട്ടുഴലുമ്പോൾ ഒരു വിളി .. ഒരു സാന്ത്വനം മാനസികമായ പിന്തുണ.. കരുതലായി കൂടെ ഞങ്ങൾ ഉണ്ടാകും എന്നുള്ള ഉറപ്പ്...
അതായിരിക്കണം
യഥാർത്ഥ സൗഹൃദം.
✍️: അശോകൻ.സി.ജി