പങ്കാളിയിൽ മറ്റു ബന്ധങ്ങൾ ഉണ്ടാകാതിരിക്കാൻ ഭർത്താക്കന്മാർ ശ്രദ്ധിച്ചിരിക്കേണ്ടതെന്തെല്ലാം?
ദാമ്പത്യ ബന്ധത്തിൽ ജീവിത പങ്കാളിക്ക് എല്ലാ സുഖ സൗകര്യങ്ങൾ ഒരുക്കി നൽകിയാലും ഭർത്താവിൽ നിന്ന്
പ്രത്യേകമായ ഒരു പരിഗണന എല്ലാ ഭാര്യമാരും പ്രതീക്ഷിക്കും. ആ പരിഗണന കിട്ടുന്നില്ലായെങ്കിൽ ആ ഭർത്താവിനോട് വലിയ താല്പര്യം കാണിക്കാൻ മനസ്സുണ്ടായെന്നുവരില്ല.
സ്വർണമോ, വസ്തുവോ, വീടോ, കാറോ മറ്റെന്നു സമ്പാദിച്ചു നൽകിയാലും അതിൽ വലിയ കമ്പം അവർക്കുണ്ടായെന്നുവരില്ല. അവർക്ക് സന്തോഷം നൽകുന്നത് നിസാരങ്ങളായ കാര്യങ്ങളാകാം. ജന്മദിനം, വിവാഹവാർഷികം എന്നി സന്ദർഭങ്ങളിൽ നിങ്ങൾ സമ്മാനങ്ങൾ വാങ്ങി നൽകിയേക്കാം. അതു പോരാ, ചെറിയ സമ്മാനങ്ങൾ ഇടക്കിടെ നൽകണം. വലിയ വിലയുളള തൊന്നും വേണമെന്നില്ല. യാത്ര കഴിഞ്ഞു വരുമ്പോൾ നിസ്സാരമായ എന്തെങ്കിലും വാങ്ങി കൊണ്ടു വന്നാലും മതി.
തലമുടിയിൽ കുത്തുന്ന ക്ലിപ്പായാലും അവർക്കു സന്തോഷമാകും. അങ്ങു ദൂരെയെങ്കിലും എന്നെ ഓർത്തല്ലോ?. അതാണു വേണ്ടത്.
തന്നെ കേൾക്കാൻ താല്പര്യം കാണിക്കുന്ന വരോടു ആരും അടുത്തു പോകും. പെൺകുട്ടികളുടെ കാര്യങ്ങൾ കേൾക്കുകയും കുറ്റം പറയാതെ സംസാരിക്കുകയും ചെയ്യുന്ന വരോടു അടുപ്പം വച്ചു പോകുന്നതിന്റെ പിന്നാലെ രഹസ്യവും ഇതാണ്. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് ചെടി ചാഞ്ഞു വളരുന്ന പോലെ, പരിഗണന കിട്ടുന്ന സ്ഥലത്തേക്ക് മനസ്സും ശരീരവും ചാഞ്ഞു പോകുകയാണ്. ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതെ ഇരിക്കണമെങ്കിൽ ഭർത്താക്കന്മാർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരിക്കണം.
അവരിൽ ശ്രദ്ധയുണ്ടാകണം, കരുതൽ ഉണ്ടാകണം, അവരോടൊപ്പം കുറച്ചു സമയം ചിലവിടണം, വെറുതെ സീരിയസായി സംസാരിക്കുകയല്ല വേണ്ടത്. അവരുടെ വ്യക്തിപരമായ കാര്യങ്ങൾക്കു പരിഗണന നൽകുകയും അവരുടെ ചെയ്തികളെ പ്പ്രോത്സാഹിപ്പിച്ചും തമാശകൾ പറഞും സംസാരിക്കണം. അവർക്കായി അല്പ സമയവും മനസ്സു നൽകണം. അങ്ങനെ ഇടപെടുമ്പോൾ അവരറിയാതെ ഒരിഷ്ടം തോന്നി പോകും. സംസാരത്തിനിടയിൽ അവരുടെ ഗുണങ്ങളും എടുത്തു പറയാം. അതു സൗന്ദര്യമാകാം പാചക രീതിയാകാം. എന്തുമാകാം പോസിറ്റീവായി പറയണമെന്നു മാത്രം.
ഇന്നു പലരുടെയും ഇടപെടലുകൾ എങ്ങനെയാണ്. . എല്ലാ ഭാഷയും അറിയാം, സംസാരിക്കാൻ മാത്രം അറിയില്ല എന്നു പറഞ്ഞതു പോലെ സ്നേഹം മനസ്സിലുണ്ട് പ്രകടിപ്പിക്കില്ല. സ്നേഹം പ്രകടിപ്പിക്കുക തന്നെ വേണം അതിൽ പിശുക്കുണ്ടാകരുത്. ഭക്ഷണം തയാറാക്കിയതും മീൻ കറിവച്ചതുമെല്ലാം നന്നായി എന്നു വല്ലപ്പോഴും എടുത്തു പറഞ്ഞാൽ മതി. ഇടയ്ക്കിടെ സമയം കിട്ടുമ്പോൾ അടുക്കളയിൽ അല്പം സഹായവും ചെയ്തു കൊടുക്കുക. യാത്രകൾ ഇഷ്ടപ്പെടുന്നവരാണെങ്കിൽ വല്ലപ്പോഴും ചെറിയ ടൂർ അല്ലെങ്കിൽ ബന്ധു വീടു സന്ദർശനമെങ്കിലും വേണം.
അവരുടെ കഴിവുകൾ തിരിച്ചറിയാനും അതു പ്രകടിപ്പിക്കാനും സഹായകരമായ സമീപനം സ്വീകരിക്കണം.
പാട്ടു പാടുമെങ്കിൽ സ്വകാര്യമായി പാട്ടു പാടാനും പ്രോത്സാഹിപ്പിക്കണം. തന്നെ മനസ്സിലാക്കുന്ന, തന്നെ പ്രോത്സാഹിപ്പിക്കുന്ന, ഭർത്താവിനെ ഉപേക്ഷിച്ച് മറ്റുള്ളവരോട് ചങ്ങാത്തം വയ്ക്കാൻ ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല. ഈ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ വച്ച് ഇടപെടു!. നിങ്ങളുടെ ദാമ്പത്യം സന്തോഷകരമാകും!.
KHAN KARICODE
CON : PSYCHOLOGIST