ഉയർച്ച എന്നത് ആകാശം കൈകൊണ്ട് തൊടുക എന്നുള്ളതല്ല ..മറിച്ച് ആകാശത്തെത്തുമ്പോഴും കാലുകൾ ഭൂമിയിൽ ആണെന്ന് മറക്കാതിരിക്കലാണ്.
ഉയർച്ച പ്രാപിക്കേണ്ടത് ഒരിക്കലും ഉയർന്നവനെ കുറ്റം പറഞ്ഞിട്ടാവരുത് .. സ്വയം ഉയർന്നു വന്നിട്ടാകണം.
നിങ്ങളുടെ ജീവിതം
ആരെയും ചാരിനിന്നാകരുത്.
അനവസരത്തിൽ അവർ
മാറുമ്പോഴുള്ള വീഴ്ച്ച
താങ്ങാൻ കഴിഞ്ഞെന്നു വരില്ല .
നിങ്ങൾ ശരിയായ പാതയിലൂടെ മുന്നോട്ടു പോവുകയാണെങ്കിൽ നിങ്ങൾക്ക് അർഹമായതെല്ലാം ജീവിതം നൽകിയിരിക്കും .
വീഴ്ചപറ്റിയവരെ കാണുമ്പോൾ അവർ നമ്മുടെ ആരുമല്ലല്ലോ എന്ന് സ്വാർത്ഥമായി ചിന്തിക്കരുത് . മറിച്ച് നമ്മളായിരുന്നു
അത് .,നമുക്ക് വേണ്ടപ്പെട്ടവരായിരുന്നു അവർ എന്ന് ചിന്തിക്കാൻ ഒരു മനസ്സ് നമുക്കുണ്ടെങ്കിൽ
ഈ സമൂഹം തന്നെ മാറും.
അപ്പോൾ നമ്മൾ ഒരു യഥാർത്ഥ മനുഷ്യനായി തുടങ്ങിയെന്ന് ഉറപ്പിക്കാം .
നിങ്ങളുടെ ചെറിയ ചെറിയ കുറവുകളിൽ , തോൽവികളിൽ നിങ്ങളെ പരിഹസിക്കുന്നവരെ , വേദനിപ്പിക്കുന്നവരെ
ഒരു ഉരക്കടലാസിനോട് ഉപമിക്കാം .
അവ നിങ്ങളിൽ ഉരസിയുരസി പോറലേൽപ്പിച്ചേക്കാം . എങ്കിലും അവസാനം നിങ്ങൾ തിളങ്ങുകയും
ആ ഉരക്കടലാസ് ഉപയോഗശൂന്യമാവുകയും ചെയ്യും .
ജീവിതത്തിൽ
എപ്പോഴെങ്കിലും തോൽവി സംഭവിക്കുമ്പോൾ നീങ്ങേണ്ടത് നിരാശയിലേക്കല്ല..സ്വയം വിലയിരുത്തുന്നതിലേക്കാണ്.ജയിക്കാൻ ആവശ്യമായ പ്രയത്നം തന്റെ ഭാഗത്തു നിന്നുണ്ടായിരുന്നുവൊ എന്ന് മനസാക്ഷിയോട് ചോദിക്കുക .കൃത്യമായി ഉത്തരം അവിടെ കാണും.
ഉണ്ടായിരുന്നു എന്നാണ് ഉത്തരമെങ്കിൽ ഉറച്ചു വിശ്വസിക്കുക ഇതിനേക്കാൾ മികച്ച ഒരു അവസരം നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് .. യാത്രതുടരുക തികഞ്ഞ ആത്മവിശ്വാസത്തോടെ .
ഇനി ഇല്ലായിരുന്നു എന്നാണ് ഉത്തരമെങ്കിൽ .., അത് സ്വയം തിരിച്ചറിഞ്ഞെങ്കിൽ വീഴ്ചകളെ പരിഹരിച്ചുകൊണ്ട് ശക്തമായി തന്നെ മുന്നോട്ടു നീങ്ങുക.
✍️ :അശോകൻ സി . ജി .