പേഴ്സണൽ ലോൺ : ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു.
സംസ്ഥാനത്ത് ഓൺലൈൻ ലോൺ തട്ടിപ്പുകൾ പെരുകുന്നുവെന്ന് സൈബർ സെൽ. ഈ വർഷം ഇതുവരെ 1440 പരാതികളാണ് ലഭിച്ചത്. തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബർ സെൽ വ്യക്തമാക്കുന്നു. കൊച്ചിയിലെ കൂട്ട ആത്മഹത്യക്ക് കാരണം ലോൺ കെണിയാണെന്ന പരാതിക്ക് പിന്നാലെയാണ് ആശങ്കപ്പെടുത്തുന്ന കണക്കുകൾ പുറത്തുവരുന്നത്.
കേരളത്തിൽ ഈ വർഷം ഇതുവരെ പൊലീസിന് ലഭിച്ചത് 14897 ഓൺലൈൻ തട്ടിപ്പ് പരാതികൾ. ഇതിൽ പത്ത് ശതമാനവും ലോൺ ആപ്പുകളെ സംബന്ധിച്ചുള്ളതാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്റനെറ്റിൽ ലോൺ എന്ന് തിരഞ്ഞാൽ ആപ്പുകളുടെ പരസ്യമെത്തും. ഫോണിലെ ലൊക്കേഷനും, കോണ്ടാക്റ്റും, ഫോട്ടോസും പങ്കിടാൻ അനുവാദം നൽകുന്നതോടെ സെക്കന്റുകൾക്കുള്ളിൽ ലോൺ റെഡി. തിരിച്ചടവ് മുടങ്ങിയാലും, ചിലപ്പോൾ തിരിച്ചടവ് പൂർത്തിയാക്കിയാൽ പോലും പണം ആവശ്യപ്പെട്ട് ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തും. പണം നൽകിയില്ലെങ്കിൽ അശ്ലീലചിത്രങ്ങളിൽ മുഖം മോർഫ് ചെയ്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കും. ഈ ചതിയിൽ പെടുന്നവരിൽ അധികവും സ്ത്രീകളാണ്. അതേസമയം സഹകരണ ബാങ്കുകളും, തൊഴിലാളി സംഘങ്ങളും സജീവമായതിനാൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഓൺലൈൻ ലോൺ തട്ടിപ്പ് വളരെ കുറവാണെന്നും സൈബർ പൊലീസ് അറിയിക്കുന്നു. 25 പരാതികളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. എന്നാൽ അന്വേഷണം പലപ്പോഴും സാങ്കേതിക പരിമിതികളിൽ തട്ടി പൂർത്തിയാക്കാനാവില്ല.
അത്യാവശ്യത്തിന് പണമൊപ്പിക്കാൻ എടുക്കുന്ന ഓൺലൈൻ ലോണുകൾ ജീവൻ തന്നെ കവർന്നെടുക്കുന്നതാണ് നിലവിലെ കാഴ്ച. ഇത്തരം ഇടപാടുകളിൽ അതീവ ശ്രദ്ധ വേണം. ഒപ്പം നിയമനടപടികൾ ശക്തമാക്കുക കൂടിയാണ് തട്ടിപ്പുകൾ നിയന്ത്രിക്കാനുള്ള പോംവഴി.
പേഴ്സണൽ ലോണിൻെറ പേരിൽ സൈബർ തട്ടിപ്പുകാർ പണം തട്ടിയെടുക്കുന്നതായി പരാതി. വൻകിട സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ പേഴ്സണൽ ലോൺ പാസ്സായിട്ടുണ്ട് എന്ന വാഗ്ദാനത്തിലാണ് തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്നത്. ലോൺ പാസ്സാക്കുന്നതിൻെറ സർവ്വീസ് ചാർജ്ജ്, ഇൻഷുറൻസ്, ടാക്സ് ഡെപ്പോസിറ്റ് തുടങ്ങി വിവിധ പേരുകൾ പറഞ്ഞ് പല തവണകളായി പണം വാങ്ങുന്ന രീതിയാണ് തട്ടിപ്പുകാരുടേത്.
സൂക്ഷിക്കുക:
സർക്കാർ / സ്വകാര്യ ഫൈനാൻസ് സ്ഥാപനങ്ങളുടെ പേരിൽ നിങ്ങൾക്ക് ലഭിക്കുന്ന വാട്സ്ആപ്പ്, ടെലിഗ്രാം, ഇ-മെയിൽ സന്ദേശങ്ങളോട് സൂക്ഷ്മതയോടെ പ്രതികരിക്കുക.
നിങ്ങളുടെ ഇടപാടുകൾ യഥാർത്ഥ സ്ഥാപനങ്ങളുടെ വെബ്സൈറ്റ്, ഇ-മെയിൽ വിലാസങ്ങൾ എന്നിവയിലൂടെയാണെന്ന് ഉറപ്പുവരുത്തുക.
അതിവേഗം ലോൺ എന്ന തട്ടിപ്പുകാരുടെ വാഗ്ദാനത്തിൽ വിശ്വസിക്കരുത്.
നിങ്ങളുടെ സെൽഫി ഫോട്ടോ, ആധാർ കാർഡ്, ഐഡന്റിറ്റി കാർഡുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ അപരിചിതർക്ക് അയച്ചു നൽകരുത്. അവ ദുരുപയോഗം ചെയ്തേക്കാം.
ന്യായമായ ഈടുകൾ നൽകാതെ ഒരു സാമ്പത്തിക സ്ഥാപനവും പൊതുജനങ്ങൾക്ക് ലോൺ നൽകുന്നില്ല എന്നകാര്യം അറിഞ്ഞിരിക്കുക.
ലോൺ തുക ഇങ്ങോട്ടു ലഭിക്കുന്നതിനുമുമ്പ് പലവിധ കാരണങ്ങൾ പറഞ്ഞ് ചെറിയ തുകകൾ അങ്ങോട്ട് വാങ്ങുന്നത് തട്ടിപ്പുകാരുടെ പ്രവർത്തനമാണ് എന്ന് മനസ്സിലാക്കുക.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക.