കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി (14.09.2023 &15.09.2023)
നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) നാളെയും മറ്റന്നാളും (14.09.2023 &15.09.2023 തീയ്യതികളിൽ) അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകന്
കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ. 24കാരനായ ആരോഗ്യപ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം നിപ സ്ഥിരീകരിച്ച് മരണപ്പെട്ടയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ആരോഗ്യപ്രവര്‍ത്തകന്‍. മരിച്ച വ്യക്തി ചികിത്സയിലുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ജോലി ചെയ്യുന്നത്.
മൂന്ന് പേര്‍ക്കാണ് ഇതുവരെ നിപ സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ അഞ്ച് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു ഇതിലൊരു സാമ്പിള്‍ ഫലമാണ് പോസിറ്റീവായത്.
കോഴിക്കോട് ആൾക്കൂട്ട നിയന്ത്രണം; 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണം
നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തി. 24-ാം തീയതി വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആൾക്കൂട്ട നിയന്ത്രണം നടപ്പിലാക്കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു. മൂന്നു സാമ്പിളുകളാണ് ഇന്നലെ അറിയിച്ചതുപോലെ പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്. 30ന് മരിച്ചയാളുടെ 9 വയസ്സുള്ള കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്. കുട്ടിക്കു വേണ്ടി മോണോക്ലോണൽ ആന്റബോഡി ഇന്നെത്തും.
സമ്പർക്ക പട്ടികയും കോണ്ടാക്ട് ലിസ്റ്റും തയ്യാറായി വരുന്നു. റൂട്ട് മാപ്പുകൾ പ്രസിദ്ധീകരിച്ചു. ഇതുവരെ 706 രപേരാണ് കോണ്ടാക്ട് ലിസ്റ്റിലുള്ളത്. 77 പേർ ഹൈറിസ്‌ക് കോണ്ടാക്ട് ലിസ്റ്റിലാണ്. ഇതിൽ 153 ആരോഗ്യപ്രവർത്തകരുണ്ട്. ഹൈറിസ്‌ക് കോണ്ടാക്ട് ആളുകളെ വീടുകളിൽ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.
കണ്ടെയിൻമെന്റ് സോണുകളിൽ വാർഡ് തിരിച്ച് സന്നദ്ധ പ്രവർത്തകരുടെ ടീം സജ്ജീകരിക്കും. വോളണ്ടിയർമാർക്ക് ബാഡ്ജ് നൽകും. ഐസൊലേഷനിൽ കഴിയുന്നവരെ വൊളണ്ടിയർമാർ സഹായിക്കും. ഐസൊലേഷന് കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കും. ലക്ഷണങ്ങൾ ഉള്ളവർ മാത്രം മെഡിക്കൽ കോളജിലേക്ക് പോയാൽ മതിയാകുമെന്നും മന്ത്രി അറിയിച്ചു.