അപൂർവശസ്ത്രക്രിയയിലൂടെ നവജാതശിശുവിന്റെ ആമാശയത്തിലെ സുഷിരമടച്ച് ഡോക്ടർമാർ.
ആലുവ: അപൂർവശസ്ത്രക്രിയയിലൂടെ നവജാതശിശുവിന്റെ ആമാശയത്തിലെ സുഷിരമടച്ച് രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ. പിറവം സ്വദേശികളായ ആഷിഷ്–-ജോബി ദമ്പതികളുടെ കുഞ്ഞ് ജനിച്ചപ്പോൾതന്നെ വയർ വീർത്തനിലയിലായിരുന്നു. 31 ആഴ്ചമാത്രം വളർച്ച ഉണ്ടായിരുന്നിട്ടും കുട്ടിക്ക് 2.8 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
പരിശോധനയിൽ വയറിനകത്ത് നിറഞ്ഞ ദ്രാവകത്തിന്റെ സാന്നിധ്യമാണ് ഭാരംകൂടാൻ കാരണമെന്ന് കണ്ടെത്തി. ഇതുമൂലം ശ്വാസകോശം സാധാരണരീതിയിൽ വികസിക്കാത്തതിനാൽ കുഞ്ഞിന് ശ്വാസം എടുക്കാനും ബുദ്ധിമുട്ടിലായി. ശരീരത്തിൽ നിറഞ്ഞ ദ്രാവകം ശിശുരോഗവിദഗ്ധൻ ഡോ. അബ്ദുൾ തവാബിന്റെ നേതൃത്വത്തിൽ നീക്കി. തുടർന്ന് നവജാതശിശുവിഭാഗം മേധാവി ഡോ. ഷാനു ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ വയറിനകത്തെ വാതക സാന്നിധ്യം മനസ്സിലാക്കി. ആമാശയത്തിൽ രൂപപ്പെട്ട നാല് സെന്റീമീറ്റർ വലിപ്പമുള്ള സുഷിരമാണ് വാതകം നിറയാൻ കാരണമെന്ന് കണ്ടെത്തി.
ശസ്ത്രക്രിയയിലൂടെ ആമാശയത്തിലെ സുഷിരം അടയ്ക്കുകയായിരുന്നു പ്രതിവിധി. ഡോ. സച്ചിൻ ജോർജ്, ഡോ. രാധികനായർ എന്നിവരുടെ അനസ്തേഷ്യ ടീം ദിവസങ്ങൾമാത്രം പ്രായമായ കുട്ടിക്ക് അനസ്തേഷ്യ നൽകി ശസ്ത്രക്രിയക്ക് സജ്ജമാക്കി. അതീവസുരക്ഷിതമായി പീഡിയാട്രിക് സർജൻ ഡോ. വിനീത് ബിനു ഉൾപ്പെട്ട സംഘം കുഞ്ഞിന്റെ ആമാശയത്തിലെ സുഷിരമടച്ചു. ഭക്ഷണം നൽകാനായി ചെറുകുടലിലേക്കും വാതകത്തെ നീക്കാൻ ആമാശയത്തിലും പ്രത്യേക ട്യൂബുകൾ ഇട്ടു. ജീവൻ നഷ്ടമാകുമായിരുന്ന അവസ്ഥയിൽനിന്ന് 40 ദിവസത്തെ വിദഗ്ധ ചികിത്സയ്ക്കുശേഷം കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞ സന്തോഷത്തിലാണ് രാജഗിരി ആശുപത്രി അധികൃതരും കുഞ്ഞിന്റെ അച്ഛനും അമ്മയും.